|    Jan 24 Tue, 2017 2:50 pm
FLASH NEWS

മുത്വലാഖ് വഴി ഏക സിവില്‍ കോഡിലേക്ക്

Published : 14th October 2016 | Posted By: SMR

റഹീം  നെട്ടൂര്‍

മുത്വലാഖ്- സംഘപരിവാര നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാരിന് അതൊരു പിടിവള്ളിയാണ്. മുസ്‌ലിംകള്‍ക്ക് ഭരണഘടന നല്‍കുന്ന മതപരമായ സ്വാതന്ത്ര്യത്തിനു നേരെ ഓങ്ങാന്‍ ഒരു വാളാണ് മുത്വലാഖ്. മുത്വലാഖിന്റെ മറവില്‍ കൃത്യമായി മറ്റു വ്യക്തിനിയമങ്ങളും ലക്ഷ്യമിടുന്നുവെന്നാണ് ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം വ്യക്തമാക്കുന്നത്. ഒരുഭാഗത്ത് കോടതിയില്‍ നിന്ന് നിലവിലെ മുത്വലാഖിനും ബഹുഭാര്യത്വത്തിനും എതിരായ വിധി നേടിയെടുക്കുന്ന സാഹചര്യമുണ്ടാക്കുക. ഈ അനുകൂലഘട്ടം മുതലാക്കി മറുഭാഗത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനു വളക്കൂറുള്ള മണ്ണുണ്ടാക്കിയെടുക്കുക. അതുകൊണ്ടുതന്നെയാണ് വളരെ ആസൂത്രിതമായി നിയമ കമ്മീഷനെ ഉപയോഗിച്ച് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായാല്‍ കേന്ദ്രത്തിന് കാര്യങ്ങള്‍ എളുപ്പമാവും. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന എതിര്‍പ്പുകളെ മുളയിലേ നുള്ളാനുള്ള കൃത്യമായ മുന്‍കരുതല്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ചെറിയ മസ്അല പ്രശ്‌നത്തില്‍ പോലും തമ്മില്‍ത്തല്ലിക്കൊണ്ടിരിക്കുന്ന മുസ്‌ലിംകള്‍ക്കു നേരെ അതേ കാര്‍ഡ് തന്നെയാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. മുത്വലാഖ് എന്നത് കാലങ്ങളായി വിവിധ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഏറെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കു വിഷയമായിട്ടുള്ള കാര്യമാണ്. ഈ തര്‍ക്കവിഷയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് സുപ്രിംകോടതിയില്‍ കേസ് എത്തിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. വിഷയം ഇതായതുകൊണ്ടു തന്നെ കോടതിയുടെ പരിഗണനയില്‍ കേസെത്തിയ ഉടനെ മുസ്‌ലിംകള്‍ മുത്വലാഖിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ തുടങ്ങി. സോഷ്യല്‍ മീഡിയയിലും ചര്‍ച്ച ചൂടുപിടിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചതുപോലെ മുസ്‌ലിംകള്‍ മുത്വലാഖ് വേണോ വേണ്ടയോ എന്ന ചര്‍ച്ച മാത്രമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ മുത്വലാഖിന്റെ മറവില്‍ ബഹുഭാര്യത്വം കൂടി ഇല്ലായ്മ ചെയ്യണമെന്ന് സുപ്രിംകോടതിയിലിരിക്കുന്ന വിവിധ ഹരജികളില്‍ ആവശ്യമുണ്ട്. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും ബഹുഭാര്യത്വത്തിന് എതിരാണ്. മാത്രമല്ല, കേന്ദ്രം നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ ഏക സിവില്‍ കോഡിലേക്ക് എത്താനുള്ള വിവിധ വഴികള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. മതവിശ്വാസമാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും മതത്തിലെ ആചാരങ്ങളല്ല എന്നുമാണ് പ്രധാന വാദം. മുസ്‌ലിംകള്‍ അപ്പോള്‍ ഏകദൈവ വിശ്വാസവുമായി ഇവിടെ ഇരുന്നാല്‍ മതി; അതിനോട് അനുബന്ധിച്ച് ഒരു മുസ്‌ലിം നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍ പോലും വേണമെങ്കില്‍ ആചാരത്തിന്റെ പരിധിയില്‍പ്പെടുത്തി സര്‍ക്കാരിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന്. ആചാരങ്ങള്‍ ക്രമസമാധാനത്തിനും ആരോഗ്യമേഖലയ്ക്കും മാത്രമല്ല, സര്‍ക്കാരിന്റെ സാമൂഹികക്ഷേമ പദ്ധതികള്‍ക്കുപോലും വിഘാതമാവുകയാണെങ്കില്‍ മാറ്റേണ്ടതാണെന്നാണ് സത്യവാങ്മൂലം പറയുന്നത്. ഈ പറയുന്ന ക്രമസമാധാനവും ആരോഗ്യമേഖലയുമെല്ലാം അതത് സര്‍ക്കാരിന് തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നവയാണ് എന്നതുകൊണ്ടുതന്നെ ഏത് ആചാരവും വേണമെങ്കില്‍ നിരോധിക്കാവുന്ന സാഹചര്യം ഉരുത്തിരിയും. മുത്വലാഖിനും ബഹുഭാര്യത്വത്തിനും എതിരേ മാത്രമല്ല, പിന്തുടര്‍ച്ചാവകാശവും ആവശ്യമെങ്കില്‍ ഭേദഗതി ചെയ്യേണ്ടതാണെന്ന് സുപ്രിംകോടതിയുടെ മുന്‍ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തി സത്യവാങ്മൂലം പറയുന്നുണ്ട്. ഇതും മുത്വലാഖ് തര്‍ക്കത്തിന്റെ മറവില്‍ ആരും ശ്രദ്ധിക്കാതെ പോവുന്നു.
അതേസമയം മുത്വലാഖില്‍ കടിച്ചുതൂങ്ങുന്നുവെന്നു മാത്രമല്ല, ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനായി നിയമ കമ്മീഷനെ ഉപയോഗപ്പെടുത്തുന്നതിനെതിരേ കാര്യമായ പ്രതിഷേധമൊന്നും മുസ്‌ലിം സമുദായത്തിന്റെയോ നേതാക്കളുടെയോ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മുമ്പ് ഇത്തരത്തില്‍ ഏക സിവില്‍ കോഡിന് വേണ്ടി വാദമുണ്ടായപ്പോള്‍ പാര്‍ലമെന്റിനകത്തും പുറത്തും മുസ്‌ലിം നേതാക്കള്‍ നീക്കത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയുണ്ടായി. ഇപ്പോഴാവട്ടെ കോടതിയെയും പൊതുജനത്തെയും കൂടെ നിര്‍ത്തി ഏക സിവില്‍ കോഡെന്ന ലക്ഷ്യത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം നീങ്ങുമ്പോള്‍ പോലും അരുതെന്ന് ഒത്തൊരുമയോടെ പറയാന്‍ സമുദായത്തിന് ആവുന്നില്ലെന്നതാണു വസ്തുത.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 301 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക