|    Nov 17 Sat, 2018 4:15 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുനമ്പം ബോട്ടപകടം: തിരച്ചില്‍ തുടരുന്നു

Published : 12th August 2018 | Posted By: kasim kzm

വൈപ്പിന്‍: മുനമ്പം മല്‍സ്യബന്ധന തുറമുഖത്തുനിന്നു പോയ മല്‍സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് കാണാതായ മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. ഒമ്പത് മല്‍സ്യത്തൊഴിലാളികളെയാണ് കാണാതായത്. ഇതില്‍ മലയാളിയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം പറവൂര്‍ മാല്യങ്കര തറയില്‍ പ്രകാശന്റെ മകന്‍ ഷിജു(38)വിന്റെ മൃതദേഹമാണ് ഇന്നലെ വൈകീട്ട് 5ന് ബോട്ടപകടം നടന്ന സ്ഥലത്തുനിന്നു കണ്ടെത്തിയത്.
മുനമ്പം തുറമുഖത്തു നിന്നും മല്‍സ്യബന്ധനത്തിന് പോയ സെന്റ് ആന്റണീസ് ഫിഷിങ് ബോട്ടിലെ തൊഴിലാളികള്‍ക്കാണു മൃതദേഹം വലയില്‍ കുടുങ്ങി കിട്ടിയത്. ബോട്ടിലെ സ്രാങ്ക് സ്റ്റീഫനാണ് മൃതദേഹം ഷിജുവിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. എങ്കിലും രാത്രി എട്ടരയോടെ മുനമ്പം തുറമുഖത്ത് മൃതദേഹം എത്തിച്ച് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെയാണ് ഷിജുവിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
മൃതദേഹം പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4നാണ് തൃശൂര്‍ ജില്ലയിലെ നാട്ടിക പടിഞ്ഞാറ് 45 കിലോമീറ്റര്‍ അകലെ ആഴക്കടലില്‍ വച്ച് മുനമ്പം സ്വദേശി സാംബന്റെ ഉടമസ്ഥതയിലുള്ള ഓഷ്യാനിക് എന്ന ഫിഷിങ് ബോട്ട് കപ്പലിടിച്ച് തകര്‍ന്ന് കടലില്‍ മുങ്ങിയത്. മല്‍സ്യബന്ധന മേഖലയെ നടുക്കിയ ബോട്ടപകടത്തില്‍ മൂന്നുപേര്‍ മരണമടയുകയും 9 പേരെ കാണാതാവുകയും 2 പേര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു. കുളച്ചില്‍ സ്വദേശി എഡ്‌വിന്‍ (43), കൊല്‍ക്കത്ത സ്വദേശി നരന്‍ സര്‍ക്കാര്‍(20) എന്നിവരാണ് രക്ഷപ്പെട്ടത്. ഉത്തരേന്ത്യന്‍ സംസ്ഥാന തൊഴിലാളികളായ യാക്കോബ്, യോഗനാഥന്‍, കുളച്ചില്‍ സ്വദേശി മനക്കൊടി എന്നിവരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ലഭിച്ചിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാന തൊഴിലാളികളായ യേശുപാലന്‍, രാജേഷ്, ദിനേഷ്, പോള്‍സണ്‍, അരുണ്‍, ശലമോന്‍, സഹായരാജ്, ബീപൂര്‍ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ഉച്ചയോടെ സംസ്‌കരിക്കും. ഭാര്യ: സജിത, മക്കള്‍: ഗൗതംകൃഷ്ണ, കൃഷ്ണവേണി. അതേസമയം മൃതദേഹത്തിന് അവകാശവാദവുമായി കാണാതായ തമിഴ്‌നാട് സ്വദേശിയായ മല്‍സ്യത്തൊഴിലാളിയുടെ ബന്ധുക്കളും രംഗത്തെത്തിയത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ലഭിച്ച മൃതദേഹത്തിലെ വസ്ത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവരുടെ വാദം. എങ്കിലും മൃതദേഹം ഷിജുവിന്റേതുതന്നെയാണെന്നു ബന്ധുക്കളും സുഹൃത്തുക്കളും ഉറപ്പിക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss