|    May 23 Tue, 2017 6:55 am
FLASH NEWS

മുത്ത്വലാഖ് സംവിധാനം നിരോധിക്കണം; വ്യക്തിനിയമങ്ങളില്‍ ഭേദഗതി വേണമെന്ന് ശിയാ ബോര്‍ഡ്

Published : 11th September 2016 | Posted By: SMR

u1_muslimwedding

ന്യൂഡല്‍ഹി: മുസ്‌ലിം വ്യക്തിനിയമങ്ങളില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ശിയാ പേഴ്‌സനല്‍ ലോ ബോര്‍ഡ് സുപ്രിംകോടതിയെ സമീപിക്കും. മഹര്‍, സ്ത്രീധനം എന്നിവയില്‍ നിശ്ചിത വ്യവസ്ഥ വേണമെന്നതുള്‍പ്പെടെയുള്ള തങ്ങളുടെ നിലപാട് ഉടന്‍ സുപ്രിംകോടതിയെ അറിയിക്കുമെന്ന് ബോര്‍ഡ് വക്താവ് മൗലാനാ യസൂബ് അബ്ബാസ് അറിയിച്ചു.
ഇസ്‌ലാമിക വിവാഹ നിയമങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം സ്ത്രീക്ക് അവളുടെ ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യാന്‍ അവകാശം വേണമെന്നും ഭാര്യയെ ഞൊടിയിടയില്‍ പുരുഷന് വിവാഹമോചനം ചെയ്യാന്‍ അവസരമൊരുക്കുന്ന മുത്ത്വലാഖ് സംവിധാനം നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതുള്‍പ്പെടെയുള്ള ആവശ്യങ്ങളടങ്ങുന്ന നിവേദനങ്ങള്‍ അദ്ദേഹം പ്രമുഖ ശിയാ പണ്ഡിതനും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വൈസ്പ്രസിഡന്റുമായ കല്‍ബേ സാദിഖിനു നല്‍കി.
ഇതേ ആവശ്യങ്ങളുന്നയിച്ച് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ മുതിര്‍ന്ന നിര്‍വാഹകസമിതിയംഗവും പ്രമുഖ അഭിഭാഷകനുമായ സഫരിയാബ് ജീലാനിക്കും അദ്ദേഹം കത്തെഴുതി. മുത്ത്വലാഖ് ഉച്ചരിച്ചു ഭാര്യയെ വിവാഹമോചനം ചെയ്താല്‍ അത് സാധുവാകില്ല. സാക്ഷികള്‍ക്കു മുമ്പില്‍ വച്ചാണ് ഭാര്യയെ മൊഴിചൊല്ലേണ്ടത്.
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കണം. സ്ത്രീയുടെ ആവശ്യങ്ങള്‍ നിറവേറ്റാതെ രണ്ടുവര്‍ഷം വരെ ഭര്‍ത്താവ് അപ്രത്യക്ഷനായാലും ശാരീരികമായോ മറ്റോ ദേഹോപദ്രവം ഏല്‍പ്പിച്ചാലും അയാളെ വിവാഹമോചനം നടത്താന്‍ സ്ത്രീക്ക് അവകാശം ഉണ്ടാവണമെന്നും യസൂബ് അബ്ബാസ് കത്തില്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day