|    Jan 22 Sun, 2017 9:19 am
FLASH NEWS

മുത്വലാഖ് പാടില്ല: കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

Published : 8th October 2016 | Posted By: SMR

കെ എ സലിം

ന്യൂഡല്‍ഹി: മുത്വലാഖ് (മൂന്നു മൊഴി ഒന്നിച്ചു ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തല്‍) മതേതരസമൂഹത്തില്‍ ഉണ്ടാവാന്‍ പാടില്ലാത്തതാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയി ല്‍. അതിനോടു യോജിക്കാനാവില്ലെന്നും ഇതുസംബന്ധിച്ച് നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മറ്റു ആരാധനകളെപ്പോലെ മുത്വലാഖ് ഇസ്‌ലാമിലെ ഒരു നിര്‍ബന്ധ അനുഷ്ഠാനമല്ല. മുത്വലാഖ്, ബഹുഭാര്യത്വം തുടങ്ങിയ വ്യക്തിനിയമങ്ങളിലെ ആശയങ്ങള്‍ ലിംഗനീതി, സ്ത്രീകളുടെ അന്തസ്സ്, സമത്വം എന്നിവയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതാണെന്നും കേന്ദ്രം വ്യക്തമാക്കി. ബഹുഭാര്യത്വത്തെയും സത്യവാങ്മൂലം എതിര്‍ക്കുന്നുണ്ട്.
ഏക സിവില്‍കോഡ് എന്ന ആശയത്തിലൂടെയല്ല ഇതിനെ കാണേണ്ടത്. ഭരണഘടന പൗരനു നല്‍കുന്ന ഒരവകാശവും മുസ്‌ലിം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടുകൂടാ. ഈ വിഷയത്തില്‍ ആഭ്യന്തരമന്ത്രാലയം, വനിതാ ശിശുക്ഷേമം, നിയമം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് 28 പേജുള്ള സത്യവാങ്മൂലം പറയുന്നു. ശരീഅത്ത് നിയമത്തിനു കീഴിലുള്ള മുത്വലാഖിന്റെ നിലനില്‍പ് ഇന്ത്യപോലുള്ള ഒരു ബഹുസ്വര, മതേതര രാജ്യത്ത് അനുവദിക്കാന്‍പാടില്ലാത്തതാണ്. മുസ്‌ലിംകള്‍ വലിയ ഭൂരിപക്ഷമായ പാകിസ്താനും ബംഗ്ലാദേശും അടക്കമുള്ള 20 രാജ്യങ്ങളില്‍ വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ സമഗ്ര പരിഷ്‌കരണം കൊണ്ടുവന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
മുസ്‌ലിം വ്യക്തിനിയമത്തെ ചോദ്യംചെയ്തുള്ള ഒരുകൂട്ടം ഹരജികളില്‍ നിലപാട് അറിയിച്ചാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്രസര്‍ക്കാരിനു വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. മുസ്‌ലിം വ്യക്തിനിയമം സംബന്ധിച്ച് ഒന്നിലധികം ഹരജികളാണ് നിലവില്‍ സുപ്രിംകോടതിയിലുള്ളത്. മുസ്‌ലിം വ്യക്തിനിയമം ഭേദഗതി ചെയ്യാന്‍ കോടതിക്ക് അധികാരമില്ലെന്നും പാര്‍ലമെന്റിനു മാത്രമാണ് നിയമനിര്‍മാണത്തിന് അധികാരമുള്ളതെന്നും ചൂണ്ടിക്കാട്ടി കേസില്‍ കഴിഞ്ഞ മാസം അഞ്ചിന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതു പരിഗണിച്ച കോടതി, ഒരുമാസത്തിനുള്ളില്‍ സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ഇന്നലെ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സൈറാബാനു, ഇശ്‌റത് ജഹാന്‍ തുടങ്ങിയ മുസ്‌ലിം സ്ത്രീകളും മുസ്‌ലിം വനിതാ വ്യക്തിനിയമ ബോര്‍ഡ്, മുസ്‌ലിം മഹിളാ ആന്തോളന്‍ എന്നീ സംഘടനകളുമാണ് നിലവില്‍ മുത്വലാഖ് നിരോധിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിട്ടുള്ളത്. മുസ്‌ലിം വ്യക്തിനിയമങ്ങളില്‍ കോടതി ഇടപെടുന്നതിനെതിരേ ഹൈദരാബാദ് ആസ്ഥാനമായ മുസ്‌ലിം മഹിളാ റിസര്‍ച്ച് കേന്ദ്ര സമര്‍പ്പിച്ച ഹരജിയും കോടതിയിലുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക