|    Oct 23 Tue, 2018 7:11 pm
FLASH NEWS
Home   >  Editpage  >  Article  >  

മുന്നണികള്‍ക്ക് കയ്‌പേറിയ തുടക്കം

Published : 14th January 2018 | Posted By: kasim kzm

രാഷ്ട്രീയ കേരളം  –  എച്ച് സുധീര്‍
പുതുവര്‍ഷദിനങ്ങള്‍ സന്തോഷത്തിന്റെയും പുത്തന്‍ പ്രതീക്ഷകളുടെയും ഇടയിലൂടെയാണ് പൊതുവേ കടന്നുപോകാറുള്ളത്. ഭാവിയില്‍ സമൂഹത്തിനു ഗുണകരമാവാനുള്ള പരിശ്രമങ്ങളും ഈ സമയത്ത് തുടങ്ങിവയ്ക്കാറുണ്ട്. എന്നാല്‍, ഈ പുതുവര്‍ഷം അത്ര ശുഭകരമായിട്ടില്ല കേരള രാഷ്ട്രീയത്തിന്. മുന്‍വര്‍ഷത്തിലെന്നപോലെ കണ്ടകശ്ശനി വിടാതെ പിന്തുടരുന്നു. സംസ്ഥാന സര്‍ക്കാരിനും പ്രതിപക്ഷത്തിനുമെല്ലാം കയ്പുള്ള ദിനങ്ങളാണ് പുതുവര്‍ഷം തുടക്കത്തിലേ സമ്മാനിച്ചത്. തീരുമാനങ്ങളെല്ലാം ബൂമറാങ് പോലെ തിരിച്ചടിക്കുന്ന അവസ്ഥ.
സംസ്ഥാനത്തുടനീളം സിപിഎം, സിപിഐ ജില്ലാ സമ്മേളനങ്ങള്‍ പൊടിപൊടിക്കുകയാണ്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ മന്ത്രിമാരെ കിട്ടാനില്ല. എല്ലാവരും സമ്മേളനത്തിരക്കിലാണ്. എന്തിനേറെ, ബുധനാഴ്ചകളില്‍ നടക്കേണ്ട മന്ത്രിസഭാ യോഗം പോലും തോന്നിയ സമയത്താണ് നടക്കുന്നത്. അതും സമയമുണ്ടെങ്കില്‍ മാത്രം. ഒരു സമ്മേളന നഗരിയില്‍ നിന്ന് അടുത്തതിലേക്കുള്ള യാത്രയില്‍ മുഖ്യമന്ത്രിക്ക് നിന്നുതിരിയാന്‍ പോലും സമയമില്ല. ഈ തിരക്കിട്ട യാത്രയ്ക്കിടെ തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ നിന്നാണ് ആദ്യ വിവാദമുയര്‍ന്നത്. സമയമില്ലാത്തതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നു മുഖ്യമന്ത്രി പിന്മാറി. ഇതോടെ കലാസ്വാദകര്‍ കലാവിരോധികളെന്ന് സര്‍ക്കാരിനു പേരുമിട്ടു.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വളരെ സീരിയസായി രാഷ്ട്രീയ പ്രവര്‍ത്തനത്തെ കാണുന്നവര്‍ സിപിഎമ്മുകാരാണ്. പാര്‍ട്ടി പ്രവര്‍ത്തനം കഴിഞ്ഞേ അവര്‍ക്കു മറ്റെന്തുമുള്ളൂ. കലോല്‍സവമാണോ പാര്‍ട്ടി പ്രവര്‍ത്തനമാണോ വലുത് എന്നു ചോദിച്ചാല്‍ പാര്‍ട്ടി എന്നാവും മറുപടി. അതുകൊണ്ടാവും മുഖ്യമന്ത്രി ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്‌ക്കെത്താതെ കൊല്ലം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തത്. പിബി അംഗങ്ങളായ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി കോടിയേരിയും ജില്ലാ സമ്മേളനങ്ങളില്‍ ആദ്യാവസാനം പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. അതിനിടെ കലയും നൃത്തവുമൊക്കെ ആസ്വദിക്കാനും ഉദ്ഘാടനം ചെയ്യാനും എവിടെ സമയം?
ഇതോടൊപ്പം ഓഖി ദുരന്തത്തിന്റെ ആക്ഷേപങ്ങളില്‍ നിന്നു സര്‍ക്കാരിന് ഇനിയും കരകയറാനായിട്ടില്ല. ദുരന്തനിവാരണ ഫണ്ടില്‍ നിന്നു കൈയിട്ടുവാരിയവരെന്ന പഴി വരെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും കേള്‍ക്കേണ്ടിവന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും നാടുനീളെ പറഞ്ഞുനടക്കുമ്പോഴാണ് ഇത്തരം പേരുദോഷങ്ങള്‍ കൂടി തലയില്‍ ചാര്‍ത്തപ്പെടുന്നത്. കൂടാതെ, കോടികള്‍ ചെലവഴിച്ച് ലോക കേരള സഭ നടത്തിയതിലെ വിവാദങ്ങള്‍ വേറെയും.
ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ പോലും ഖജനാവില്‍ കാശില്ല. കഴിഞ്ഞ ആറു മാസമായി കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയിരിക്കുന്നു. പെന്‍ഷന്‍ ലഭിക്കാതെ ജീവിതം വഴിമുട്ടി ഇന്നലെയും ഒരു ആത്മഹത്യ നടന്നു. പലയിടത്തും ശമ്പളവും മുടങ്ങി. ഈ സമയത്താണ് ഓഖി ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് എട്ടു ലക്ഷം രൂപ മുടക്കി മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയെന്നതു ശ്രദ്ധേയമാണ്. ധനവിനിയോഗത്തില്‍ മിതത്വം പാലിക്കേണ്ട സമയത്താണ് ഇത്രയുമധികം തുക ചെലവഴിച്ചത്.
പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ സമ്മേളനവേദിയില്‍ നിന്നു തലസ്ഥാനത്തേക്കു വരാനാണ് മുഖ്യന്‍ ഹെലികോപ്റ്ററിനെ ആശ്രയിച്ചത്. ഭരണപരമായ ഇടപെടലുകളേക്കാള്‍ വലുത് പാര്‍ട്ടി സമ്മേളനമാണല്ലോ. തൃശൂരില്‍ നിന്നു പറന്നുയരുമ്പോള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇതിന്റെ യാത്രാവിവരങ്ങള്‍ പറയേണ്ടിവരുമെന്ന് അദ്ദേഹം വിചാരിച്ചിട്ടുണ്ടാവില്ല. സംഭവം മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ പിണറായിയെ ക്രൂശിച്ചും പ്രതിരോധിച്ചും ശബ്ദങ്ങള്‍ ഉയര്‍ന്നു. ഇതോടെ പണം മടക്കിനല്‍കി വിവാദം അവസാനിപ്പിക്കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചു. കോപ്റ്റര്‍ യാത്രയ്ക്കു ചെലവായ എട്ടു ലക്ഷം രൂപ നല്‍കാന്‍ സിപിഎമ്മിനു ശേഷിയുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതും ഇതിന്റെ ഭാഗമായാണ്.
എന്നാല്‍, ദുരന്തനിവാരണ ഫണ്ടില്‍ നിന്നു പണം വകയിരുത്താന്‍ നിര്‍ദേശിച്ചതു താനാണെന്നു മുന്‍ ചീഫ് സെക്രട്ടറി കെ എം അബ്രഹാം വ്യക്തമാക്കിയതോടെ സിപിഎമ്മിന്റെ നിറം മാറി. നിയമവിരുദ്ധമായി യാതൊന്നും ചെയ്യാത്ത സ്ഥിതിക്കു പണം തിരിച്ചുനല്‍കേണ്ടതില്ലെന്ന് നേതാക്കള്‍ തീരുമാനിച്ചു. കേന്ദ്രസംഘവുമായി ചര്‍ച്ച നടത്താന്‍ തൃശൂരില്‍ നിന്നു മുഖ്യമന്ത്രി മൂരിവണ്ടിയില്‍ വരണമായിരുന്നോ? പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് അടിയന്തര ഔദ്യോഗിക യോഗത്തിനാണ് മുഖ്യമന്ത്രി എത്തിയത്. വന്നാല്‍ തിരിച്ചുപോകണ്ടേ? മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ പലരും ഇങ്ങനെ യാത്ര ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മറ്റു മുഖ്യമന്ത്രിമാരുമെല്ലാം ഈ ഫണ്ടില്‍ നിന്നു പണമെടുക്കാറുണ്ടെന്നും നേതാക്കള്‍ ഇപ്പോഴും വാദിച്ചുകൊണ്ടിരിക്കുന്നു.
ഇതിനിടയിലാണ് എകെജി വിവാദം മുളപൊട്ടിയത്. വി ടി ബല്‍റാം എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചിട്ട വിവാദ പരാമര്‍ശങ്ങളെ ആശയപരമായി നേരിടുന്നതിനു പകരം കായികമായി നേരിടാന്‍ സിപിഎം അണികള്‍ ഇറങ്ങിയതോടെ സംഗതി കൈവിട്ടു. തൃത്താലയില്‍ എംഎല്‍എ—ക്കു നേരെ കല്ലേറും ചീമുട്ടയേറും വരെ ഉണ്ടായി. പുസ്തകങ്ങളൊന്നും വായിക്കാത്തവരാണ് കോണ്‍ഗ്രസ്സുകാരെന്ന് പൊതുവേ ആക്ഷേപമുള്ള സ്ഥിതിക്ക് സിപിഎം സൈബര്‍ പോരാളികളും ഡിഫിപ്പടയും അക്രമം അവസാനിപ്പിച്ച് എകെജി ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ആത്മകഥകളും ജീവചരിത്രങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അയച്ചുകൊടുക്കുന്നതാവും ഇനിയെങ്കിലും നല്ലത്.
തലവേദനകള്‍ ഓരോന്നായി വന്നുകൊണ്ടിരിക്കുമ്പോഴും സര്‍ക്കാരിന് ആശ്വാസത്തിനു വകനല്‍കുന്നത് ജെഡിയുവാണ്. എട്ടു വര്‍ഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് ജെഡിയു ഇടതു പാളയത്തിലേക്ക് തിരികെ വന്നിരിക്കുന്നു. സോഷ്യലിസ്റ്റുകളായ തങ്ങള്‍ക്കു മനസ്സുകൊണ്ട് ഇടതിനൊപ്പം നില്‍ക്കാനേ കഴിയൂ എന്നു ബോധ്യപ്പെട്ടതോടെയാണ് ഈ തിരിച്ചുവരവ് എന്നാണ് സംസ്ഥാന അധ്യക്ഷനായ എം പി വീരേന്ദ്രകുമാറിന്റെ വാദം. ഈ തീരുമാനത്തോടെ മലബാറിലെ നിരവധി പഞ്ചായത്തുകളില്‍ യുഡിഎഫിനു ഭരണം നഷ്ടമാവും. കോഴിക്കോട്, വടകര മേഖലയിലാവും നഷ്ടമേറെ. ഒപ്പം നിരവധി പഞ്ചായത്തുകളില്‍ ഭരണപ്രതിസന്ധിയുമുണ്ടാവും.
അതേസമയം, അവസാന നിമിഷം വരെയും ഒരു വാക്കു പോലും പറയാതെ ജെഡിയു മുന്നണി വിട്ടത് യുഡിഎഫിനെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. പോകുന്ന കാര്യം ഫോണിലൂടെ പോലും അറിയിക്കാനുള്ള രാഷ്ട്രീയ മര്യാദ ജെഡിയു കാട്ടിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്. അടുത്ത രാജ്യസഭാ സീറ്റു വരെ ഉറപ്പിച്ചാണ് വീരേന്ദ്രകുമാറിന്റെ കൂടുമാറ്റമത്രേ. എല്ലാ തിരക്കഥയും പൂര്‍ത്തിയാക്കിയ ശേഷം പടയൊരുക്കത്തിലും യുഡിഎഫ് യോഗത്തിലും ജെഡിയു പങ്കെടുത്തത് ശരിയായില്ലെന്നും യുഡിഎഫ് വിലപിക്കുന്നു.
യുഡിഎഫിലെത്തിയ ശേഷം നഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായതെന്ന ജെഡിയുവിന്റെ വിമര്‍ശനത്തിന് അക്കമിട്ടാണ് യുഡിഎഫ് മറുപടി നല്‍കുന്നത്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ ജെഡിയു പ്രതിനിധിയായി കെ പി മോഹനന്‍ അഞ്ചു വര്‍ഷം കൃഷിമന്ത്രിയായി. ഒമ്പതു കോര്‍പറേഷനുകള്‍ നല്‍കി. 60ഓളം ബോര്‍ഡുകളില്‍ അംഗത്വം. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്, മലബാര്‍-ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകള്‍, കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് എന്നിവിടങ്ങളില്‍ സ്ഥാനങ്ങള്‍. ഇതിനെല്ലാം പുറമേ രാജ്യസഭാ സീറ്റും. ഇതാണോ ജെഡിയുവിന്റെ നഷ്ടക്കണക്ക് എന്നാണ് യുഡിഎഫിന്റെ ചോദ്യം.                                                ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss