|    Nov 16 Fri, 2018 10:10 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുനിയറകള്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലെ ക്വാറികളുടെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തണമെന്ന് ഹൈക്കോടതി

Published : 8th August 2018 | Posted By: kasim kzm

കൊച്ചി: മഹാശിലായുഗത്തിന്റെ അവശിഷ്ടങ്ങളായ മുനിയറകള്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലെ ക്വാറികളുടെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
തൃശൂര്‍ വരന്തരപ്പിള്ളി പഞ്ചായത്തിലെ മുപഌയത്ത് റിസര്‍വ് വനമേഖലയോടു ചേര്‍ന്ന് മുനിയറകള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ക്വാറികള്‍ വനത്തെയും ചരിത്ര സ്മാരകങ്ങളെയും തകര്‍ക്കുന്നെന്നാരോപിച്ച് ഒരേ ഭൂമി ഒരേ ജീവന്‍ എന്ന സംഘടന നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. മുനിയറകള്‍ നിലവിലുള്ള പ്രദേശങ്ങളെ സംരക്ഷിത മേഖലയായി പരിഗണിക്കണമെന്നും ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. റിസര്‍വ് വനമേഖലയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയോടെയല്ലാതെ ക്വാറികള്‍ അനുവദിക്കാനാവില്ല. മുനിയറയുള്ള മേഖലകളിലെ ക്വാറികള്‍ക്ക് നിരോധിക്കപ്പെട്ട സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇതിനായി ഉ—ദ്യോഗസ്ഥരെ സ്വാധീനിച്ച് ക്വാറി ഭൂ മാഫിയ വ്യാജരേഖയുണ്ടാക്കുന്നുണ്ടെന്നും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പറയുന്നു. മുപഌയം വില്ലേജിലെ ചരിത്ര സ്മാരകങ്ങള്‍ക്ക് ക്വാറികള്‍ ഇതിനകം തന്നെ നാശം വരുത്തിയിട്ടുണ്ടെന്നും ഇതിനാല്‍ ഇവിടുത്തെ ക്വാറി പാട്ടങ്ങള്‍ പുതുക്കുന്നില്ലെന്ന് നയതീരുമാനം എടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. തൃശൂര്‍ ജില്ലാ കലക്ടറോട് പാട്ടം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. കോടശ്ശേരി മേഖലയിലെ ചരിത്രപ്രസിദ്ധമായ ആറ് മുനിയറകളെ 1938ല്‍ കൊച്ചി സര്‍ക്കാര്‍ ചരിത്രസ്മാരകമായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. വനം, പുറമ്പോക്ക് അതിര്‍ത്തികള്‍ ശാസ്ത്രീയമായി സര്‍വേ നടത്തി തിരിക്കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss