|    Oct 20 Fri, 2017 12:46 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മുത്വലാഖിനെതിരേ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തേക്കും; ബഹുഭാര്യാത്വവും എതിര്‍ക്കും

Published : 16th September 2016 | Posted By: SMR

ന്യൂഡല്‍ഹി: മുത്വലാഖിനെതിരായി സുപ്രിംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തേക്കും. മുത്വലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയുടെ പരിഗണനയിലുള്ള ഒരുകൂട്ടം ഹരജികളില്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി പ്രതികരണം തേടിയിരുന്നു. ഇതില്‍ മുത്വലാഖ് നിരോധിക്കുന്നതിനെ അനുകൂലിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രാലയങ്ങളുടെ സംയുക്ത കമ്മിറ്റിയില്‍ തീരുമാനമായതെന്നാണ് റിപോര്‍ട്ട്.
വിഷയത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് അനുകൂലമായും ബഹുഭാര്യത്വത്തിനും മുത്വലാഖിനും എതിരായും കോടതിയില്‍ നിലപാടെടുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെ സംയുക്തസമിതിയില്‍ തീരുമാനമായത്. ലോകമെമ്പാടും സ്ത്രീകള്‍ സമത്വത്തിലേക്ക് നീങ്ങുകയാണ്. അതിനെ നമ്മളും പ്രോല്‍സാഹിപ്പിക്കണം എന്നായിരുന്നു യോഗത്തില്‍ ഉരുത്തിരിഞ്ഞുവന്ന അഭിപ്രായമെന്നാണ് റിപോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, വനിതാ-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
ഏകപക്ഷീയമായ മുത്വലാഖ് നിരോധിക്കുകയോ അല്ലെങ്കില്‍ ഏക സിവില്‍കോഡ് നടപ്പാക്കുകയോ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്ന മറുപടി കോടതിയില്‍ നിയമപ്രകാരം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള കരട് നിയമം നിയമമന്ത്രാലയം തയ്യാറാക്കും. ഇതിനായി നിയമവകുപ്പ് സൗദി അറേബ്യ, പാകിസ്താന്‍, ഇറാഖ് ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക രാജ്യങ്ങളിലെ വിഷയവുമായി ബന്ധപ്പെട്ട ഉറവിടങ്ങള്‍ പരിശോധിക്കും. ഇവിടങ്ങളില്‍ മുത്വലാഖ് നിരോധിക്കുകയോ അല്ലെങ്കില്‍ കര്‍ശനമായ നിബന്ധനകള്‍ വയ്ക്കുകയോ ആണ് ചെയ്തിട്ടുള്ളതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സപ്തംബര്‍ അഞ്ചിനാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് മുത്വലാഖ് വിഷയത്തില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നിര്‍ദേശിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക