|    Jun 24 Sun, 2018 9:17 am
FLASH NEWS

മുത്വലാഖ് വേണ്ട; ഏകസിവില്‍കോഡും

Published : 26th November 2016 | Posted By: G.A.G

muthaq-cover

ഫൗസിയ ഷംസ്‌

താനും നാളുകള്‍ക്കു മുമ്പ് പെരുകുന്ന വിവാഹമോചനത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ചാനല്‍ പരിപാടി കാണുകയുണ്ടായി. ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ചിലര്‍ സന്തോഷപൂര്‍വ്വം ദാമ്പത്യജീവിതം നയിച്ചുകൊണ്ടിരിക്കുന്നവരാണ്. മറ്റുചിലരുടെ വിവാഹജീവിതം പാതിവഴിയില്‍ മുറിഞ്ഞു. ചില സ്ത്രീകള്‍ വിവാഹമോചനം ആഗ്രഹിക്കുന്നവരാണ്. സാമ്പത്തികമായി തന്നെക്കാള്‍ പിന്നിലായിരുന്ന ആളായിട്ടും സ്‌നേഹം തോന്നിയതിന്റെ പേരില്‍ അയാളെ വിവാഹം ചെയ്ത സ്ത്രീയും അക്കൂട്ടത്തിലുണ്ട്. അവര്‍ക്കിടയില്‍ പൊരുത്തക്കേടുണ്ടായപ്പോള്‍ അവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വിവാഹമോചനം ആഗ്രഹിച്ചിട്ടും ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചുപോന്ന അവര്‍ നാലു വര്‍ഷത്തിനുശേഷം തന്റെ വീട്ടിലേക്ക് തിരികെ പോന്നു. വിവാഹമോചനത്തിന് കേസു കൊടുത്തിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. രണ്ടുമക്കളെ അവര്‍ പരിപാലിച്ചുപോരുന്നു. അവര്‍ക്കാവശ്യം വിവാഹമോചനമാണ്. എന്നാല്‍ ഭര്‍ത്താവ് അതിന് സന്നദ്ധനാവുന്നില്ല.
mutha1

ഒരു സ്ത്രീക്ക് ഒരാളോടൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നിരിക്കെ ആയാളില്‍നിന്നും മോചനം നേടാന്‍ എന്താണിത്ര പ്രയാസം. തന്നെ ആവശ്യമില്ലാത്തവനോടൊപ്പം പൊറുക്കാന്‍ എന്തിനവളെ നിര്‍ബന്ധിക്കുന്നു. ആ ബന്ധം റദ്ദായാല്‍ അവള്‍ക്ക് ഒറ്റക്കോ അല്ലെങ്കില്‍ വേറൊരു ഇണയുടെ കൂടെ മനസ്സമാധാനത്തോടെയോ ജീവിച്ചുകൂടേ? ഈയൊരു ചോദ്യം ഒരു അഭിഭാഷക സുഹൃത്തുമായി പങ്കുവെച്ചപ്പോള്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട് 20 വര്‍ഷത്തിലധികമായി തുടര്‍ന്നുപോരുന്ന ഒരു കേസ് അദ്ദേഹത്തിന്റെ മുമ്പിലുണ്ടെന്ന് അവര്‍ പറഞ്ഞു. വിവാഹമോചനം നടക്കണമെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ആരോപണങ്ങളുന്നയിക്കണം. പക്ഷേ, അതിന് ആ ദമ്പതികള്‍ തയ്യാറല്ലായിരുന്നു. അതിനിടയില്‍ പുരുഷന്‍ മറ്റൊരു വിവാഹം ചെയ്തു. അതില്‍ കുട്ടിയുമുണ്ടായി. രണ്ടാം വിവാഹമായതിനാല്‍ അതിന് നിയമസാധുത കിട്ടിയില്ല. ഒരു ഭാഗത്ത് വിവാഹമോചനം ആഗ്രഹിച്ചിട്ടും mutha-2അതിനു കഴിയാത്ത സ്ത്രീ, മറുഭാഗത്ത് നിയമസാധുതയില്ലാതെ ഭാര്യാപദം അലങ്കരിക്കുന്ന മറ്റൊരു സ്ത്രീ. ഈ വിഷയത്തില്‍ നീതി ഏതു സ്ത്രീയുടെ പക്ഷത്താണ്? ഇപ്പറഞ്ഞവരാരും മുസ്‌ലിം സ്ത്രീകളല്ല.
വിവാഹമോചനം ചെയ്യപ്പെടുന്ന സ്ത്രീയുടെ ഭാവിയെക്കുറിച്ചുള്ള വേവലാതിപോലെത്തന്നെയല്ലേ മോചനം ആഗ്രഹിച്ചിട്ടും അതിനാവാതെ കഴിയുന്ന സ്ത്രീയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും. ഒരു പുരുഷനോടൊപ്പം വര്‍ഷങ്ങളോളം ദാമ്പത്യം പങ്കിട്ടിട്ടും ഭാര്യാപദവിയും സാമ്പത്തിക സുരക്ഷിതത്വവും ലഭിക്കാത്ത സ്ത്രീയുടെ പ്രതിസന്ധിയും പരിഗണനീയമല്ലേ? അത് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് അവരാരും മുസ്‌ലിം സ്ത്രീകളല്ലാത്തതുകൊണ്ടാണോ?
മുത്വലാഖ്, ഏകസിവില്‍കോഡുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യുന്ന ആശ്ചര്യകരമായ രീതിയാണ് ഇങ്ങനെ ചിന്തിക്കാന്‍ കാരണമായത്. ഇന്ത്യയിലെ വ്യത്യസ്തങ്ങളായ ജനസമൂഹങ്ങള്‍ പിന്തുടരുന്ന നിയമങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് ഏകസിവില്‍കോഡ് ആവിഷ്‌ക്കരിച്ചാലേ ദേശീയോദ്ര്ഗഥനം സാധ്യമാവൂ എന്നാണ് വാദിക്കുന്നത്. ഏകസിവില്‍കോഡിന്‌വേണ്ടി വാദിക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നത് മുസ്‌ലിം വനിതകളോടുള്ള സ്‌നേഹവും സഹാനുഭൂതിയുമാണത്രെ. ഇക്കൂട്ടരുടെ സ്‌നേഹപ്രകടനങ്ങള്‍ കപടമാണ്. ഗുജറാത്തിലെ മുസ്‌ലിം സ്ത്രീകളുടെ അനുഭവം അതാണ് നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങള്‍ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സാര്‍വ്വത്രികയും, മദ്യനിരോധനവും ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയങ്ങളിലൊന്നും താല്‍പര്യം പ്രകടിപ്പിക്കാത്തവരാണ് ഏക സിവില്‍കോഡിനായി പ്രചരണം നടത്തുന്നത്.

mutha3

ഏകസിവില്‍ കോഡ്
ബഹുസ്വരതയിലും മതേതരത്വത്തിലും വിശ്വസിക്കുന്നവര്‍ക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ് ഏകസിവില്‍ക്കോഡ് ഏകപക്ഷീയമായി നടപ്പിലാക്കാനുള്ള ശ്രമം. ഒരു സിവില്‍ ബില്ല് നടപ്പാക്കാന്‍ രാഷ്ട്രം ശ്രമിക്കേണ്ടതാണെന്ന ഇന്ത്യന്‍ ഭരണഘടനാ രാഷ്ട്ര മാര്‍ഗനിര്‍ദേശക തത്വത്തിന്റെ 44ാം ആര്‍ട്ടിക്കിള്‍ പറഞ്ഞുവെച്ചിട്ടുണ്ടെന്നതാണ് അതിനു കാരണം. മതചിഹ്നങ്ങളെയും വിശ്വാസസംഹിതകളെയും സ്റ്റേറ്റില്‍നിന്നും വിഘടിപ്പിക്കുക എന്ന പാശ്ചാത്യ മതേതരത്വത്തില്‍നിന്നും വിഭിന്നമായി എല്ലാ mutha5മതസംസ്‌കാരങ്ങള്‍ക്കും വിശ്വാസാചാരങ്ങളെ പുല്‍കിക്കൊണ്ട് ബഹുസ്വരതയോടെ ജീവിക്കാനാവുക എന്നതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ താല്‍പര്യം. മതം കേവലമായ മൂല്യസംഹിതയല്ല. അനുഷ്ഠാനങ്ങളും ആചാരങ്ങളും പ്രാര്‍ഥനാ രീതികളും അതിന്റെ ഭാഗമാണ്. ഇന്ത്യന്‍ ഭരണഘടന മതവിശ്വാസത്തെയും മതാധിഷ്ഠിതമായ ജീവിതരീതികളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കുന്നു. മതത്തിന്റെ പരിശീലനം അഥവാ പ്രയോഗം എന്ന വാക്ക് അതാണ് വ്യക്തമാക്കുന്നത്.’ 1954ല്‍ സുപ്രീംകോടതി ഭരണഘടനാബെഞ്ച്  25ാം അനുഛേദത്തിലൂടെ  ഇന്ത്യന്‍ മതേതരത്വം എന്താണെന്ന് ഉറപ്പിക്കുകയാണ് മേല്‍വരികളിലൂടെ ചെയ്തത്. (അവലംബം: സിവില്‍കോഡ് വിവാദത്തിനപ്പുറം -കാളീശ്വരം രാജ്).
അതുകൊണ്ടുതന്നെ ക്രിമിനല്‍ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാവുമ്പോള്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തവകാശം, രക്ഷാകര്‍തൃത്വം തുടങ്ങിയ -വ്യക്തിനിഷ്ഠനിയമങ്ങളായ- സിവില്‍ നിയമങ്ങള്‍ ഓരോ മതക്കാര്‍ക്കും അവരവരുടെ mutha6മതവിശ്വാസമനുസരിച്ച് വ്യത്യസ്തങ്ങളാണ്. ഹിന്ദു വ്യക്തിനയമം, ഹിന്ദു-ബുദ്ധ-ജൈന-സിഖ് വിഭാഗങ്ങളുടെ നാട്ടാചാരങ്ങള്‍, ഹിന്ദു ഗോത്രനിയമം, ക്രിസ്ത്യന്‍ വ്യക്തിനിയമം, മുസ്‌ലിം വ്യക്തിനിയമം, പാര്‍സി വ്യക്തിനിയമം, ജൂത വ്യക്തിനിയമം എന്നിങ്ങനെ ഏഴു വ്യക്തി നിയമങ്ങള്‍ ഇന്ത്യയില്‍ നിലവിലുണ്ട്. ആര്‍ട്ടിക്കിള്‍ 25 ബുദ്ധ-ജൈന-സിക്കു മതവിഭാഗങ്ങളെ ഹിന്ദുമതത്തിന്റെ ഭാഗമായി നിര്‍വചിക്കുന്നുമുണ്ട്.  ഭരണഘടന അനുവദിച്ചുതന്ന പ്രത്യേകാവകാശമെന്ന നിലയില്‍ ഓരോ വിഭാഗവും വ്യക്തിനിയമങ്ങള്‍ പാലിച്ചുപോരുന്നു. എന്നാല്‍ പലപ്പോഴും നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ചില കോണുകളില്‍നിന്ന് ഏകസിവില്‍ക്കോഡിന്നായി വാദമുഖങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. പാര്‍ലമെന്റിനു മുമ്പാകെയും ഈ ആവശ്യം ഉന്നയിക്കപ്പെട്ടുകൊണ്ടിരുന്നു. സുപ്രീം കോടതിയില്‍ ഈ ആവശ്യം നിവര്‍ത്തിച്ചുകിട്ടുവാനായി പൊതുതാല്‍പര്യ ഹരജികളും സമര്‍പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, പാര്‍ലമെന്റിന്റെ പ്രത്യേകാധികാരങ്ങളില്‍ പെട്ടതാണെന്നു പറഞ്ഞ് കോടതി ഇത്തരം അപേക്ഷ പല ഘട്ടങ്ങളിലും തള്ളിയിട്ടുമുണ്ട്. 2008ല്‍ സുപ്രീംകോടതിക്കു മുമ്പാകെ വന്ന പൊതുതാല്‍പര്യ ഹരജി അന്നത്തെ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ തള്ളിയ സംഭവം ഒരു ഉദാഹരണം.
എന്നാല്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ മുസ്‌ലിംകള്‍ക്കു മാത്രമായി പ്രത്യേക അവകാശം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെന്നും, ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനും സഹായകമാകുന്ന പൊതു നിയമത്തിന് അവര്‍ തടസ്സം നില്‍ക്കുന്നുവെന്നുമാണ് തോന്നുക. ആസാം, മിസോറാം, മേഖാലയ, കശ്മീര്‍ തുടങ്ങിയ മേഖലകള്‍ക്ക് ഭരണഘടന ചില പ്രത്യേകാധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏകസിവില്‍കോഡ് വാദം ഭരണഘടനാപരമായി അപ്രായോഗികമാണെന്ന് മനസ്സിലാക്കുവാന്‍ ഈ വസ്തുത മാത്രം മതിയാകും.
mutha7ഇന്ത്യന്‍ സ്ത്രീ ജീവിതം പഠിക്കാന്‍ യുപിഎ സര്‍ക്കാര്‍ 2012 ഫെബ്രുവരിയില്‍ ഡോ. രാജ്പുതിന്റെ നേതൃത്വത്തില്‍ ഒരു ഉന്നത സമിതിയെ നിയോഗിച്ചിരുന്നു. 2014 ഫെബ്രുവരിയില്‍ 14 അംഗ സമിതി സമര്‍പിച്ച റിപോര്‍ട്ടിലെ ഒരു നിര്‍ദ്ദേശം മുത്വലാഖ് നിര്‍ത്തണമെന്നായിരുന്നു. ഹിന്ദു പിന്തുടച്ചാവകാശ കേസില്‍ വിധി പറയുന്നതിനിടെ മുസ്‌ലിം വ്യക്തി നിയമത്തെ പിന്‍പറ്റുന്ന സ്ത്രീകള്‍ക്കുനേരെയുള്ള വിവേചനത്തെ അടിസ്ഥാനമാക്കി സുപ്രീം കോടതി സ്വയം കേസ് രജിസ്റ്റര്‍ ചെയ്തു. മുസ്‌ലിം വനിതകളുടെ ജീവിതം യാതനാപൂര്‍ണവും അരക്ഷിതവുമാക്കുന്ന ഒരു ആചാരമാണ് മുത്വലാഖ് എന്നായിരുന്നു കോടതി നിരീക്ഷണം.
മുത്വലാഖ് വിഷയം ചൂണ്ടിക്കാട്ടി എക സിവില്‍കോഡ് നടപ്പാക്കണമെന്ന പൊതുതാല്‍പര്യ ഹരജിയില്‍ വാദം കേള്‍ക്കവേ മുസ്‌ലിം സമുദായത്തിലെ അംഗങ്ങളാരും ആവശ്യപ്പെടാത്തിടത്തോളം കാലം അതിനു സാധ്യമല്ലന്നും കോടതി നിരീക്ഷിച്ചിരുന്നു. അതിനിടെയാണ് ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്റെ പൊതുതാല്‍പര്യ ഹരജിയും ഹൈദരാബാദുകാരിയായ സൈറാബാനുവിന്റെ സ്വകാര്യഹരജിയും കോടതിക്കുമുന്നിലെത്തിയത്. മുത്വലാഖ് നിരോധിക്കണമെന്ന് മാത്രമായിരുന്നു അവരുടെ ആവശ്യം. ഏകസിവില്‍കോഡ് പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടില്ല. വിചിത്രമെന്നു പറയട്ടെ, മുത്വലാഖ് നിരോധിക്കണമെന്ന ഹര്‍ജിയുടെ പേരില്‍ ഏക സിവില്‍കോഡ് വാദവുമായി മോദി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നു. പൊതുനിയമത്തെ സംബന്ധിച്ച ചോദ്യാവലി സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുസ്‌ലിം സംഘടനകള്‍ വിട്ടുനില്‍ക്കുകയാണ്. ദയൂബന്ദ്, എംഇഎസ് എന്നീ സംഘടനകള്‍ കേസില്‍ കക്ഷിചേരാന്‍ തീരുമാനിച്ചിരിക്കുന്നു.

ഇന്ത്യയും സ്ത്രീ സുരക്ഷാ
നിയമങ്ങളും
സിവില്‍ നിയമങ്ങളിലെ സ്ത്രീ സുരക്ഷാനിയമങ്ങള്‍ക്ക അന്‍പത് വര്‍ഷത്തെ പഴക്കം മാത്രമേയുള്ളൂ. അവയില്‍ പലതും ഒട്ടേറെ നിയമ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ഇന്ന് സ്ത്രീ സാമൂഹ്യ-കുടുംബ-തൊഴില്‍ മേഖലകളില്‍ അനുഭവിക്കുന്ന തുല്യ നീതിക്കും തുല്യാവസരത്തിനും അവര്‍ നിരവധി സംഘടനകളോടും പ്രസ്ഥാനങ്ങളോടും കടപ്പെട്ടിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ജനസംഖ്യയുടെ മൂന്നിലൊന്ന് സ്ത്രീകളും ഗാര്‍ഹിക പീഡനത്തിന് ഇരകളാവുന്നു. അത് തടയാനായി 2005 ല്‍ മാത്രമാണ് നമ്മുടെ രാജ്യത്ത് ഗാര്‍ഹിക പീഡന നിയമം പാസ്സാക്കിയെടുത്തത്. കര്‍ശനവ്യവസ്ഥകളോടെ മാത്രം സാധ്യമാകുമായിരുന്ന ഇന്ത്യന്‍ വിവാഹമോചന നിയമം 2001 ലാണ് ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആവശ്യം പരിഗണിച്ച് പുതുക്കിയത്. പുതുതായി നിലവില്‍ വന്ന നിയമപ്രകാരവും വ്യഭിചാരം, മതപരിവര്‍ത്തനം, മാറാരോഗങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ മാത്രമെ വിവാഹമോചനം സാദ്ധ്യമാകൂ. ഇന്ത്യന്‍ പീനല്‍ കോഡില്‍ അച്ഛന്റെ സ്വത്തില്‍ വിവാഹിതയായ ക്രിസ്തീയ യുവതികള്‍ക്ക് അവകാശം സ്ഥാപിച്ചു കിട്ടിയത് 1985 കളില്‍ മേരീ റോയ് നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമായാണ്.
കേരളത്തില്‍ ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന കൂട്ടുകുടുംബവ്യവസ്ഥ എടുത്തുകളഞ്ഞത് 1956 ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരമാണ്. 1955 ല്‍ ഹിന്ദു വിവാഹനിയമവും, 1956ല്‍ ഹിന്ദു ദത്തെടുക്കല്‍നിയമവും നിലവില്‍ വന്നു. 1996ലെ ഇസ്‌ലാമിക പിന്തുടച്ചാവകാശ നിയമത്തിലാണ് ഒരു മുസ്‌ലിം വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ അവകാശങ്ങളെ പറ്റിയും കടബാധ്യതക്ക് പിന്തുടര്‍ച്ചാവകാശികള്‍ക്കുള്ള ബാധ്യതയെ പറ്റിയും പറയുന്നത്. ഇന്ത്യന്‍ പീനല്‍ കോഡ് ആക്ട് 509 അടുത്ത കാലത്തായി നിലവില്‍ വന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ക്ക് ഈ നിയമപ്രകാരം ഒരു വര്‍ഷംവരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കും. ഇത്തരം സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ആവിഷ്‌കൃതമായത് സ്ത്രീകളുടെ മുന്‍കൈയിലുള്ള ഒട്ടനേകം രൂക്ഷമായ സമരങ്ങളിലൂടെയാണ്.

ഇസ്‌ലാമും സ്ത്രീയും
ഇസ്‌ലാമില്‍ സ്ത്രീ ആശ്രിത വ്യക്തിത്വമല്ല. വിവാഹത്തിലൂടെ സ്ത്രീ പരാശ്രയത്വത്തിന്റെ മേഖലകളിലേക്ക് എത്തിപ്പെടുകയുമല്ല. കുടുംബജീവിതത്തില്‍ സ്ത്രീകള്‍ക്ക് ഇസ്‌ലാം ന്യായമായ അവകാശങ്ങള്‍ വകവച്ചുകൊടുക്കുന്നു. ഉത്തമനായ വ്യക്തി സ്ത്രീയോട് സൗഹൃദപൂര്‍വം പെരുമാറുന്നവനാണെന്ന് നബി പഠിപ്പിക്കുന്നു. താനാഗ്രഹിക്കുന്ന വ്യക്തികളെ തന്റെ പരിധിയിലുള്ള സ്ത്രീകളുടെ വരന്മാരായി തീരുമാനിക്കാനുള്ള ഏകപക്ഷീയമായ അധികാരം ഇസ്‌ലാം അവരുടെ രക്ഷാധികാരികള്‍ക്ക് നല്‍കുന്നില്ല. ദാമ്പത്യ ജീവിതം ഒരിക്കലും യോജിച്ചു കൊണ്ടുപോകാന്‍ കഴിയാത്ത സന്ദര്‍ഭത്തില്‍ ഫസ്ഖ് ചെയ്യാനുള്ള അവകാശവും വിവാഹ മോചനം ചെയ്യപ്പെടുമ്പോള്‍ ന്യായമായ നീതിയും മതാഅ് ലഭിക്കാനുള്ള അവകാശവും ഖുര്‍ആന്‍ സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇസ്‌ലാം സ്ത്രീയുടെ മേല്‍ യാതൊരുവിധ സാമ്പത്തിക ബാധ്യതയും കെട്ടിയേല്‍പ്പിക്കുന്നില്ല. അനന്തരാവകാശത്തിനുള്ള അര്‍ഹതയും ഇസ്‌ലാം സ്ത്രീകള്‍ക്കു നല്‍കി.
ജീവിതം അസഹനീയമെന്നുതോന്നിയാല്‍ ദമ്പതികള്‍ ജീവിതകാലം മുഴുവന്‍ വീര്‍പ്പുമുട്ടിക്കഴിയണമെന്ന് ഇസ്‌ലാം വാശി പിടിക്കുന്നില്ല. അതാണ് ത്വലാഖിന്റെ സാഹചര്യം. അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെടുമ്പോള്‍ മാത്രം സംഭവിക്കേണ്ട ഒന്ന്. വേര്‍പിരിയാന്‍ തീരുമാനിക്കുന്നതു മുതല്‍ പുനരാലോചനയുടെയും അനുരഞ്ജനത്തിന്റെയും വാതിലുകള്‍ തുറന്നുവച്ചുകൊണ്ടുള്ള മൂന്നു ഘട്ടങ്ങളിലൂടെ പൂര്‍ത്തിയാവുന്ന പ്രക്രിയയാണ് ഇസ്‌ലാമിലെ വിവാഹമോചനം. യാതൊരു അവധാനതയുമില്ലാതെ ചെയ്യേണ്ട ഒരു പ്രവര്‍ത്തിയല്ല അതെന്ന് സാരം.
വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ളതുപോലെ ബഹുഭാര്യത്വവുമായി ബന്ധപ്പെട്ടും ഇസ്‌ലാം ആക്ഷേപിക്കപ്പെടാറുണ്ട്. ബഹുഭാര്യത്വത്തെ കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാത്തവരാണ് ഇങ്ങനെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രം സ്വീകരിക്കേണ്ട സാമൂഹിക പരിരക്ഷാ പദ്ധതി മാത്രമാണത്. ഇസ്‌ലാമിക വീക്ഷണത്തില്‍നിന്നും വ്യത്യസ്തമായ നിലപാടാണ് പലപ്പോഴും സ്ത്രീയുടെ വിഷയത്തില്‍ അനുവര്‍ത്തിച്ചുപോരുന്നത്. ഇസ്‌ലാമിന്റെ സ്ത്രീയെക്കുറിച്ച അധ്യാപനങ്ങള്‍ കീഴ്‌മേല്‍ മറിക്കപ്പെട്ടു. അതിന്റെ ബാധ്യത ഇസ്‌ലാമിന്റെ മേല്‍ ചാര്‍ത്തപ്പെടുകയും ചെയ്തു. മറ്റൊരു കാര്യം കൂടി പ്രസ്താവ്യയോഗ്യമായുണ്ട്. എല്ലാ സ്ത്രീകളും പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും പ്രശ്‌നവല്‍ക്കരിക്കപ്പെട്ടത് മുസ്‌ലിം സ്ത്രീകളുടെ ദുരവസ്ഥ മാത്രം. ഇസ്‌ലാമിനു മേല്‍ സ്ത്രീപീഡനത്തിന്റെ ചാപ്പ കുത്തിക്കൊണ്ടാണ് ഏക സിവില്‍കോഡ് പ്രാബല്യത്തില്‍ വരണം എന്ന് പലരും വാദിക്കുന്നത്. വിവാഹമോചനക്കേസുകള്‍ വാര്‍ത്തയായപ്പോഴൊക്കെയും ഏക സിവില്‍കോഡ് വാദം ശക്തിപ്പെട്ടിരുന്നു. ഏത് നിയമസംഹിതയെ അടിയാധാരമാക്കിയാണ് എന്ന് വ്യക്തമാക്കാതെ ഏക സിവില്‍കോഡ് പ്രാബല്യത്തില്‍ വരുത്താനായുള്ള ധാര്‍ഷ്ട്യം ചെറുക്കപ്പെടുകതന്നെ വേണം. മുന്‍കാലങ്ങളില്‍ പൊതുനിയമത്തിനുവേണ്ടി വാദിച്ച സിപിഎംപോലുള്ള പാര്‍ട്ടികള്‍ ഇന്ന് നിലപാട് മാറ്റിയ പശ്ചാത്തലത്തില്‍ വിശേഷിച്ചും.
ഇന്ത്യയില്‍ നിലവിലുള്ള മുസ്‌ലിം വ്യക്തി നിയമം അനുസരിച്ചാണ് കോടതി വിധിതീര്‍പ്പുകള്‍ കല്‍പ്പിക്കുന്നത്. ഇവിടെയാണ് പ്രശ്‌നത്തിന്റെ മര്‍മം. മുസ്‌ലിംകള്‍ വലിയൊരു ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. കോടതികള്‍ ആശ്രയിക്കുകയും അവലംബിക്കുകയും ചെയ്യുന്ന നിലവിലുള്ള മുസ്‌ലിം പേഴ്‌സനല്‍ ലോ പുനഃപരിശോധിക്കാന്‍ തയ്യാറാവുക എന്നതാണാ ബാധ്യത. കാരണം, ഇതിനെ മുന്‍നിര്‍ത്തിയാണ് ഇസ്‌ലാമിക നിയമങ്ങള്‍ കാലഹരണപ്പെട്ടതും സ്ത്രീവിരുദ്ധവുമെന്ന വാദഗതി ഉയര്‍ന്നുവരുന്നത്. ഇവിടെ ചില വിശദീകരണങ്ങള്‍ ആവശ്യമാണ്.
1937ലാണ് ശരീഅത്ത് ആക്ട് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് അവരുടെ വ്യവഹാരങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനായി ഇസ്‌ലാമിക നിയമമെന്ന പേരില്‍ നടപ്പിലാക്കിയത്. ഖുര്‍ആനില്‍ സാധൂകരണമില്ലാത്ത നിയമങ്ങള്‍ മുഹമ്മദന്‍ ലോയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഖുര്‍ആനെയും ഹദീസിനെയും വ്യഖ്യാനിക്കുന്നതില്‍ വേണ്ടത്ര അവഗാഹമില്ലാത്ത നമ്മുടെ നിയമജ്ഞര്‍ക്ക് വിധിയില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടി വരുമ്പോള്‍ അവലംബിക്കേണ്ടി വരുന്നത് പൂര്‍ണ്ണമായും ഇസ്‌ലാമിന്റെ അന്തസത്തയെയോ സമഗ്രതയെയോ ഉള്‍ക്കൊണ്ടിട്ടില്ലാത്ത നിയമങ്ങളെയാണ്. ആ നിയമത്തിന്റെ പേരില്‍ യാതന അനുഭവിക്കുന്ന മുസ്‌ലിം സ്ത്രീയെ നോക്കി സഹതപിക്കുന്നവരോട് നമുക്ക് രോഷംകൊള്ളാനാവില്ല. മുസ്‌ലിം പേഴ്‌സനല്‍ ലോയിലെ പഴുതുകള്‍ കാണിച്ച് ഏക സിവില്‍കോഡ് വാദമുയര്‍ത്തപ്പെടുമ്പോള്‍ പേഴ്‌സണല്‍ ലോ ഖുര്‍ആനും പ്രവാചക ചര്യക്കും അനുസരിച്ച് പുനരാവിഷ്‌കരിച്ചുകൊണ്ടാണ് മുസ്‌ലിംകള്‍ പ്രതികരിക്കേണ്ടത്. നമ്മുടെ അഭ്യന്തര ബലഹീനതയെയാണ് തല്‍പരകക്ഷികള്‍ മുതലാക്കുന്നതെന്ന ബോധം ഇനിയെങ്കിലും പണ്ഡിത്മാര്‍ക്കുണ്ടാവണം.
സമുദായത്തിന്റെ മൗലികമായ അജണ്ട തകിടം മറിക്കപ്പെടുമ്പോള്‍ പ്രഥമവും പ്രധാനപ്പെട്ടതുമായ വിഷയങ്ങളില്‍ വ്യാപരിക്കാന്‍ പണ്ഡിതന്മാര്‍ക്കും നേതൃത്വത്തിനും സമയം കിട്ടുന്നില്ലാ എന്നത് ശരിതന്നെ. എന്നാലും പറയട്ടെ, ഇന്ത്യന്‍ പേഴ്‌സണല്‍ലോ ഖുര്‍ആനനുസരിച്ച് ക്രോഡീകരിക്കാനുള്ള ശ്രമങ്ങളൊന്നും ഉണ്ടാവുന്നില്ല. മുത്വലാഖ് ഏകപക്ഷീയമായി നടക്കുന്നുണ്ടെങ്കില്‍ അത് നിരോധിക്കാന്‍ പണ്ഡിതന്മാര്‍ മുന്‍കൈ എടുക്കുകതന്നെ വേണം. അതുപോലെ ഫസ്ഖ്, ഖുല്‍അ് എന്നീ അവകാശങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള തടസ്സങ്ങളും പ്രതിബന്ധങ്ങളും ദൂരീകരിക്കപ്പെടണം.

ഏകീകൃത നിയമം മുസ്‌ലിം
സ്ത്രീയെ രക്ഷിക്കാനോ
മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഏകസിവില്‍ക്കോഡിലൂടെ പരിഹരിക്കപ്പെടുകയില്ല. പ്രമാദമായ ഷാബാനുബീഗം കേസിനോടനുബന്ധിച്ചുണ്ടായ 1986 ലെ മുസ്‌ലിം സ്ത്രീയുടെ അവകാശസംരക്ഷണത്തിനായുള്ള നിയമം (ദി മുസ്‌ലിം വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ഓണ്‍ ഡൈവോഴ്‌സ് ആക്ട് 1986)  സത്യസന്ധമായി വിലയിരുത്തിയാല്‍ ഒരു കാര്യം ബോധ്യപ്പെടും.
ത്വലാഖ് ചൊല്ലിയ പുരുഷന്റെ ബാധ്യതയെ ഇതര മതസ്ഥരുടേതിനോട് തുല്യപ്പെടുത്തിക്കൊണ്ട് വന്ന സുപ്രിം കോടതി വിധിയെ മുസ്‌ലിം സമൂഹത്തിന്റെ ആവശ്യം മാനിച്ച് രാജീവ് ഗാന്ധി സര്‍ക്കാര്‍ ഭേദഗതി ചെയ്തു. അത് വിപ്ലവകരമായ നടപടിയായിരുന്നുവെന്ന് നിരവധി നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വിധിന്യായത്തിലെ 3ാം വകുപ്പിലൂടെ സംരക്ഷണചെലവിനു പുറമെ നല്ലൊരു തുകകൂടി സ്ത്രീക്കു ലഭിക്കുന്നുണ്ട്. ത്വലാഖ് ചൊല്ലപ്പെട്ട മുസ്‌ലിം സ്ത്രീക്ക് ലക്ഷം രൂപയോളമോ അതിലധികമോ കൊടുക്കണമെന്ന് മുന്‍ ഭര്‍ത്താക്കന്മാരോട് കല്‍പിച്ച ആയിരക്കണക്കിന് വിധിന്യായങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഷാബാനു കേസിലാവട്ടെ മജിസ്‌ട്രേറ്റ് ഭര്‍ത്താവിനോട് നല്‍കാന്‍ നിര്‍ദ്ദേശിച്ചത് കേവലം ഇരുപത്തഞ്ചുരൂപയായിരുന്നു. മധ്യപ്രദേശ് ഹൈക്കോടതി ഇത് പ്രതിമാസം നൂറ്റിയിരുപത്തഞ്ച് രൂപയാക്കി വര്‍ധിപ്പിച്ചു. സുപ്രിംകോടതിതന്നെ വിചാരിച്ചിരുന്നാലും പരമാവധി അഞ്ഞൂറ് രൂപയില്‍ കൂടുതലാക്കാന്‍ കഴിയുമായിരുന്നില്ല. പശ്ചിമബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ നടപടിപ്രകാരം പരമാവധി വിധിക്കാവുന്ന പ്രതിമാസ ചെലവു തുക അഞ്ഞൂറു രൂപ മാത്രമാണ്. എന്നാല്‍ 86 ലെ നിയമപ്രകാരമാകട്ടെ വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് വലിയ കാലതാമസമില്ലാതെ ഭാവിജീവിതം സുരക്ഷിതമാക്കാന്‍ പര്യാപ്തമായ ഭേദപ്പെട്ടൊരു തുക ഒരുമിച്ച് ലഭിക്കുന്നു (കോടതി-അഴിമതി-അധികാരം. അഡ്വ കാളീശ്വരം രാജ്.  പേജ് 49).
ക്രിമിനല്‍ നടപടിക്രമങ്ങള്‍ വിവരിക്കുന്ന നിസ്സാര ബാധ്യതയുടെ പേരിലായിരിക്കില്ല ശരീഅത്തില്‍ വേരുകളുള്ള മുസ്‌ലിം വനിതാ നിയമത്തിലൂടെ നിര്‍വചിക്കപ്പെട്ട ഭീമമായ ബാധ്യതയുടെ പേരിലായിരിക്കും ത്വലാഖുകള്‍ കുറയുന്നത് എന്നുകാണാം. (പേജ് 50) രണ്ടാം വിവാഹത്തില്‍ ഏര്‍പ്പെട്ട് ഒന്നാംഭാര്യയെ വഴിയാധാരമാക്കുന്നവരുണ്ട്. അയാളില്‍നിന്നും തന്റെ അവകാശങ്ങള്‍ അനുവദിച്ചു കിട്ടാന്‍ അവള്‍ക്ക് ഇസ്‌ലാമിക നിയമപ്രകാരം കോടതിയെ സമീപിക്കാം. ആ അവകാശങ്ങള്‍ വകവച്ചു കൊടുക്കാന്‍ പുരുഷനെ ഖുര്‍ആന്‍ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
സച്ചാര്‍ പോലുള്ള അന്വേഷണകമ്മീഷനുകള്‍ കണ്ടെത്തിയത് അമുസ്‌ലിംകളിലാണ് ബഹുഭാര്യത്വം കൂടുതലെന്നാണ്. 1995ലെ ഹിന്ദു മാര്യേജ് ആക്ട് ഹൈന്ദവര്‍ക്ക് ബഹുഭാര്യത്വം നിരോധിച്ചിട്ടുണ്ട്. ഐപിസി സെക്ഷന്‍ 494 പ്രകാരം ഇത് കുറ്റകരമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ആണ് സമത്വത്തോടെയും തുല്യതയോടെയും ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നത്. എന്നാല്‍ ആദ്യഭാര്യയല്ലാത്ത ആര്‍ക്കും ഭാര്യാപദവി മതപരമായി കിട്ടാതിരിക്കുമ്പോള്‍ സമത്വത്തിനുള്ള അവകാശമാണ് ലംഘിക്കപ്പെടുന്നത്. ആര്‍ട്ടികിള്‍ 21 ഒരാളുടെ അന്തസ്സോടെയുള്ള ജീവിതമാണ് ഉറപ്പുവരുത്തുന്നത്. എന്നാല്‍ ബഹുഭാര്യത്വം അനുവദിക്കാത്ത സമുദായമെന്ന നിലയില്‍ രണ്ടാം ഭാര്യയായി വരുന്ന അമുസ്‌ലിം സ്ത്രീക്ക് സമൂഹത്തില്‍ സമത്വം നഷ്ടപ്പെടുന്നു. ദേശീയോദ്ഗ്രഥനം സാധ്യമാക്കാന്‍ ഈ സ്ത്രീകള്‍ക്കും പരിരക്ഷ ആവശ്യമില്ലേ?
മുത്വലാഖിന്റെ മറവില്‍ ത്വലാഖ് പോലും ഇല്ലതാക്കുന്ന പ്രക്രിയയണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമല്ല. സര്‍ക്കാര്‍ നിയമിച്ച 20ാം നിയമ കമ്മീഷന്‍ ഒരു സമുദായത്തിന്റെ മാത്രം പ്രശ്‌നങ്ങളെ സംബോധന ചെയ്തുകൊണ്ടാണ് രംഗത്തു വന്നിരിക്കുന്നത്. വിവാഹമോചനം പ്രോത്സാഹിപ്പിക്കാത്ത ഒരു സമൂഹത്തോടാണ് അത് നിരോധിക്കണമോയെന്ന് ചോദിച്ചിരിക്കുന്നത്. വിവാഹമോചനം റദ്ദു ചെയ്യുക എന്നത് ഒരു പരിഷ്‌കൃതസമൂഹത്തിനും യോജിച്ചതല്ല. എന്തിനാണ് തന്നെ ഇഷ്ടമില്ലാത്തവന്റെ കൂടെ പൊറുക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുന്നത്. സ്‌നേഹവും പരിഗണനയും കാരുണ്യവും ലഭിക്കാതെ പുരുഷനില്‍നിന്ന് സാമ്പത്തിക സുരക്ഷിതത്വം മാത്രം കിട്ടിയതുകൊണ്ട് ദാമ്പത്യം പൂര്‍ണമാവുകയില്ല. സ്ത്രീ ആണിന്റെ കാലില്‍തന്നെ തളച്ചിടപ്പെടണമെന്ന പുരുഷാധിപത്യപരമായ ചിന്തയില്‍നിന്നാണ് വിവാഹം കഴിഞ്ഞാല്‍ പിന്നെ മോചനമേ പാടില്ല എന്ന ആശയം ഉണ്ടാവുന്നത്.
ഏക സിവില്‍ കോഡിലൂടെ സ്ത്രീയുടെ അന്തസ്സാര്‍ന്ന ജീവിതമാണ് ലക്ഷ്യമെങ്കില്‍ നിയമകമ്മീഷന്റെ ചോദ്യാവലിയില്‍ ഒന്നുകൂടി ഉള്‍പ്പെടുത്താനുണ്ട്. ഇന്ത്യയിലെ ചുവന്ന തെരുവിലെ സ്ത്രീകളെകുറിച്ച്. ഒരു സ്ത്രീക്ക് ഏറ്റവും വലുത് അവളുടെ മാനമാണ.് മാനം വിറ്റ് ചോറുണ്ണുന്ന ദശലക്ഷക്കണക്കിന് പെണ്ണുങ്ങളുണ്ട് ഇന്ത്യാ മഹാരാജ്യത്ത്. അഞ്ചു ലക്ഷത്തോളം പെണ്‍കുട്ടികളാണ് നിര്‍ബന്ധിത സാഹചര്യത്തില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2007 ല്‍ വനിതാ ശിശുക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ലൈംഗികതൊഴിലാളികളില്‍ 35.47 ശതമാനം 18 വയസ്സിന് താഴെയുള്ളവരാണ്. ഇവരുടെ പ്രതിസന്ധികള്‍ ദൂരീകരിക്കാതെ എങ്ങനെയാണ് ദേശീയോദ്ര്ഗഥനം സാധ്യമാക്കുക. ശൗചാലയങ്ങളുള്ള വിദ്യാലയങ്ങള്‍ കാണാന്‍ ബുദ്ധിമുട്ടാണ്.
ഈ നാട്ടില്‍ മുസ്‌ലിം സ്ത്രീയെക്കുറിച്ചു മാത്രം വേവലാതിപ്പെടുമ്പോള്‍ തീര്‍ച്ചയായും സംശയിച്ചുപോകുന്നു. മതങ്ങള്‍ക്കതീതമായും ലിംഗഭേദത്തിനതീതമായും ഏവര്‍ക്കും സമത്വം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയാണ് നമ്മുടേത്. എന്നാല്‍ വേള്‍ഡ് ഇകണോമിക്‌സ് ഫോറത്തിന്റെ റിപോര്‍ട്ടുപ്രകാരം ലിംഗനീതിയുടെ കാര്യത്തില്‍ നമ്മുടെ രാജ്യം ഏറ്റവും പിന്നിലാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ ലോകത്ത് നാലാം സ്ഥാനത്ത് ഇന്ത്യയാണെന്നാണ് തോംസണ്‍ റോയിട്ടേഴ്‌സ് ട്രസ്റ്റ് ലോ വിമണ്‍ എന്ന അന്താരാഷ്ട്ര സംഘടനയുടെ പഠനം പറയുന്നത്. ഇങ്ങനെ അസമത്വം അനുഭവിക്കുന്ന പെണ്‍പടയില്‍ മുക്കാല്‍ പങ്കിനെ മാറ്റിനിര്‍ത്തി കാല്‍ വിഭാഗത്തിനു മാത്രം സമത്വം വേണമെന്ന വാശി സംശയിക്കപ്പെടേണ്ടതുതന്നെയാണ്.
മതങ്ങള്‍ക്കതീതമായി എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ബാധകമായ 2005ലെ കുടുംബത്തിലെ അതിക്രമങ്ങളില്‍നിന്നും സ്ത്രീകള്‍ക്കുള്ള സംരക്ഷണ നിയമവും 1996 ലെ മുസ്‌ലിം സ്ത്രീകള്‍ക്ക് ബാധകമായ വിവാഹമോചന അവകാശങ്ങളുടെ സംരക്ഷണത്തിനുള്ള നിയമവുപോയാഗിച്ച് പതിറ്റാണ്ടുകളായി സ്ത്രീപക്ഷ നിയമവിദഗ്ദ്ധര്‍ ബഹുഭാര്യത്വത്തെയും മുത്വലാഖിനെയും വിജയകരമായി നേരിടുകയും ജീവനാംശവും കുട്ടികളുടെ രക്ഷാകര്‍തൃത്വവും ഗൃഹാവകാശവും എണ്ണമറ്റ മുസ്‌ലിം സ്ത്രീകള്‍ക്ക് നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ടല്ലോ. അതിനുപുറ െ2002ലെ വിഖ്യാതമായ വിധിയിലൂടെ സ്വതന്ത്രമായ മുത്വലാഖ് സാധുവല്ലെന്ന വാദം ശക്തിപ്പെടുത്താനും സ്ത്രീപക്ഷ നിയമപ്രവര്‍ത്തര്‍ക്കായിട്ടുണ്ട് (നിവേദിത മേനോന്‍ -പാഠഭേദം 2016 ആഗസ്റ്റ്-സെപ്തംബര്‍).  മുസ്‌ലിം സ്ത്രീകള്‍ക്കുവേണ്ടി നിയമത്തെ കാവല്‍നിര്‍ത്താന്‍ നിയമപണ്ഡിതര്‍ക്കായിട്ടുണ്ടെങ്കില്‍ പിന്നെന്തിനാണ് രാഷ്ട്രീയക്കാര്‍ ഭരണഘടനയെ നോക്കുകുത്തിയാക്കി ഏക സിവില്‍കോഡിനായി മുന്നിട്ടിറങ്ങുന്നത്?
അംബേദ്കര്‍ പറഞ്ഞു: വ്യക്തി നിയമങ്ങള്‍ എടുത്തുകളയാനുള്ള ബാധ്യതയൊന്നും ഭരണകൂടത്തിനില്ല. ഒരു ഭരണകൂടത്തിനും അതിന്റെ അധികാരം മുസ്‌ലിം സമുദായത്തെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പ്രയോഗിക്കാനാവില്ല. ഭരണകൂടം അങ്ങനെ ചെയ്താല്‍ അതൊരു ബുദ്ധിശൂന്യമായ ഭരണകൂടമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്നിട്ടും ഏകമാനമുള്ള നിയമം വേണമെന്നു വാശിപിടിച്ച് മുന്നോട്ടുപോകുന്നതിനു പിന്നില്‍ സ്ത്രീകളുടെ -മുസ്‌ലിം സ്ത്രീകളുടെ- ലിംഗസമത്വമോ സ്വാതന്ത്ര്യമോ അല്ല, ഹിന്ദു ദേശീയതയാണ് ലക്ഷ്യം.
ആര്‍എസ്എസ് ആചാര്യനായ ഗോള്‍വാള്‍ക്കറുടെ വരികള്‍ ഉദ്ധരിക്കട്ടെ: മുസ്‌ലിംകള്‍ ഈ രാജ്യത്തെയും ഇവിടുത്തെ സംസ്‌കാരത്തെയും സ്‌നേഹിക്കുന്ന കാലത്തോളം നാം അവരുടെ ജീവിതരീതി സ്വാഗതം ചെയ്യും. ഐക്യത്തിനും ഉദ്ഗ്രഥനത്തിനും ആവശ്യം ഏകതയല്ല. സഹകരണവും യോജിപ്പുമാണ്. നാനാത്വത്തില്‍ ഏകത്വം സാധ്യമാണെന്നതാണ് നമ്മുടെ അനുഭവം. കൃത്രിമമായി എല്ലാവരെയും ഒരേ തലത്തില്‍ കൊണ്ടുവരുന്നത് ശരിയായിരിക്കില്ല. പ്രകൃതി ഐക്യരൂപം ഇഷ്ടപ്പെടുകയില്ല. ഐക്യരൂപം രാഷ്ട്രങ്ങളുടെ മരണമണിയായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. വ്യത്യസ്ത ജീവിത സമ്പ്രദായങ്ങള്‍ക്ക് നിലനില്‍പ് അനുവദിക്കണമെന്ന ആശയക്കാരനാണ് ഞാന്‍. വൈവിധ്യങ്ങളെ അംഗീകരിക്കാതിരിക്കുമ്പോള്‍ ഇന്ത്യന്‍ജനത പൊട്ടിച്ചിതറിയ മാലപോലെയാകുമെന്നര്‍ഥം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss