|    Oct 15 Mon, 2018 1:50 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മുത്ത്വലാഖ് ചര്‍ച്ചയുടെ ഗൂഢ ലക്ഷ്യങ്ങള്‍

Published : 18th May 2017 | Posted By: fsq

 

മുത്ത്വലാഖുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുമ്പാകെ നടക്കുന്ന വാദം ഇന്നവസാനിക്കുകയാണ്. മുസ്‌ലിം സ്ത്രീകളില്‍ ഒരുശതമാനത്തില്‍ താഴെയുള്ളവരെ മാത്രം ബാധിക്കുന്ന മുത്ത്വലാഖിനെ മുന്‍നിര്‍ത്തി അവരുടെ കണ്ണീരൊപ്പാനും മുസ്‌ലിം സമുദായത്തെ ദുരാചാരങ്ങളില്‍നിന്ന് അടിമുടി മോചിപ്പിച്ച് പരിഷ്‌കൃതരാക്കാനുമുള്ള മഹാദൗത്യമാണ് രാജ്യത്തു നടക്കാന്‍ പോവുന്നതെന്ന പ്രതീതി കുറച്ചു ദിവസങ്ങളായി സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനു നേതൃത്വം കൊടുക്കുന്നത് സ്വന്തം ഭാര്യയെ ഉപേക്ഷിച്ച പ്രധാനമന്ത്രിയും. കേസില്‍ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയതുപോലെ, മുസ്‌ലിംകള്‍ തന്നെ പ്രായോഗികമായി കൈയൊഴിഞ്ഞുകൊണ്ടിരിക്കുന്ന, മൃതപ്രായമായിക്കഴിഞ്ഞ ഒരു ആചാരത്തെ പുനരുജ്ജീവിപ്പിക്കലാണ് ഇപ്പോഴത്തെ വിവാദങ്ങളിലൂടെ സംഭവിക്കുന്നത്.മുസ്‌ലിം വ്യക്തിനിയമങ്ങള്‍ക്കു ഭരണഘടനാപരമായ പരിരക്ഷയുണ്ട്. 1937ലെ ശരീഅത്ത് ആക്ട് അനുസരിച്ച് അത് പ്രസ്പഷ്ടവുമാണ്. മതത്തിന്റെ ചൈതന്യത്തോടും മൗലിക താല്‍പര്യങ്ങളോടും ചേര്‍ന്നുനില്‍ക്കാത്ത നിയമങ്ങള്‍ നവീകരിക്കപ്പെടേണ്ടത് ബന്ധപ്പെട്ട സമുദായത്തിനുള്ളില്‍നിന്ന് ഉയര്‍ന്നുവരുന്ന മുന്‍കൈയിന്റെ അടിസ്ഥാനത്തിലായിരിക്കണം. അല്ലാതെ തല്‍പരകേന്ദ്രങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന നിഗൂഢ പദ്ധതികളുടെ ഭാഗമായിട്ടാവരുത് അത്. മുത്ത്വലാഖിന്റെ കാര്യത്തില്‍ ഹിന്ദുത്വ സംഘടനകളുടെ ലക്ഷ്യം മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന ദുരിതങ്ങളില്‍നിന്ന് അവരെ മോചിപ്പിക്കലല്ലെന്നു പകല്‍പോലെ വ്യക്തമാണ്. ഏകീകൃത സിവില്‍ കോഡിനു വേണ്ടിയുള്ള മുറവിളി ഈ പശ്ചാത്തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ രാഷ്ട്രീയ ദുഷ്ടലാക്കും മറ്റൊന്നല്ല. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ തുടര്‍നടപടികളെടുക്കാന്‍ മുത്ത്വലാഖ് വിഷയത്തില്‍ സുപ്രിംകോടതിയുടെ വിധി വരാന്‍ കാത്തിരിക്കുകയാണ് നിയമ കമ്മീഷന്‍. എന്നാല്‍, ഇപ്പോള്‍ പരിഗണനാ വിഷയം മുത്ത്വലാഖ് മാത്രമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, മുത്ത്വലാഖ് മാത്രമല്ല, ഇസ്‌ലാമിക ശരീഅത്തും ഭരണഘടനയും അനുവദിക്കുന്ന ത്വലാഖി(വിവാഹമോചനം)ന്റെ എല്ലാ രീതികളും അസാധുവാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യം. അങ്ങനെ ചെയ്താല്‍ പുതിയ വിവാഹ-വിവാഹ മോചന നിയമങ്ങള്‍ കൊണ്ടുവരുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. സമര്‍ഥമായ വാദമുഖങ്ങള്‍ ഉന്നയിച്ച് കപില്‍ സിബല്‍ അതിനു മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.മനുഷ്യപ്രകൃതിക്ക് ഇണങ്ങുന്നതും സ്ത്രീകളുടെ അവകാശങ്ങളും ഉല്‍ക്കണ്ഠകളും പരിഗണിച്ചുകൊണ്ടുള്ളതുമാണ് ഇസ്‌ലാമിലെ വിവാഹമോചന നിയമം. എത്ര കുറഞ്ഞ അളവിലാണെങ്കില്‍ പോലും അതിന്റെ ദുരുപയോഗം തടയപ്പെടണം. പക്ഷേ, അതു ബാഹ്യ ഇടപെടലിലൂടെയല്ല, സമുദായത്തിനുള്ളിലെ തന്നെ നടപടികളിലൂടെയാണു വേണ്ടത്. മുസ്‌ലിംകളുടെ സാംസ്‌കാരിക വ്യക്തിത്വം തകര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു പാര്‍ട്ടി കേന്ദ്രഭരണം കൈയാളുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ ന്യായമായ ആശങ്കകള്‍ കൂടി പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലുണ്ടാവണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss