|    Nov 14 Wed, 2018 11:48 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മുത്ത്വലാഖ് ബില്ലിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നു

Published : 29th December 2017 | Posted By: kasim kzm

നമുക്ക് ഇഷ്ടമുള്ളതും ഇല്ലാത്തതുമായ അനേകം ആചാരങ്ങളും സമ്പ്രദായങ്ങളുമുള്ള ഒരു നാട്ടില്‍ മുത്ത്വലാഖിനു മുതിരുന്ന പുരുഷന്‍മാരെ മുഴുവന്‍ അഴിക്കുള്ളിലാക്കാനുള്ള ശ്രമത്തിനു പിന്നില്‍, ഭാര്യയെ ഉപേക്ഷിച്ചുപോയ പ്രധാനമന്ത്രിക്ക് മുസ്‌ലിം സ്ത്രീകളെ സംരക്ഷിക്കാനുള്ള വ്യഗ്രതയല്ലെന്നു വ്യക്തം. സുപ്രിംകോടതി ഒറ്റശ്വാസത്തില്‍ മൂന്നു ത്വലാഖ് ചൊല്ലുന്നത് ഭരണഘടനയ്ക്ക് എതിരാണെന്ന് ഉത്തരവിട്ടത് ഖുര്‍ആന്‍ അതിന് എതിരാണെന്ന സത്യം ചൂണ്ടിക്കാട്ടിയാണ്. മുത്ത്വലാഖ് വിലക്കുന്നതിനു വേണ്ട നിയമനിര്‍മാണം നടത്തണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, വലിയ ഉല്‍സാഹത്തോടെ മുത്ത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുകയും അതിനു മുതിരുന്നവര്‍ക്കു മൂന്നു വര്‍ഷം വരെ തടവുശിക്ഷ നല്‍കുകയും ചെയ്യുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വിഷയത്തിന്റെ സങ്കീര്‍ണതകള്‍ മുഴുവന്‍ അവഗണിക്കുകയും അതിന്റെ പ്രചാരണവശത്തിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. രാജ്യത്തെ കോടിക്കണക്കിനു വരുന്ന മുസ്‌ലിം ന്യൂനപക്ഷത്തെ ബാധിക്കുന്ന ബില്ല് അവതരിപ്പിക്കുന്നതിനു മുമ്പ് മുസ്‌ലിം സംഘടനകളുമായോ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡുമായോ പുരോഗമനേച്ഛുക്കളായ മതപണ്ഡിതന്‍മാരുമായോ ചര്‍ച്ച ചെയ്യാന്‍ ആരെങ്കിലും മുന്‍കൈയെടുത്തതിന്റെ സൂചനകള്‍ കാണുന്നില്ല. വിവാഹമോചിതകളായ മുസ്‌ലിം സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കുന്ന, നിലവിലുള്ള പൊതുനിയമങ്ങളേക്കാള്‍ പുരോഗമനപരമായ നിയമം ഇപ്പോള്‍ തന്നെ പ്രാബല്യത്തിലുണ്ട്. അതിലൊന്നാണ് ത്വലാഖ് ചൊല്ലുന്ന പുരുഷന്‍ തന്റെ മുന്‍ ഭാര്യക്കു ജീവനാംശം അടക്കം പല ആനുകൂല്യങ്ങളും നല്‍കേണ്ടതുണ്ടെന്നത്. കുട്ടികളുണ്ടെങ്കില്‍ അവരുടെ സംരക്ഷണവും അയാള്‍ ഏറ്റെടുക്കേണ്ടതുണ്ട്. ഇക്കാര്യമൊന്നും പരിഗണിക്കാതെ അയാളെ പിടിച്ചു ജയിലിലിടണമെന്നു പറയുന്നതിലുള്ള അന്യായമാണ് ബില്ലിനെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരുപക്ഷേ, ബിജെപി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതോടെ തങ്ങളുടെ ഭരണത്തിന്റെ ‘ഗുണമേന്മ’യെപ്പറ്റി വ്യാപകമായി ഉയരുന്ന വിമര്‍ശനം വഴിതിരിച്ചുവിടാമെന്നു കരുതുന്നുണ്ടാവാം. എന്നാല്‍, കോണ്‍ഗ്രസ് നേതാവായ മണിശങ്കര്‍ അയ്യര്‍ നേരത്തേ ചൂണ്ടിക്കാണിച്ച പോലെ, മുത്ത്വലാഖ് വിഷയത്തെ രാഷ്ട്രീയ പന്തുകളിയാക്കാന്‍ ശ്രമിക്കുന്ന കാവിപ്പട മുസ്‌ലിം സ്ത്രീകളോട് കടുത്ത ദ്രോഹം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മൂന്നു ത്വലാഖ് ഒന്നിച്ച് ചൊല്ലുന്ന സമ്പ്രദായം വളരെ വിരളമായി വരുന്ന കാലഘട്ടത്തിലാണ് ഈ നിയമനിര്‍മാണത്തിനുള്ള ശ്രമം നടക്കുന്നത്. വിവാഹബന്ധത്തെ പവിത്രമായി കണക്കാക്കുന്ന ഹൈന്ദവ-ക്രൈസ്തവ നിയമത്തേക്കാള്‍ എത്രയോ മതേതരമാണ് അതിനെ ഒരു കരാറായി കരുതുന്ന മുസ്‌ലിം വ്യക്തിനിയമം. അതിന്റെ ദുരുപയോഗം തടയുന്നതിനു മേലാവില്‍ നിന്നുള്ള ഒരു കല്‍പന മതിയാവില്ല. പാക് ജയിലില്‍ തടവില്‍ കിടക്കുന്ന കുല്‍ഭൂഷന്‍ ജാദവിന്റെ പത്‌നിയുടെ കെട്ടുതാലി അഴിച്ചുവയ്ക്കാന്‍ ജയിലധികൃതര്‍ മുതിര്‍ന്നത് വിവാദമാക്കുന്ന ഭരണകൂടം, ഇന്ത്യയുടെ ശക്തി അടിച്ചേല്‍പിക്കുന്ന അധീശത്വമല്ല എന്നു മനസ്സിലാക്കാന്‍ വൈകുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss