|    Dec 18 Mon, 2017 3:13 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുത്വലാഖ്: മുസ്‌ലിം വ്യക്തിനിയമത്തില്‍ കോടതിക്ക് ഇടപെടാനാവില്ല

Published : 3rd September 2016 | Posted By: SMR

ന്യൂഡല്‍ഹി: സാമൂഹിക പരിഷ്‌കരണത്തിന്റെ പേരില്‍ വ്യക്തിനിയമങ്ങള്‍ മാറ്റിയെഴുതാനാവില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്  സുപ്രിംകോടതിയില്‍. മുസ്‌ലിം വ്യക്തിനിയമങ്ങള്‍ ജുഡീഷ്യറിക്ക് മാറ്റാനാവില്ലെന്നും ഭരണഘടനയുടെ മൂന്നാം ഭാഗത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി വ്യക്തിനിയമങ്ങളെ കോടതിയില്‍ ചോദ്യംചെയ്യാനാവില്ലെന്നും വ്യക്തിനിയമ ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ദാമ്പത്യബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുന്നതും വിവാഹമോചനത്തില്‍ എത്തുന്നതും സാധാരണമാണ്. ഇത്തരം ഘട്ടങ്ങളില്‍ നിയമവഴി സ്വീകരിക്കുന്നതു സാമ്പത്തിക-സമയനഷ്ടത്തിനും കാരണമാവും. കോടതികളില്‍ ഇതു തീര്‍പ്പാവാന്‍ കുറേ സമയവുമെടുക്കും. ഈ അവസ്ഥയില്‍ നിയമവഴികളിലേക്കു പോവാതെ ഭാര്യയെ ഒഴിവാക്കാനായി കൊലപാതകം ഉള്‍പ്പെടെ ക്രിമിനല്‍ മാര്‍ഗങ്ങള്‍ ആലോചിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ ധാരാളമാണ്. ഇത്തരം ഘട്ടങ്ങളില്‍ മുത്വലാഖാണ് ക്രിമിനല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനേക്കാളും നല്ലതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
വ്യക്തിനിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് കൊല്‍ക്കത്ത സ്വദേശിനി ഇശ്‌റത് ജഹാന്‍ സമര്‍പ്പിച്ച ഹരജിയില്‍  കേന്ദ്ര സര്‍ക്കാരിനും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനും കഴിഞ്ഞയാഴ്ച സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനു നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വിശദീകരണം.
ഇസ്‌ലാമില്‍ പുരുഷനു ഭാര്യയെ മൊഴി ചൊല്ലാനുള്ള അവകാശം പോലെ സ്ത്രീക്ക് അവളുടെ ഭര്‍ത്താവില്‍ നിന്നു വിവാഹമോചനം തേടാനുള്ള നിയമങ്ങളുമുണ്ട്. മുസ്‌ലിം വ്യക്തിനിയമം സംബന്ധിച്ച പരാതികള്‍ കോടതി മുമ്പാകെയല്ല ഉന്നയിക്കേണ്ടത്, പാര്‍ലമെന്റിലാണ്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ നിയമങ്ങള്‍ ഓരോ മതത്തിലും വ്യത്യാസപ്പെട്ടിരിക്കും. ദമ്പതികള്‍ ഒരുനിലയ്ക്കും മുന്നോട്ടുപോവില്ലെന്ന സാഹചര്യം ഉണ്ടാവുമ്പോള്‍ മാത്രമാണ് വിവാഹമോചനം ഇസ്‌ലാം അനുവദിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
അഭിഭാഷകരായ യൂസുഫ് ഹാത്തിം മുച്ചാല, ഇഅ്ജാസ് മഖ്ബൂല്‍, ഹുസൈഫ അഹ്മദി എന്നിവര്‍ മുഖേനയാണ് ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss