|    Oct 18 Wed, 2017 7:44 am
FLASH NEWS

മുനയ്ക്കക്കടവ് ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ നവീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി

Published : 12th August 2017 | Posted By: fsq

 

ചാവക്കാട്: മുനയ്ക്കക്കടവ് ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ നവീകരിക്കണമെന്നാവശ്യപ്പെട്ട് ലേബര്‍ യൂണിയന്‍ കോഓര്‍ഡിനേഷന്‍ കമ്മറ്റി ഫിഷറീസ് മന്ത്രിക്ക് നിവേദനം നല്‍കി. നൂറുകണക്കിന് ബോട്ടുകളും നിരവധി വള്ളങ്ങളും മത്സ്യവിപണനം നടത്തുന്ന ഫിഷ്‌ലാന്‍ഡിങ് സെന്ററില്‍ മൂന്നോ നാലോ ബോട്ടുകളോ വള്ളങ്ങളോ കെട്ടാനുള്ള സൗകര്യം മാത്രമാണ് നിലവിലെ പ്ലാറ്റ്‌ഫോമിനുള്ളത്. ബാക്കിയുള്ളവ ഒന്നിനുചേര്‍ന്ന് മറ്റൊന്ന് എന്ന രീതിയില്‍ കെട്ടിവേണം മത്സ്യമിറക്കാന്‍. അഞ്ചും ആറും ബോട്ടുകള്‍ താണ്ടി മത്സ്യം ഇറക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മത്സ്യം ഇറക്കുന്നതിനെച്ചൊല്ലി മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുന്നതും പതിവാണ്. സ്വകാര്യവ്യക്തിയില്‍നിന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ലഭ്യമാക്കിയിട്ടുള്ള സ്ഥലത്ത് പ്ലാറ്റ്‌ഫോം പണിതാല്‍ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടിന് ഒരു പരിധിവരെ പരിഹാരം കാണാനാവുമെന്ന് നിവേദനത്തില്‍ പറയുന്നു. മുനയ്ക്കക്കടവ് ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ ലേബര്‍ യൂണിയന്‍ കോഓര്‍ഡിനേഷന്‍ കമ്മറ്റി പ്രസിഡന്റ് പി എ സിദ്ധി, ജനറല്‍ സെക്രട്ടറി കെ കെ ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക