|    Oct 19 Fri, 2018 11:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുത്ത്വലാഖ്: വിപരീതഫലം ചെയ്യുമെന്ന് നിയമവിദഗ്ധര്‍

Published : 7th December 2017 | Posted By: kasim kzm

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: മുത്ത്വലാഖ് സമ്പ്രദായത്തിലൂടെ വിവാഹമോചനം നടത്തുന്ന ഭര്‍ത്താവിന് മൂന്നുവര്‍ഷം വരെ ജയി ല്‍ ശിക്ഷ വ്യവസ്ഥചെയ്യുന്ന ക രട് നിയമം വിപരീതഫലം ഉളവാക്കുമെന്നു നിയമവിദഗ്ധര്‍. മുസ്‌ലിം വിവാഹം പൊതുസമ്മതത്തോടെയുള്ള ഒരു ഉടമ്പടിയായതിനാല്‍ ശിക്ഷാവിധി മുത്ത്വലാഖിന്റെ ഇരകള്‍ക്ക് ദോഷകരമായി ബാധിക്കും. ശിക്ഷാനടപടികള്‍ക്ക് ശേഷ വും അവര്‍ ഒരുമിച്ച് ജീവിക്കേണ്ടവരായതിനാല്‍ ഇരകള്‍ക്ക് ഇത് ഹാനികരമാവുമെന്നാണു നിയമവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. മുത്ത്വലാഖിലൂടെ വിവാഹമോചനം നടത്തിയാലും അതു പ്രാബല്യത്തില്‍ വരില്ലെന്നും വൈവാഹികബന്ധം തുടരണമെന്നുമാണ് പറയുന്നത്. അതിനാല്‍ ഇത്തരം ശിക്ഷാനിയമങ്ങള്‍ ഇരകളെ കൂടുതല്‍ ബാധിക്കുമെന്ന് പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടി. മുത്ത്വലാഖ് ചെയ്ത ഭര്‍ത്താവിനെ ജയിലിലടയ്ക്കുന്നതോടെ വിവാഹമോചനം റദ്ദാക്കിയതിന്റെ ലക്ഷ്യം പരാജയപ്പെടുമെന്നും അവര്‍ പറഞ്ഞു.

ഭര്‍ത്താവിനെ ജയിലിലയക്കുന്നതോടെ വിവാഹമോചന വിഷയം ഉയര്‍ത്തിയ സ്ത്രീയെ കൂടി ശിക്ഷിക്കപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുമെന്നും ജയ്‌സിങ് പറഞ്ഞു. വിവാഹമോചനം ചെയ്യാതെ ഭാര്യമാരെ ഉപേക്ഷിച്ച് പോവാന്‍ മാത്രമേ സര്‍ക്കാരിന്റെ പുതിയ കരട് നിയമം ഉപകരിക്കൂവെന്നാണ് ഹൈദരാബാദിലെ നല്‍സാര്‍ നിയമ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഫൈസാന്‍ മുസ്തഫ പറയുന്നത്. അതേസമയം, മുത്ത്വലാഖ് സമ്പ്രദായത്തിലൂടെ വിവാഹ മോചനം നടത്തുന്ന ഭര്‍ത്താവിനെ ജയിലിലടയ്ക്കുന്നതിനും മുത്ത്വലാഖ് ജാമ്യമില്ലാ കുറ്റമായി പരിഗണിക്കുന്നതിനും വ്യവസ്ഥ ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് നിയമത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ഡിസംബര്‍ 10നാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാരിന്റെ കരട് ബില്ലിനെ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചുവെന്നും സംസ്ഥാന ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് അറിയിച്ചു. എന്നാല്‍, മുത്ത്വലാഖിനെ ഗാര്‍ഹിക പീഡന നിയമത്തിനു കീഴില്‍ ആക്കണമെന്നും ക്രിമിനല്‍ നടപടി സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ മുസ്‌ലിം ഫോര്‍ സെക്കുലര്‍ ഡെമോക്രസി എന്ന സന്നദ്ധസംഘടന കേന്ദ്ര നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദിന് കത്തെഴുതിയിട്ടുണ്ട്. മുത്ത്വലാഖ് നിയമവിരുദ്ധ പ്രവര്‍ത്തനമായി പ്രഖ്യാപിച്ച് നിയമം കൊണ്ടുവന്നതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍, മുത്വലാഖ് സമ്പ്രദായം മൂന്ന് വര്‍ഷം ജയില്‍ശിക്ഷയും പിഴയുമൊടുക്കാവുന്ന ക്രിമിനല്‍ കുറ്റകൃത്യമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ തങ്ങള്‍ എതിര്‍ക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. സമൂഹത്തെ ധ്രുവീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാരിന്റെ കരട് നിയമത്തെ വളരെ ഗൗരവമായിട്ടാണ് തങ്ങള്‍ കണക്കാക്കിയിട്ടുള്ളതെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി പറഞ്ഞു. അടുത്തമാസം ഹൈദരാബാദില്‍ നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ സര്‍ക്കാര്‍ നീക്കത്തിനെതിരേ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss