|    Mar 30 Thu, 2017 8:21 am
FLASH NEWS

മുന്നണിമാറ്റത്തെ തള്ളിപ്പറഞ്ഞ് ചന്ദ്രചൂഡന്‍; തീരുമാനം കൂട്ടായി എടുത്തതെന്ന് അസീസ്

Published : 4th July 2016 | Posted By: SMR

തിരുവനന്തപുരം: മുന്നണിമാറ്റത്തെ ചൊല്ലി യുഡിഎഫ് ഘടകകക്ഷിയായ ആര്‍എസ്പി നേതാക്കള്‍ക്കിടയില്‍ വീണ്ടും തര്‍ക്കം. മുന്നണിമാറ്റത്തെ വിമര്‍ശിച്ചും എല്‍ഡിഎഫ് ഭരണത്തെ പുകഴ്ത്തിയും ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ രംഗത്ത്. എന്നാല്‍, അതേവേദിയില്‍ ചന്ദ്രചൂഡനെ സംസ്ഥാന സെക്രട്ടറി എ എ അസീസ് തിരുത്തി.
എല്‍ഡിഎഫില്‍നിന്നു തിടുക്കപ്പെട്ട് യുഡിഎഫിലേക്ക് മാറരുതായിരുന്നുവെന്നും എല്‍ഡിഎഫിന്റെ ഇതുവരെയുള്ള ഭരണം സാമാന്യം ഭേദപ്പെട്ടതാണെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു. ആര്‍എസ്പി തിരുവനന്തപുരം ജില്ലാ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്പിക്ക് തിരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. എല്‍ഡിഎഫ് വിട്ട ആര്‍എസ്പിയുടെ മുന്നണിമാറ്റത്തെ തടയാനാവാത്തതില്‍ ദുഃഖമുണ്ട്. ഇത്ര തിടുക്കത്തില്‍ വിട്ടുപോരേണ്ടിയിരുന്നില്ല. തെറ്റുകള്‍ തിരുത്തേണ്ടതാണ്. ഈ മുന്നണിയില്‍ എത്രനാള്‍ തുടരുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. എന്നാല്‍, അത്ര എളുപ്പത്തില്‍ യുഡിഎഫ് വിട്ടുപോവില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ പക്വമായാണ് പിണറായി വിജയന്റെ പെരുമാറ്റമെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ്സിനെയും കെപിസിസി പ്രസിഡന്റിനെയും കുറ്റപ്പെടുത്താനും അദ്ദേഹം മറന്നില്ല. കോണ്‍ഗ്രസ്സിനകത്ത് പ്രതിപക്ഷനേതാവിനെപ്പോലെയാണ് സുധീരന്റെ ഇടപെടലുകള്‍. ആദര്‍ശശുദ്ധി നല്ലതാണ്. പക്ഷേ, ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ആദര്‍ശശുദ്ധിയെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.
എന്നാല്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ വാക്കുകളെ അതേ വേദിയില്‍ തന്നെ സംസ്ഥാന സെക്രട്ടറി എ എ അസീസ് തിരുത്തി. തെറ്റായ രാഷ്ട്രീയ സമീപനമാണ് സ്വീകരിച്ചതെന്ന് അങ്ങനെ വിളിച്ചുകൂവി പറയാനൊന്നും കഴിയില്ല. എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോവാനുള്ള തീരുമാനം പാര്‍ട്ടി കൂട്ടായി എടുത്തതാണെന്നും അസീസ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍നിന്നു പാഠംപഠിച്ചില്ല. കൂടാതെ സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാനും യുഡിഎഫിനു കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണം തിരിച്ചടിയായി. ഊര്‍ജസ്വലരായ നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കുണ്ടായിരുന്നു. ഇപ്പോള്‍ പ്രാദേശികതലത്തില്‍ ആര്‍എസ്പി നിര്‍ജീവമാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം വിലക്കയറ്റം വര്‍ധിച്ചതും കശുവണ്ടി ഫാക്ടറികള്‍ തുറന്നിട്ടില്ലെന്നതും അസീസ് എടുത്തുപറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day