|    May 28 Sun, 2017 8:35 pm
FLASH NEWS

മുത്വലാഖ് നിരോധനം: കേന്ദ്രത്തിനും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനും സുപ്രിംകോടതി നോട്ടീസ്

Published : 27th August 2016 | Posted By: SMR

ന്യൂഡല്‍ഹി: മുസ്‌ലിം വ്യക്തിനിയമങ്ങള്‍ ചോദ്യം ചെയ്ത് കൊല്‍ക്കത്ത സ്വദേശിനി സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനും സുപ്രിംകോടതി നോട്ടീസയച്ചു. ഹരജി പരിഗണിച്ച ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കാര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
മുത്വലാഖ് (മൂന്നു മൊഴിയും ഒന്നിച്ചു ചൊല്ലല്‍), ബഹുഭാര്യത്വം എന്നിവ സ്ത്രീകള്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നാണ് പരാതിക്കാരിയായ ഇശ്‌റത് ജഹാന്റെ ആരോപണം. ഭര്‍ത്താവിന് ഏകപക്ഷീയമായി മൊഴിചൊല്ലാന്‍ അനുമതി നല്‍കുന്ന സംവിധാനമാണ് മുത്വലാഖെന്നും വാക്കാലുള്ള വിവാഹമോചനം നിരോധിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. 7നും 12നും ഇടയില്‍ പ്രായമുള്ള ഏഴു മക്കളുടെ മാതാവായ തന്നെ ഭര്‍ത്താവ് ദുബയില്‍ നിന്നു ഫോണിലൂടെ മൂന്നു മൊഴിയും ചൊല്ലി. പിന്നീട് മക്കളെ തന്നില്‍ നിന്ന് അകറ്റി. അവര്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയില്ലെന്നും ഇശ്‌റത് പറയുന്നു.
എന്നാല്‍, ഭര്‍ത്താവിനെ മറ്റൊരു വിവാഹം കഴിക്കുന്നതില്‍ നിന്നു തടയണമെന്ന യുവതിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവില്‍ ഭാര്യയുണ്ടായിരിക്കെ അവരെ മൊഴിചൊല്ലാതെത്തന്നെ മുസ്‌ലിം പുരുഷനു മറ്റൊരു വിവാഹം കഴിക്കുന്നതിനു നിയമതടസ്സമില്ലെന്ന് ചീഫ്ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മക്കളെ കണ്ടെത്താന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്യാം.
ഹരജി അടുത്ത മാസം 6നു വീണ്ടും പരിഗണിക്കും. അതിനു മുമ്പ് നിലപാട് അറിയിക്കാന്‍ ന്യൂനപക്ഷ മന്ത്രാലയത്തിനും വ്യക്തിനിയമ ബോര്‍ഡിനും നിര്‍ദേശം നല്‍കി. മുത്വലാഖ്, ബഹുഭാര്യത്വം, അനന്തരാവകാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇതിനകം മൂന്നു ഹരജികളാണ് സുപ്രിംകോടതിയിലുള്ളത്.  മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന പരാതിയില്‍ സ്വമേധയാ എടുത്ത മറ്റൊരു കേസുമുണ്ട്. ഇവയില്‍  സര്‍ക്കാരിനും വ്യക്തിനിയമ ബോര്‍ഡിനും നോട്ടീസ് അയക്കുകയും മറുപടി ലഭിക്കുകയും  ചെയ്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day