|    Jan 20 Fri, 2017 9:41 pm
FLASH NEWS

മുദ്രാവാക്യങ്ങളില്ലാത്ത തിരഞ്ഞെടുപ്പ് കാലം…

Published : 11th April 2016 | Posted By: SMR

പി എ എം ഹനീഫ്

പണ്ടുകാലത്ത് തിരഞ്ഞെടുപ്പ് പ്രചാരണമെന്നാല്‍ വമ്പന്‍ ജാഥകളായിരുന്നു ഒന്നാം ഇനം. പ്രസ്തുത ഒന്നാം ഇനം ജാഥകളിലാവട്ടെ ‘മുദ്രാവാക്യം’ അച്ചടിച്ച കടലാസ് ഷീറ്റുകളായിരുന്നു താരം. താളാത്മകമായി ശബ്ദശുദ്ധിയില്‍ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് വന്‍ ഡിമാന്‍ഡുമായിരുന്നു.
കാസര്‍കോട്ടെ ബാലന്‍ (സിഐടിയു) കണ്ണൂരിലെ വളപട്ടണം ബമ്പന്‍ (ലീഗ്) കോഴിക്കോട്ടെ പെരുമണ്ണ കേളുക്കുട്ടി (സിപിഎം) മലപ്പുറം എടയൂരിലെ സെയ്തലവി (കോണ്‍) എന്നിവര്‍ പെട്ടെന്ന് ഓര്‍മയില്‍ വരുന്ന മുദ്രാവാക്യ ഗന്ധര്‍വന്‍മാരാണ്.
‘തെക്ക്… തെക്കൊരു ദേശത്ത്…
അലമാലകളുടെ തീരത്ത്
ഭര്‍ത്താവില്ലാ നേരത്ത്
ഫ്‌ളോറിയെന്നൊരു ഗര്‍ഭിണിയെ
ചുട്ടുകരിച്ചൊരു സര്‍ക്കാരേ
പകരം ഞങ്ങള്‍ ചോദിക്കും…
ചങ്ങനാശ്ശേരി തെരുവിലൂടെ പെരുന്നയിലെ ജയിലാനി അണ്ണന്‍ ഈ മുദ്രാവാക്യം വിളിച്ച് വിയര്‍ത്തൊലിച്ച് വരുന്നത് ചങ്ങനാശ്ശേരിയിലെ വലതുപക്ഷക്കാരില്‍ 70 കഴിഞ്ഞവര്‍ ഇന്നും ഓര്‍ക്കുന്നുണ്ടാവും.
എണ്ണാമെങ്കില്‍ എണ്ണിക്കോ…
പിന്നെ കള്ളം പറയരുത്…
ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജാഥയില്‍ ഈ മുദ്രാവാക്യം സ്ഥിരം ‘സാധന’മാണ്.
നൂറു പേരുമായി പ്രകടനം നടത്തുന്ന ചിഹ്നക്കാരും ഈ മുദ്രാവാക്യം ആവേശത്തോടെ വിളിക്കാറുണ്ട്. ഇന്നല്ല; മുമ്പ്.

57ലെ കമ്മ്യൂണിസ്റ്റ് ഭരണത്തെ തുടര്‍ന്ന് നാട്ടിലെങ്ങും ‘ശണ്ഠയും ലഹളയും’ എന്ന് പ്രചരിപ്പിച്ച് കോണ്‍ഗ്രസ്സുകാര്‍
‘കുമ്പളമുണ്ടേ, കുറുവടിയുണ്ടേ
ഓര്‍ത്തൂ ഭരിക്കൂ നമ്പൂരീ’
എന്നു വിളിച്ചായിരുന്നു ഇഎംഎസ് മന്ത്രിസഭയെ എതിരിട്ടത്.

വിമോചന സമരകാലത്ത് അങ്കമാലിയിലൊരു വെടിവയ്പുണ്ടായി. നിരവധി മരണവും. വെടിയുണ്ട ശരീരത്തിലവശിഷ്ടമായി ജീവിതം തുലഞ്ഞവരും ഏറെയുണ്ടായി.
കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ രാജിക്കു ശേഷമുണ്ടായ തിരഞ്ഞെടുപ്പില്‍ വലതുപക്ഷം ശക്തിയായി വിളിച്ചു.
‘അങ്കമാലി കല്ലറയില്‍
ഞങ്ങടെ സോദരരുണ്ടെങ്കില്‍
ആ സോദരരാണേ കട്ടായം
പകരം ഞങ്ങള്‍ ചോദിക്കും’
എന്നായിരുന്നു ഭീഷണി. പകരവും ചോദിച്ചു. തുടര്‍ന്നു വന്ന പട്ടം മന്ത്രിസഭ പകരം ചോദിച്ചതിന്റെ ബാക്കിപത്രമായിരുന്നു.
പാലത്തിനടിയിലൂടെ ജലം വേണ്ടത്ര ഒഴുകി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു. സിപിഐ സി അച്യുതമേനോന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നു. ബാക്കിവന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് നേതൃത്വം ഇഎംഎസ് നമ്പൂതിരിപ്പാട്. കമ്മ്യൂണിസ്റ്റ് (ഇടത്)വിളിച്ചു.

‘വലതന്മാരേ; വാലാട്ടികളേ…
നിങ്ങള്‍ക്കിനിയും മാപ്പില്ലാ…’
പുതിയകാലത്ത് കെഎസ്‌യു ഖദര്‍ കുട്ടികള്‍ വിളിച്ചു. വിളിയ്ക്കാന്‍ കാരണമുണ്ടായി. പോലിസിന്റെ നിക്കര്‍ മാറ്റി പാന്റ് തുന്നിച്ചത് പോലിസ് മന്ത്രി ഉമ്മന്‍ചാണ്ടി ആയിരുന്നു.
‘ഞങ്ങടെ നേതാവുമ്മന്‍ ചാണ്ടി
തുന്നിത്തന്നൊരു പാന്റിട്ട്…
ഞങ്ങടെ നേരെ പോരിനു വന്നാല്‍
കൈയും കാലും കൂട്ടിക്കെട്ടി
അരിഞ്ഞു തള്ളും
തേക്കിന്‍ കാട്ടില്‍…
മുദ്രാവാക്യം കേട്ടാലറിയാം തൃശൂരിലെ കെഎസ്‌യുക്കാരാണ് ഇത് വിളിച്ചതെന്ന്; കാരണം ‘തേക്കിന്‍കാട’് തൃശൂരില്‍ മാത്രം. മുമ്പ് കരുണാകരന്റെയും ആന്റണിയുടെയും പോലിസ് കെഎസ്‌യു-യൂത്തന്മാര്‍ അടക്കം വലതരെ പൊരിഞ്ഞ തല്ലിനു വിധേയരാക്കി. അന്നും യൂത്ത് കോണ്‍ഗ്രസ് വിളിച്ചിരുന്നു;
”ഞങ്ങടെ പോലിസ്
ഞങ്ങളെ തല്ലിയാല്‍
നിങ്ങള്‍ക്കെന്താ മാര്‍ക്‌സിസ്‌റ്റേ…

രാഷ്ട്രീയ പ്രചാരണങ്ങള്‍ മാറി. മിക്ക മുദ്രാവാക്യങ്ങള്‍ക്കും പഴയ കാലത്തെ ഇമ്പമില്ല. ഇന്ന് വെയിലുകൊള്ളാനും ജാഥ നയിക്കാനും ആര്‍ക്കു താല്‍പര്യം…? പഴയകാല ഉശിരന്‍ പ്രകടനങ്ങളും ഇന്ന് സ്വപ്‌നം മാത്രം. അടുത്തിടെ കോഴിക്കോട്ടാണെന്നു തോന്നുന്നു ഒരു മുദ്രാവാക്യം കേട്ടു.
‘രമേശാ… ചെന്നിത്തലയാ…
ഞങ്ങളിലൊന്നിനെ തൊട്ടാലറിയും…
ചിലതൊക്കെ കേട്ട് മുദ്രാവാക്യം ആസ്വദിച്ച് പോലിസുകാരും ചിരിക്കും…. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥ അതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 130 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക