|    Apr 26 Thu, 2018 9:22 am
FLASH NEWS

മുനീറിനും കുടുംബത്തിനും സ്വപ്‌നസാഫല്യം

Published : 12th March 2018 | Posted By: kasim kzm

മഞ്ചേരി: തൃപ്പനച്ചി മുത്തനൂരില്‍ നാടോരുക്കിയ സ്‌നേഹ പന്തലില്‍ മന്ത്രി കെ ടി ജലീലിന്റെ കൈ പിടിച്ച് പാപ്പുവീട്ടില്‍ എം ടി മുനീറും കുടുംബവും സ്വന്തം വീട്ടിലേക്ക് കാലെടുത്തുവെച്ചത് സ്വപ്‌നത്തിലെന്ന പോലെയായിരുന്നു. ഭിന്നശേഷിക്കാരനായ മുനീര്‍ സ്വന്തമായി വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിനായി ഏറെ കാലം അലഞ്ഞതിന്റെ പരിസമാപ്തി നിറഞ്ഞ സന്തോഷത്തിന്റേതായി. കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായുണ്ടായ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയാണ് മുനീറിന് വീടൊരുക്കുന്നതിന് വഴിവെച്ചത്.
മന്ത്രി നേരിട്ടിടപെട്ടൊരുക്കിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ മുഖ്യ ആതിഥേയന്റെ വേഷത്തിലായിരുന്നു അദ്ദേഹം. വീടിനായി ജില്ലാ കലക്ടര്‍ക്ക് നല്‍കാനായി ഒരുക്കിയ അപേക്ഷ അവിചാരിതമായി സിവില്‍ സ്റ്റേഷനില്‍ നിന്നും കണ്ട മന്ത്രി കെ ടി ജലീലിനു നല്‍കുകയായിരുന്നു മുനീര്‍. സ്ഥലം സ്വന്തമായുണ്ടായിട്ടും വീടില്ലാത്തതിന്റെ ദൈന്യത മന്ത്രിയെ ബോധ്യപ്പെടുത്തിയതോടെ അദ്ദേഹമിടപെട്ട് വീടൊരുക്കാന്‍ ശ്രമമാരംഭിക്കുകയായിരുന്നു. രണ്ട് കിടപ്പുമുറികളും അടുക്കളയും അതിഥി മുറിയുമുള്ള വീട് നിര്‍മാണ രംഗത്തെ വിദഗ്ധരുടെ സംഘടനയായ ലെന്‍സ്‌ഫെഡാണ് പൂര്‍ത്തിയാക്കിയത്.
മന്ത്രിയുടെ ഇടപെടലോടെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമാഹരിച്ച ഏഴു ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം. നാട്ടുകാരുടെ നിറ പങ്കാളിത്തതിനിടയില്‍ മന്ത്രി സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ മുനീറിനു കൈമാറി. ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം ഇനി സ്വപ്‌ന ഭവനത്തില്‍ അന്തിയുറങ്ങും.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സൈനബ, വൈസ് പ്രസിഡന്റ് പി സി അബ്ദുറഹ്മാന്‍, വാര്‍ഡംഗം അബ്ദുല്‍ സലാം, സബാഹ് പുല്‍പറ്റ, ടി അലവിഹാജി, ലെന്‍്‌സ്‌ഫെഡ് പ്രതിനിധി ബാബു എടയൂര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss