|    Nov 15 Thu, 2018 7:03 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുനമ്പത്ത് ബോട്ടില്‍ കപ്പലിടിച്ച് മൂന്നുപേര്‍ മരിച്ചു

Published : 8th August 2018 | Posted By: kasim kzm

വൈപ്പിന്‍: മുനമ്പത്തു നിന്ന് മല്‍സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്നുപേര്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. ബോട്ടിലുണ്ടായിരുന്ന ഒമ്പതു പേരെ കാണാതായി. തമിഴ്‌നാട് സ്വദേശികളായ മുള്ളൂര്‍തുറൈ സഹായരാജ് (മണക്കുടി- 50), ശാവന്‍തുറൈ സ്വദേശി യുഗനാഥന്‍ (45), യാക്കേബ് (57) എന്നിവരാണ് മരിച്ചത്.
ബോട്ടിന്റെ സ്രാങ്ക് പറവൂര്‍ മാല്യങ്കര തറയില്‍ വീട്ടില്‍ പ്രകാശന്റെ മകന്‍ ഷിജു (42), തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളായ യേശുനാഥന്‍ (ബാലന്‍), രാജേഷ്, ജിറേഷ്, താലു, സഹായരാജ്, പോള്‍, അരുണ്‍, ബംഗാള്‍ സ്വദേശി ബീബുള്‍ എന്നിവരെയാണ് കാണാതായത്. കൊല്‍ക്കത്ത സ്വദേശി നരേന്‍ സര്‍ക്കാര്‍, തമിഴ്‌നാട് സ്വദേശി എഡ്വിന്‍ എന്നിവരെയാണ് മറ്റു ബോട്ടുകാര്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്. പരിക്കേറ്റ ഇവരെ എറണാകുളം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി മുനമ്പത്തു നിന്നു മല്‍സ്യബന്ധനത്തിന് പുറപ്പെട്ട മുനമ്പം പോണത്ത് സാംബന്റെ ഉടമസ്ഥതയിലുള്ള ഓഷ്യാനിക് എന്ന 85 അടി നീളമുള്ള ഉരുക്കുനിര്‍മിത ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 14 ജീവനക്കാരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. തൃശൂര്‍ ജില്ലയിലെ നാട്ടികയ്ക്ക് പടിഞ്ഞാറ് പുറംകടലിലാണ് പുലര്‍ച്ചെ 3.30ഓടെ ബോട്ടില്‍ കപ്പലിടിച്ചത്. അപകടസമയത്ത് എഡ്വിനാണ് ബോട്ട് ഓടിച്ചിരുന്നത്. ഇയാള്‍ക്കൊപ്പം നരേന്‍ സര്‍ക്കാരും ഉണ്ടായിരുന്നു. ബാക്കിയുള്ള തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നു. പിന്നില്‍നിന്നാണ് കപ്പലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി പിളര്‍ന്ന് കടലില്‍ താഴുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ടവര്‍ പോലിസിന് നല്‍കിയിരിക്കുന്ന മൊഴി. അപകടത്തിനുശേഷം ആദ്യം നിര്‍ത്തിയ കപ്പല്‍ പിന്നീട് ഓടിച്ചുപോയതായും ഇവര്‍ പറഞ്ഞു.
കൂടുതല്‍ ബോട്ടുകളെത്തി കടലില്‍ വലയിട്ട് വലിച്ചതിനെ തുടര്‍ന്നാണ് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്. ബാക്കിയുള്ളവര്‍ക്കായി നാവികസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. മുംബൈ ആസ്ഥാനമായുള്ള എം വി ദേശശക്തി എന്ന കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാവികസേന ഇതിലെ ജീവനക്കാരുമായി ബന്ധപ്പെട്ടെങ്കിലും തങ്ങളുടെ കപ്പല്‍ അത്തരത്തില്‍ അപകടം ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു പ്രതികരണം. തുടര്‍ന്ന് അപകടസമയത്ത് ഈ കപ്പല്‍ മേഖലയിലുണ്ടായിരുന്നുവെന്ന് നാവികസേന കപ്പല്‍ ജീവനക്കാരെ ബോധ്യപ്പെടുത്തി. എന്നാല്‍, വിവരം ഓഫിസില്‍ അറിയിച്ച് അവിടെ നിന്നു ലഭിക്കുന്ന നിര്‍ദേശമനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് ജീവനക്കാര്‍ നാവികസേനയെ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss