|    Aug 17 Thu, 2017 10:56 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മുത്ത്വലാഖ് : പുതിയ നിക്കാഹ് നിയമങ്ങളടങ്ങിയ സത്യവാങ്മൂലം സമര്‍പ്പിച്ചു

Published : 6th June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുത്ത്വലാഖ് കേസ് വാദം പൂര്‍ത്തിയായി വിധി പറയാനായി മാറ്റിവച്ചിരിക്കെ, പുതിയ മുസ്‌ലിം വിവാഹ നിയമമടങ്ങിയ സത്യവാങ്മൂലം കേസിലെ ഹരജിക്കാരിലൊരാളായ മജ്‌ലിസ് മഞ്ച് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. മുത്ത്വലാഖ് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് മുമ്പാകെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. മുത്ത്വലാഖും പെട്ടെന്നുള്ള മൊഴിചൊല്ലലും സമ്പൂര്‍ണമായി നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നതാണ് സത്യവാങ്മൂലം. ബഹുഭാര്യത്വം ഉള്‍പ്പെടെയുള്ള സംവിധാനവും നിരോധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.  ഇന്ത്യയിലെ എല്ലാ മുസ്‌ലിംകള്‍ക്കുമായി ഒരുമാതൃകാപരമായ നിയമം തയ്യാറാക്കിയാല്‍ പെട്ടെന്നുള്ള വിവാഹമോചനത്തില്‍ നിന്നും മുത്ത്വലാഖ് മുഖേനയുള്ള മോചനങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയുമെന്ന് അഭിഭാഷകയായ ഫാല്‍വിയ ആഗ്‌നെസ് മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള നിയമം ഇസ്‌ലാമിക തത്വങ്ങള്‍ക്ക് എതിരു നില്‍ക്കുന്നതുമാവില്ല. ഭര്‍തൃവീട്ടില്‍ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ സ്ത്രീകള്‍ക്ക് ലഭ്യമാവുന്നുണ്ടെന്ന് ഈ നിയമം വഴി ഉറപ്പാക്കാന്‍ കഴിയും. ജുഡീഷ്യല്‍ സംവിധാനം മുഖേന മാത്രമെ മുസ്‌ലിംകളുടെ വിവാഹമോചനം നടക്കാന്‍ പാടുള്ളൂ. കോടതി ചെലവും യാത്രകളും നടപടിക്രമങ്ങളും മൂലം കോടതി മുഖാന്തരമുള്ള വിവാഹമോചനം സ്ത്രീകളെ സംബന്ധിച്ച് വളരെ കൂടുതല്‍ പ്രയാസം നിറഞ്ഞതാണ്. കോടതി നടപടിക്രമങ്ങള്‍ സംബന്ധിച്ച അജ്ഞതയും മറ്റുപല കാരണങ്ങളാലും വൈവാഹികവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സഹായം തേടി നിരവധി സ്ത്രീകള്‍ ദാറുല്‍ ഖദാ പോലുള്ള മഹല്ലുകള്‍ക്കു കീഴിലുള്ള സംവിധാനങ്ങളുടെ സഹായങ്ങള്‍ തേടുന്നുണ്ട്. ഇത്തരം സംവിധാനങ്ങള്‍ സ്ത്രീകള്‍ക്കു പെട്ടെന്നുള്ള ഒരുപരിഹാരം ലഭ്യമാവാന്‍ നല്ലതാണെന്നും സത്യവാങ്മൂലം അഭിപ്രായപ്പെട്ടു. നേരത്തേ ആറുദിവസം നീണ്ടുനിന്ന ശക്തമായ വാദപ്രതിവാദത്തിനൊടുവിലാണ് കഴിഞ്ഞമാസം 18ന് കേസ് വിധിപറയാനായി മാറ്റിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക