|    Jun 21 Thu, 2018 8:51 am
FLASH NEWS
Home   >  Top Stories   >  

മുത്തലാഖ് സ്ത്രീ വിരുദ്ധം

Published : 22nd September 2016 | Posted By: mi.ptk

imthihan-SMALL

സുപ്രീംകോടതിയുടെ പരിഗണയിലിരിക്കുന്ന മുത്തലാക്ക് വിഷയത്തില്‍ മുസലിം പേഴ്‌സണല്‍ ലോബോര്‍ഡ് കൂടി കക്ഷി ചേര്‍ന്ന് പ്രശ്‌നം ഒന്നുകൂടി സജീവചര്‍ച്ചാവിഷയമായി. യഥാര്‍ത്ഥത്തില്‍
മുത്തലാഖ് അഥവാ ട്രിപ്പ്ള്‍ ത്വലാഖ് എന്ന പേരില്‍ അറിയപ്പെടുന്ന ഭാര്യയെ ഒറ്റയടിക്ക് ഒഴിവാക്കുന്ന രീതി ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നത മൂല്യങ്ങള്‍ക്കും ശരീഅത്തിന്റെ അന്തസത്തക്കും നിരക്കാത്തതാണ്.
ഒന്നിലധികം ചാന്‍സു ഉപയോഗപ്പെടുത്തി പാസാകാവുന്ന ഒരു പരീക്ഷയില്‍ പരീക്ഷാര്‍ത്ഥിക്ക് ഫസ്റ്റ്ചാന്‍സില്‍ ചില അക്ഷരത്തെറ്റുകള്‍ സംഭവിച്ചതിന്റെ പേരില്‍ അയാളെ ഭാവിയില്‍ ഒരു പരീക്ഷക്കും എഴുതാന്‍ പറ്റാത്ത വിധം ഡീബാര്‍ ചെയ്യും പ്രകാരം ക്രൂരവും ഹീനവുമാണ് പ്രസ്തുത നടപടി.വ്യഭിചാരത്തിലേക്കു നയിക്കുന്ന വസ്ത്രധാരണം, ഇടപെഴകല്‍,നോട്ടം മുതലായ സ്ത്രീപുരുഷ സംസര്‍ഗത്തിന്റെ അനാരോഗ്യകരമായ മുഴുവന്‍ വാതായനങ്ങളും അടച്ചു കളയുകയും വിവാഹസംവിധാനത്തെ പരമാവധി പ്രോല്‍സാഹിപ്പിക്കുകയും അതിനെ ആവോളം ലഘൂകരിക്കുകയും ചെയ്ത മതമാണ് ഇസലാം. ഒരു ഇരുമ്പ് /  ചെമ്പ്  മോതിരമോ ഒരു പുസ്തകമോ വിശുദ്ധ ഖുര്‍ആനിന്റെ ഒരു പ്രതിയോ മഹറായി നല്‍കികൊണ്ട് രണ്ടുസാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാവില്‍ നിന്ന് അവളെ ഏറ്റുവാങ്ങുന്ന ഏതൊരു വൈവാഹിക ഇടപാടും സാധുവായി അംഗീകരിക്കാന്‍ ഇസലാം മുമ്പോട്ടു വന്നത് സ്ത്രീ-പുരുഷ ബന്ധത്തെ പരമാവധി ലളിതമാക്കുകയും അവയെ ദൃഢതരമാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്താലാണ്.

അത്യന്തം ലളിതമായ  ഈ  ചടങ്ങു വഴി നിലവില്‍ വരുന്ന ദാമ്പത്യബന്ധത്തെ മീസാഖുന്‍ ഗലീള്- സുദൃഢമായ കരാര്‍ എന്നാണ് വി.ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നുവെച്ചാല്‍ ഒരിക്കല്‍ നിലവില്‍ വന്നുകഴിഞ്ഞാല്‍ വിവാഹബന്ധം അത്ര സുദൃഢമാണ്. തീര്‍ത്തും ഒഴിവാക്കാന്‍ കഴിയാത്ത, ഒത്തുതീര്‍പ്പിന് ഒരു പഴുതുമില്ലാത്ത ഘട്ടത്തിലല്ലാതെ വിവാഹബന്ധം വിഛേദിക്കാവതല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ദൈവികസിംഹാസനം കുലുങ്ങുമെന്നും പരമകാരുണികനായ ദൈവംതമ്പുരാന്‍ അത്യന്തം കോപിഷ്ഠനായിരിക്കുമെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. ദൈവകോപത്തിന്റെ ഫലം സര്‍വനാശമായിരിക്കുമെന്ന ഇസലാമികാധ്യാപനം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഇനി വല്ല അനിവാര്യ സാഹചര്യത്തിലും ബന്ധം വിഛേദിക്കേണ്ടി വന്നാല്‍ വിവാഹമുക്തയായ സ്ത്രീക്ക് ഭര്‍തൃഗൃഹം ഉപേക്ഷിക്കാതെ അതേ വീട്ടില്‍ താമസിച്ചുകൊണ്ട് ഒരിക്കല്‍ ഉപേക്ഷിച്ച ഭര്‍ത്താവിന് തന്നോടുളള മനോഭാത്തില്‍ മാറ്റംവരുത്താനുളള സാഹചര്യം സംജാതമാക്കാന്‍ അവസരം ഒരുക്കുന്നു ഇസലാം. നിശ്ചിത ദീക്ഷകാലം(ഇദ്ദ) കഴിയും മുമ്പാണെങ്കില്‍ പുതിയൊരു നിക്കാഹ് കൂടാതെ തന്നെ ഭര്‍ത്താവിന് അവളെ തിരിച്ചെടുക്കാം.
തിരിച്ചെടുത്ത ശേഷം  വീണ്ടും ഇടയാനും പിരിയാനും ഇടവരികയാണെങ്കില്‍ ഒരിക്കല്‍ കൂടി  മനസ്സുകള്‍ ഇണക്കപ്പെടാന്‍ അതേ സംവിധാനം അവസരം നല്‍കുന്നു . വിവാഹമോചനത്തിന്റെ പ്രയാസങ്ങളില്‍ നിന്നും സ്ത്രീയെ പരമാവധി രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു ഇസ്‌ലാം എന്നര്‍ത്ഥം.  ഇരയായ സ്ത്രീക്ക് നീതി ലഭിക്കാനും കുടുബസംവിധാനത്തെ പരമാവധി നിലനിര്‍ത്താനും  വേണ്ടി ഇസലാം നിശ്ചയിച്ച ഈ സംവിധാനങ്ങളെ അപ്പാടെ തകിടം മറിക്കുന്ന,ഖുര്‍ആനിന്റെ വ്യക്തമായ അനുശാസനങ്ങളെ നിരാകരിക്കുന്ന ഒന്നാണ് മുത്തലാഖ്. ദമ്പതികളെ അവരുടെ ജീവിതകാലം മുഴുവന്‍ ഒരുമിച്ചു നിര്‍ത്തി കുടുംബജീവിതത്തിന്റെ ഭദ്രതകാത്തുസൂക്ഷിക്കുക എന്ന ദൗത്യം അട്ടിമറിക്കപ്പെടാന്‍  അത് കാരണമായിത്തീരും. ത്വലാഖ് എന്നത് ഘട്ടംഘട്ടമായിരിക്കണമെന്ന ഖുര്‍ആന്റെ ശാസന പരസ്യമായി ഉല്ലംഘിക്കുന്ന മുത്തലാക്ക് എന്ന ഏര്‍പ്പാടിനെ ഖുര്‍ആനില്‍ വിശ്വസിക്കുന്ന ഒരു വിശ്വാസിക്കു എങ്ങനെയാണു നിരസിക്കാനാകുക. വി. ഖുര്‍ആന്‍(2: 230) അനുസരിച്ചു അവളെ അവന്‍ വീണ്ടും(മൂന്നാമത്) വിവാഹമോചനം നടത്തുകയാണെങ്കില്‍ പിന്നീട് അവന്‍ അവള്‍ക്ക് അനുവദനീയമല്ല- ഭര്‍ത്താവ് ഒറ്റ ഇരുപ്പില്‍ ഭാര്യയെ മൂന്നും മുന്നൂറും തവണ പിരിച്ചയക്കുകയാണെങ്കില്‍ ഖുര്‍ആന്‍ പറയുന്ന വീണ്ടും അനുരജ്ഞനത്തിലാവുക  എന്ന പ്രശ്‌നം ഉദ്ഭവിക്കുന്നില്ലേയില്ല.
ഇസലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പ് സ്ത്രീയെ യഥേഷ്ടം ഒഴിവാക്കുന്ന സംമ്പ്രദായം അറബികള്‍ക്കിടയിലുണ്ടായിരുന്നു. അതില്ലാതാക്കി സ്ത്രീകളെ  പരമാവധി സംരക്ഷിക്കുകയാണ് തലാഖിന് ഘട്ടം ഘട്ടമായ സംവിധാനം ഏര്‍പ്പെടുത്തുക വഴി ഇസലാം ചെയ്യുന്നത്. മുത്വലാഖ് പ്രാവര്‍ത്തികമാക്കപ്പെടുമ്പോള്‍ ഒരിരിപ്പിന് എല്ലാം അവസാനിപ്പിച്ച് പുരുഷന്‍ പുതിയ മേച്ചില്‍ സ്ഥലമന്വേഷിച്ച് പോവുക എന്ന പ്രാകൃത വ്യവസ്ഥ വീണ്ടും സംജാതമാകുന്നു.
ഇസലാം മൂന്ന് ത്വലാഖ് കൊണ്ട് വിവക്ഷിക്കുന്നത് വിവധ ഘട്ടങ്ങളിലായി മൂന്നു തവണ വിവാഹം കഴിച്ചു ഭാര്യയെ മോചിപ്പിക്കുന്നതിനാണ്. ഒരു മരുന്ന് മൂന്നു തവണ കഴിക്കണമെന്ന് ഡാക്ടര്‍ പറഞ്ഞാല്‍ ഒരേ ഇരിപ്പില്‍ മൂന്നു ഇറക്കാക്കി അകത്തേക്കാക്കുക എന്നതല്ലാത്തതു  പോലെ . നസാഈ എന്ന പ്രമുഖ ഹദീസ് പണ്ഡിതന്‍ ആഇശയില്‍ ഉദ്ദരിക്കുന്നു:  ഒരിക്കല്‍ ഒരാള്‍ വന്ന് അയാള്‍ തന്റെ ഭാര്യയെ മൂന്നു തവണ ഒന്നിച്ച്് മൊഴി ചൊല്ലിയതായി നബിയോട് പറഞ്ഞു. നബി തിരുമേനി ക്ഷുഭിതനായി. അദ്ദേഹം ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കെയാണോ ഈ അക്രമം. ഇത് കേട്ട് സദസ്സിലുണ്ടായിരുന്നവരിലൊരാള്‍ അയാളുടെ കഴുത്തുവെട്ടാന്‍ അനുവാദം ചോദിച്ചു.
പ്രവാചകന്‍ സ്വാഭാവികമായും അതിനനുവദിച്ചില്ല. എന്നാല്‍ കഴുത്തുവെട്ടാനായി വാളൂരിയവനെ ശാസിച്ചതുമില്ല. എന്നുവെച്ചാല്‍ ഭാര്യയെ ഒരിരുത്തത്തില്‍ മൂന്നും ചൊല്ലി ഒഴിവാക്കാന്‍ കഴുത്തിന്റെ നേരെ വാളോങ്ങാന്‍ പോന്ന കുറ്റകൃത്യമാണെന്ന് പ്രവാചകന്‍ അംഗീകരിച്ച പോലെ. ശ്രദ്ധേയമായ മറ്റൊരു കാര്യം മൂന്നുത്വലാഖും ഒറ്റയടിക്കു മൊഴിഞ്ഞിട്ടും ആ സ്ത്രീയെ താല്‍പര്യമുണ്ടെങ്കില്‍ മടക്കി എടുക്കാന്‍ പ്രവാചകന്‍ അനുവദിച്ചു എന്നതാണ്.

u1_muslimwedding
ഇതാണ് പ്രവാചകചര്യ. അതേ മാതൃകയാണ് ഒന്നാം ഖലീഫ അബൂബക്കര്‍ അവസാനം വരെയും പിന്‍തുടര്‍ന്നത്. രണ്ടാം ഖലീഫ ഉമറും തുടക്കത്തില്‍ ഈ രീതിയാണ് പിന്‍തുടര്‍ന്നത്. പക്ഷെ ജനങ്ങള്‍ സംഭവം ദുരുപയോഗപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ഒരു ശിക്ഷാനടപടി എന്ന നിലക്ക് പ്രസ്തുത സ്വാതന്ത്ര്യം ഉമര്‍ എടുത്തു കളയുകയാണ് ചെയ്തതാണ്.
തുടക്കത്തില്‍ പറഞ്ഞ പ്രകാരം സ്ത്രീയുടെ ഭാവിസുരക്ഷയോടു നീതി പുലര്‍ത്താന്‍ മുത്തലാഖ് സമ്പ്രദായം നിര്‍ത്തലാക്കുക തന്നെ വേണം. കാരണം മുത്തലാഖ് പ്രവാചകന്‍ വിലക്കിയ രീതിയില്‍ ത്വലാക്ക് ചൊല്ലിയാല്‍ അത് സാധുവായ ത്വലാക്ക് പോലുമാവുകയില്ലെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്‍മാരുമുണ്ട്(അല്‍ ഇസ്‌ലാം വല്‍ മര്‍അത്തുല്‍ മുആസിറ പേജ് 117) എന്ന വസ്തുത മറക്കരുത്. അതോടൊപ്പം അങ്ങിനെ ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് പറയുന്നവരും കുറവല്ല.
എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഖുര്‍ആനിന്റെയും പ്രവാചകധ്യാപനങ്ങളുടെയും കടകവിരുദ്ധമായിരുന്നിട്ടും തികച്ചും സ്ത്രീവിരുദ്ധമായ മുത്വലാഖ് വ്യവസ്ഥ നിലവിലുളള അതേ രീതിയില്‍ തുടരണമെന്നാണ് മുസലിം വ്യക്തിനിയമബോര്‍ഡ് വാദിക്കുന്നത്. ഖലീഫ ഉമര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഒരു ശിക്ഷാനടപടിയായി നിശ്ചയിച്ച വ്യവസ്ഥയെ മാറിയ സാഹചര്യത്തിലും അതേപടി നിലനില്‍ക്കണമെന്നും ഭേദഗതി വരുത്താനുളള ശ്രമങ്ങള്‍ മൗലികാവകാശലംഘനമാണെന്നും ബോര്‍ഡ് വാദിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇസലാമിക നിയമങ്ങളുടെ അന്തസത്തയായി വര്‍ത്തിക്കുന്ന സാമൂഹികനീതി സങ്കല്‍പത്തിന്റെ കടക്കല്‍ കത്തിവെക്കുകയാണ് ഇതുവഴി സംഭവിക്കുന്നത്. എന്നാല്‍ ഖുര്‍ആനികധ്യാപനങ്ങളേക്കാള്‍ ബ്രിട്ടീഷ് നിര്‍മ്മിതമായ മുഹമ്മദന്‍ ലോയോടാണ് വ്യക്തിനിയമബോര്‍ഡിന് ആഭിമുഖ്യമെന്ന്് തോന്നിപ്പോകുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഖുര്‍ആനും സുന്നത്തും അനുവദിച്ച ആനുകൂല്യങ്ങള്‍ പോലും സ്ത്രീക്ക് നല്‍കാന്‍ തയ്യാറാകാതിരിക്കുന്ന വ്യക്തിനിയമബോര്‍ഡിന്റെ സമീപനം യഥാര്‍ത്ഥത്തില്‍ ശരീഅത്ത് വിരുദ്ധരെയാണ് സന്തോഷിപ്പിക്കുക. ശരീഅത്ത് സ്ത്രീ വിരുദ്ധമാണെന്നും അതിനാല്‍ രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കണമെന്നുമുളള വാദങ്ങള്‍ക്കത് ശക്തി പകരുകയും ചെയ്യും. പറക്കമുറ്റാത്ത രണ്ടോ മൂന്നോ മക്കളുടെ കൈയ്യും പിടിച്ച് കോടതിവരാന്തകളിലലയുന്ന സമുദായത്തിലെ സഹോദരിമാരുടെ ദീനരോദനങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ മാത്രം ബധിരമായ കര്‍ണങ്ങളാണോ സമുദായത്തിന്റെ ഉത്തരവാദപ്പെട്ട ഇക്കൂട്ടര്‍ക്കെന്നത് അതിശയകരമായിരിക്കുന്നു. ശബാനു പ്രശ്‌നത്തിലൂടെയും ബാബരി ഇഷ്യൂവിലൂടെയും ബോര്‍ഡ് നേടിയെടുത്ത പ്രതിഛായയും പിന്തുണയും  നഷ്ടപ്പെടുത്തുന്ന നടപടിയായിപ്പോയി ഇതെന്ന് പറയാതെ വയ്യ.
മുത്വലാഖ് വിഷയത്തില്‍ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സമുദായ സംഘടനകളും പൊതുവെ കുറ്റകരമായ അനാസ്ഥയാണ് പുലര്‍ത്തുന്നത് എന്നു പറയാതെ നിവൃത്തിയില്ല. സമുദായത്തിലെ യാഥാസ്തിക വിഭാഗങ്ങള്‍ ഒരേ ഇരുപ്പില്‍ മൂന്നു ത്വലാക്ക് ചൊല്ലിയാല്‍ മൂന്ന് ത്വലാക്കും പ്രാബല്യത്തില്‍ വരുമെന്ന വീക്ഷണക്കാരായതിനാല്‍  അവരില്‍ നിന്നും ഇക്കാര്യത്തില്‍ അനുകൂലമായ ഒന്നും പ്രതീക്ഷിക്കുക വയ്യ. ഉല്‍പതിഷ്ണു വിഭാഗങ്ങളാവട്ടെ കാര്യങ്ങള്‍ തുറന്നു പറയാനും അതിലുറച്ചു നില്‍ക്കാനുമുളള ആര്‍ജവം പ്രകടിപ്പിക്കുന്നുമില്ല. മുഖ്യധാര  സമുദായസംഘനകളുടെ വാലുകളായി മാത്രം പ്രവര്‍ത്തിക്കുന്ന മുസലിം വനിതാസംഘനകളാകട്ടെ തങ്ങളുടെ സഹോദരിമാരുടെ ദീനരോദനങ്ങള്‍ക്കു നേരെ പൊതുവെ ചെവികൊടുക്കാറേ ഇല്ല. എന്നാല്‍ പതിവിനു വിപരീതമായി ഇക്കുറി ചില മുസ്‌ലിം മഹിളാ സംഘടനകളെങ്കിലും തങ്ങളുടെ പുരുഷകേസരികളുടെ കണ്ണുരുട്ടല്‍ വകവെക്കാതെ വ്യക്തിനിയമബോര്‍ഡിന്റെ നീക്കത്തിനെതിരെ പ്രതികരിക്കാന്‍ തയ്യാറായിരിക്കുന്നു എന്നത് ശുഭോദര്‍ക്കമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss