|    Apr 25 Wed, 2018 4:27 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

മുന്നണികളെ ആരു നയിക്കും?

Published : 6th March 2016 | Posted By: SMR

slug--rashtreeya-keralamജനവിധിക്ക് രണ്ടുമാസത്തെ സമയപരിധി നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പിനുള്ള വിസില്‍ മുഴക്കിയെങ്കിലും കേരളത്തില്‍ ഭരണത്തുടര്‍ച്ച അവകാശപ്പെടുന്നവരും ഭരണമാറ്റത്തിനു കച്ചകെട്ടിയവരും ഒരുപോലെ ആശയക്കുഴപ്പത്തിലാണ്. മുന്നണിയെ ആരു നയിക്കുമെന്നതില്‍ തുടങ്ങി, ഒപ്പം നില്‍ക്കുന്നവരില്‍ ആരെയൊക്കെ എവിടെയൊക്കെ മല്‍സരിപ്പിക്കണമെന്ന കാര്യത്തില്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് ഈ ആശയക്കുഴപ്പം. പേരിലും പത്രാസിലുമൊക്കെ ജനാധിപത്യത്തിന് കുറവൊന്നുമില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്ന് ജനത്തോട് പറയാന്‍ കേരളത്തിലെ പ്രമുഖ മുന്നണികള്‍ കാലങ്ങളായി തയ്യാറാവുന്നില്ല. അത്തരമൊരു പതിവില്ലെന്നാണ് രണ്ടുകൂട്ടരും ഒരുപോലെ വിശദീകരിക്കുന്നത്. തങ്ങളെ ആരു നയിക്കുമെന്ന് വോട്ട് ചെയ്യുന്നവരോടു പറയാതെ എന്ത് ജനാധിപത്യം എന്നൊന്നും ചോദിക്കരുത്. കാരണം, ഇതൊക്കെയാണ് പ്രായോഗിക രാഷ്ട്രീയം. തിരഞ്ഞെടുപ്പു കഴിഞ്ഞ് എംഎല്‍എമാരുടെ യോഗവും പാര്‍ലമെന്ററി പാര്‍ട്ടിയുമൊക്കെ ചേര്‍ന്ന് അവരുടെ നേതാവിനെ തിരഞ്ഞെടുക്കുമെന്നൊക്കെ, ജനാധിപത്യത്തിന്റെ ഉന്നതവും ഉല്‍കൃഷ്ടവുമായ തലങ്ങളൊക്കെ വിശദീകരിച്ചുകളയുമെന്നതിനാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ആവാതിരിക്കുന്നതാണു നല്ലത്. ഏറെയൊന്നും ചോദിക്കാതെ തന്നെ കാര്യങ്ങള്‍ വ്യക്തവും ലളിതവുമാണെന്നതാണ് മറ്റൊരു വശം. ആദര്‍ശവാദികളുടെ കൂടാരത്തില്‍ സ്ഥാനമാനങ്ങളോടുള്ള ഭ്രമം പിടികൂടിയിരിക്കുന്നവരുടെ എണ്ണം ഒന്നില്‍ കൂടുതലാണെന്നതു തന്നെ. അതിപ്പോള്‍ മുഖ്യമന്ത്രിസ്ഥാനമായാലും പ്രതിപക്ഷനേതാവ് സ്ഥാനമായാലും കസേര വിട്ടുള്ള കളിക്കില്ലെന്ന് ചുരുക്കം. പട്ടികയിലുള്ളവരെല്ലാം തന്നെ തഴക്കവും പഴക്കവും കൊണ്ട് മുതിര്‍ന്നവരുടെ ഗണത്തില്‍പ്പെടുന്നതിനാല്‍ ഇതൊന്നും വെട്ടിത്തുറന്നു പറയാന്‍ കഴിയുകയില്ലെന്നതാണ് മുന്നണികള്‍ നേരിടുന്ന പ്രതിസന്ധി. യൂത്തന്‍മാരോ രണ്ടാംനിരക്കാരോ ഒക്കെയായിരുന്നെങ്കില്‍ പാര്‍ലമെന്ററി വ്യാമോഹമെന്നൊക്കെ പറഞ്ഞ് വിരട്ടിനിര്‍ത്താന്‍ കഴിയുമായിരുന്നു. അതുകൊണ്ടാണ് പതിവില്ലെന്നും കീഴ്‌വഴക്കം ഇല്ലെന്നുമൊക്കെയുള്ള മുട്ടുന്യായങ്ങള്‍ തട്ടിവിടുന്നത്. എന്തു പേര് വിളിച്ചാലും ഇക്കാര്യത്തില്‍ മുന്നണി ഭേദമില്ലെന്നതാണ് നിലവിലെ സ്ഥിതി.
കോട്ടയം കുഞ്ഞച്ചന്‍ സിനിമയില്‍ ജഗതിയുടെ കഥാപാത്രം മോഹന്‍ലാല്‍ വരുമോ എന്ന് അല്‍പ്പം നീട്ടി ചോദിക്കുന്നതുപോലെയാണ് വിഎസ് മല്‍സരിക്കുന്നതു സംബന്ധിച്ച് അസംബ്ലി തിരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മില്‍നിന്ന് ഉയരുന്ന പ്രധാന ചോദ്യം. ഇക്കുറിയും ആ പതിവു തെറ്റിയില്ല. വിഎസ് മല്‍സരിക്കുമോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. കഴിഞ്ഞ രണ്ടുതവണയും ചടുലമായ ചില നീക്കങ്ങളിലൂടെ അവസാനഘട്ടമാണ് വിഎസ് പട്ടികയില്‍ ഇടംനേടിയതെങ്കില്‍ ഇക്കുറി അത്തരം ആശയക്കുഴപ്പങ്ങളും അന്തര്‍നാടകങ്ങളും മറ്റും ഒഴിവാക്കണമെന്നായിരുന്നു കേന്ദ്രനേതാക്കളുടെ താല്‍പര്യം. സെക്രട്ടറിസ്ഥാനമൊക്കെ ഒഴിഞ്ഞ്, നവകേരളയാത്രയൊക്കെ നടത്തി പിണറായി വിജയന്‍ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ച് പാര്‍ട്ടിനിര്‍ദേശം അനുസരിക്കാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന അവസരത്തില്‍ പ്രത്യേകിച്ചും. പക്ഷേ, ഇക്കുറിയും വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് വിഎസ് തുടക്കത്തില്‍ തന്നെ നല്‍കിയത്. മല്‍സരിക്കുന്നില്ലെങ്കില്‍ സജീവരാഷ്ട്രീയം വിടുമെന്നുവരെ വച്ചുകാച്ചുകയും ചെയ്തു. അതുകൊണ്ടുതന്നെ കേന്ദ്രനേതൃത്വത്തില്‍നിന്ന് സംസ്ഥാനനേതൃത്വത്തിലേക്കു വന്ന പ്രശ്‌നം ഒരു റൗണ്ട് ചര്‍ച്ച പൂര്‍ത്തിയാക്കി, വീണ്ടും കേന്ദ്രത്തിലേക്കു തിരികെ പോയിട്ടുണ്ട്. കക്ഷികള്‍ വിഎസും പിണറായിയും ആയ പ്രശ്‌നങ്ങളില്‍ കുറേക്കാലമായി സിപിഎമ്മില്‍ കാണുന്ന നടപടിക്രമം ഇതാണ്. വിഎസിനെ കൈവിടാനും വയ്യ, പിണറായിയെ പിണക്കാനും വയ്യാത്ത സ്ഥിതി. അരനൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനപാരമ്പര്യം അവകാശപ്പെടുന്ന വിപ്ലവപ്പാര്‍ട്ടി ആഭ്യന്തരതലത്തില്‍ എത്രത്തോളം ദുര്‍ബലപ്പെട്ടിരിക്കുന്നുവെന്നതിന്റെ നേര്‍ചിത്രങ്ങളിലൊന്നായി വേണമെങ്കില്‍ ഇതിനെ കാണാം. ഒന്നുകില്‍ ജനഹിതം തിരിച്ചറിഞ്ഞ് തീരുമാനമെടുക്കുന്നതില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ പരാജയപ്പെടുന്നു. അല്ലെങ്കില്‍ അതിനു കഴിയാതെ പോവുന്നു. അതുമല്ലെങ്കില്‍, സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയാത്തവിധത്തില്‍ സംഘടനാസംവിധാനങ്ങളെ പ്രതിസന്ധിയിലാക്കാന്‍ പാകത്തില്‍ ചില നേതാക്കളെങ്കിലും പാര്‍ട്ടിയെക്കാള്‍ വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. വിഎസിനെയും പിണറായിയെയും തല്‍ക്കാലം ഈ ഗണത്തില്‍പ്പെടുത്തുന്നതാവും ഉചിതം. മറിച്ചായിരുന്നെങ്കില്‍, ഇരുവരുടെയും സ്ഥാനാര്‍ഥിത്വം മറ്റേതൊരു പാര്‍ട്ടി സഖാവിന്റെ കാര്യത്തിലുമെന്നപോലെ സംസ്ഥാനതലത്തില്‍ ഇതിനകം പരിഹരിക്കപ്പെടുമായിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ജനങ്ങള്‍ മിനിമം അത്രയൊക്കെ പ്രതീക്ഷിക്കുന്നത് ഒരു തെറ്റായി കാണാനാവില്ല.
യുഡിഎഫില്‍, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നു എന്നതുകൊണ്ടുതന്നെ തര്‍ക്കങ്ങള്‍ ഒരു പരിധിവരെ സ്വാഭാവികമാണ്. ഗ്രൂപ്പ് നേതാക്കളെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി-രമേശ് ചെന്നിത്തല ദ്വയങ്ങള്‍ തമ്മിലാണ് പ്രധാന പിടിവലി. കിട്ടിയാല്‍ ഒരു കൈ പയറ്റാന്‍ വി എം സുധീരനും റെഡിയാണ്. പാര്‍ട്ടിയിലെയും മുന്നണിയിലെയും ചെറിയ പ്രശ്‌നങ്ങള്‍ മാറ്റിവച്ചാല്‍, ഇത്തവണ ഭരണത്തുടര്‍ച്ച സുനിശ്ചിതമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. എന്നാല്‍, ഇത് അതേപടി വിശ്വസിക്കാന്‍ കോണ്‍ഗ്രസ്സില്‍ വേറെ ആരെങ്കിലും തയ്യാറാവുമോ എന്ന കാര്യം സംശയമാണ്. ഇതിലും അനുകൂലമായ സാഹചര്യത്തില്‍ ജനവിധി തേടിയിട്ട് ഭരണത്തുടര്‍ച്ച ഉണ്ടായ ചരിത്രം കേരളത്തിനില്ല. അപ്പോള്‍, പിന്നെ സരിതയും സോളാറും ബിജുവും ബാറുമൊക്കെ കൂടി ആവശ്യത്തിനും അതിലേറെയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് കേസും വിവാദവുമായി ആകെ കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന അവസ്ഥയില്‍ ഭരണത്തുടര്‍ച്ചയ്ക്ക് അദ്ഭുതങ്ങള്‍ സംഭവിക്കണം. അങ്ങനെ സംഭവിച്ചാല്‍ ഉമ്മന്‍ചാണ്ടിക്കു മുമ്പില്‍ പിന്നെ മറ്റു തടസ്സങ്ങളുണ്ടാവില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പ് ഉദ്ഘാടനമാമാങ്കങ്ങള്‍ മുറയ്ക്ക് നടന്നെങ്കിലും അവ സര്‍ക്കാരിനെതിരേ ഉയര്‍ന്ന വിവാദങ്ങളെയും ആക്ഷേപങ്ങളെയും മറികടക്കാന്‍ എത്രത്തോളം പര്യാപ്തമാണെന്ന കാര്യമാണ് ഇനി കണ്ടറിയേണ്ടത്. മുന്നണിക്കുള്ളില്‍ ഘടകകക്ഷികളുമായുള്ള തര്‍ക്കങ്ങളും കേരളാ കോണ്‍ഗ്രസ് നേരിടുന്ന ആഭ്യന്തര പ്രശ്‌നങ്ങളും ഒക്കെ ഇതിനു പുറമേയാണ്.
അതുകൊണ്ടുതന്നെ ജയിച്ചുകയറി മുഖ്യമന്ത്രിയായിക്കളയാം എന്ന മോഹത്തോടെ യുഡിഎഫില്‍നിന്ന് ആരെങ്കിലും ഇക്കുറി കച്ചകെട്ടാന്‍ സാധ്യത കുറവാണ്. പിന്നെയുള്ള പ്രതീക്ഷ പ്രതിപക്ഷ നേതൃസ്ഥാനമാണ്. അക്കാര്യത്തില്‍പ്പോലും അന്തിമഫലം ഏതുരീതിയില്‍ വരുമെന്നതിനെ ആശ്രയിച്ചാവും തീരുമാനമുണ്ടാവുക. എതിരാളികളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന മല്‍സരം കാഴ്ചവയ്ക്കാന്‍ യുഡിഎഫിനു കഴിയാതെ വന്നാല്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമായും ഉമ്മന്‍ചാണ്ടി തന്നെ വഹിക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ, 14ാം കേരള നിയമസഭയില്‍ യുഡിഎഫിനെ നയിക്കുന്നത് ആരെന്ന കാര്യത്തില്‍ പലവിധ സാധ്യതകള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. അതു മുന്നില്‍ക്കണ്ടുതന്നെയാണ് കഴിഞ്ഞ തവണ തന്നെ വെള്ളംകുടിപ്പിച്ച ഹരിപ്പാടിനെ ഉപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമായ വട്ടിയൂര്‍ക്കാവിലേക്ക് വണ്ടികയറാന്‍ രമേശ് ചെന്നിത്തല ശ്രമം തുടങ്ങിയിരിക്കുന്നത്. സീറ്റുകളുടെ കാര്യത്തില്‍ കൂടുതല്‍ അവകാശവാദമൊന്നും ഉയര്‍ത്താതെ, സ്വന്തം പേരില്‍ കേരളയാത്ര നടത്തി കാത്തിരിക്കുന്ന കുഞ്ഞാലിക്കുട്ടിക്കുപോലുമുണ്ട് ഇത്തരം സാധ്യതകളിലേക്ക് ഒരുനോട്ടം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss