|    Jun 18 Mon, 2018 3:41 am
FLASH NEWS

മുത്തങ്ങയില്‍ അനുദിനം ഗതാഗതക്കുരുക്കേറുന്നു

Published : 17th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: ദേശീയപാത 212ല്‍ മുത്തങ്ങയില്‍ അനുദിനം ഗതാഗതക്കുരുക്കേറുന്നു. മുത്തങ്ങയ്ക്കും തകരപ്പാടിക്കും ഇടയിലുള്ള അഞ്ചു ചെക്‌പോസ്റ്റുകളില്‍ പരിശോധനയ്ക്കായി പാതയോരത്ത് നിര്‍ത്തിയിടുന്ന വലിയ വാഹനങ്ങളാണ് ഗതാഗതക്കുരുക്കേറ്റുന്നത്. ഇതിനു ശാശ്വത പരിഹാരമെന്നോണം നിര്‍ദേശിക്കപ്പെട്ട സംയോജിത ചെക്‌പോസ്റ്റ് സമുച്ചയം യാഥാര്‍ഥ്യമാക്കാന്‍ ഇതുവരെ നടപടി തുടങ്ങിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ചെക്‌പോസ്റ്റ് സമുച്ചയമെന്ന ആവശ്യത്തിന് അനക്കംവച്ചിരുന്നു. എന്നാല്‍, പലവിധ വിവാദങ്ങളില്‍ കുരുങ്ങിക്കിടന്ന സര്‍ക്കാര്‍ പിന്നീട് നടപടികളൊന്നുമെടുത്തില്ല. തോല്‍പ്പെട്ടിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലേക്കുള്ള മറ്റൊരു പ്രധാന പാതയായ തോല്‍പ്പെട്ടി-കുട്ട റോഡ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഉപരോധിച്ചിരുന്നു. ഇതോടെ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഈ സമയം സുല്‍ത്താന്‍ ബത്തേരി-മൈസൂര്‍ റൂട്ടില്‍ തിരക്ക് പതിവിലുമേറി. ഇതോടെ മുത്തങ്ങയില്‍ റോഡരികില്‍ പരിശോധനയ്ക്ക് നിര്‍ത്തിയിട്ട വാഹനങ്ങളെ മറികടക്കാനാവാതെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വാളയാര്‍ മാതൃകയില്‍ ആസൂത്രണം ചെയ്ത ചെക്‌പോസ്റ്റ് സമുച്ചയത്തിനായി മുത്തങ്ങയില്‍ നിന്നു രണ്ടു കിലോമീറ്റര്‍ മാറി കല്ലൂരിലാണ് ഭൂമി ഏറ്റെടുത്തത്. വാണിജ്യനികുതി കമ്മീഷണറുടെ കാര്യാലയത്തില്‍ അംഗീകാരം കാത്തുകിടക്കുകയാണ് സമുച്ചയത്തിന്റെ പ്ലാന്‍. പ്രവൃത്തിക്കുള്ള ഫണ്ടും അനുവദിക്കേണ്ടതുണ്ട്. ഏകദേശം ഏഴു കോടി രൂപയാണ് സമുച്ചയ നിര്‍മാണത്തിനു കണക്കാക്കുന്ന ചെലവ്. കല്ലൂരില്‍ സെന്റിന് 45,000-55,000 രൂപ വില നല്‍കി 7.35 ഏക്കര്‍ സ്വകാര്യ ഭൂമിയാണ് ഏറ്റെടുത്തത്. കണ്ടെത്തിയതില്‍ 27 സെന്റ് സ്ഥലമാണ് ഏറ്റെടുക്കാന്‍ ബാക്കി. ഉടമ സെന്റിന് ആറു ലക്ഷത്തോളം രൂപ വില ചോദിക്കുന്നതാണ് ഈ ഭൂമി വാങ്ങുന്നതിനു വിഘാതം. റോഡിന് അഭിമുഖമായതിനാല്‍ സെന്റിന് ഒന്നേകാല്‍ ലക്ഷം രൂപ വില നല്‍കുന്നതിനുള്ള സന്നദ്ധത ജില്ലാ ഭരണകൂടം അറിയിച്ചെങ്കിലും ഭൂമി വിട്ടുകൊടുക്കാന്‍ ഉടമ തയ്യാറായില്ല. ഏറ്റെടുത്ത സ്ഥലം റവന്യൂ വകുപ്പ് കഴിഞ്ഞ ജൂലൈയിലാണ് വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കൈമാറിയത്. സ്‌കാനര്‍, വെയ് ബ്രിജ്ഡ്, കാന്റീന്‍, വിശ്രമകേന്ദ്രം, പാര്‍ക്കിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളുള്ള സമുച്ചയമാണ് കല്ലൂരില്‍ വിഭാവനം ചെയ്തിരിക്കുന്നത്. മുത്തങ്ങയ്ക്ക് സമീപം വാളയാര്‍ മാതൃകയില്‍ സംയോജിത ചെക്‌പോസ്റ്റ് സമുച്ചയം സ്ഥാപിക്കുമെന്ന് 2008ല്‍ ധനമന്ത്രിയായിരുന്ന ഡോ. ടി എം തോമസ് ഐസക്കാണ് പ്രഖ്യപിച്ചത്. 2012-13ലെ ബജറ്റിലായിരുന്നു ചെക്‌പോസ്റ്റ് സമുച്ചയത്തിനു നിര്‍ദേശം. കോഴിക്കോടിനെ കൊല്ലൈഗലുമായി ബന്ധിപ്പിക്കുന്നതാണ് ദേശീയപാത 212. കര്‍ണാടക അതിര്‍ത്തിക്കടുത്തായി മൃഗസംരക്ഷണം, വാണിജ്യനികുതി, വനം-വന്യജീവി, എക്‌സൈസ്, ഗതാഗതം എന്നീ വകുപ്പുകളുടെ ചെക്‌പോസ്റ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതു തിരക്കേറിയ ദേശീയപാതയില്‍ മുത്തങ്ങയിലും തകരപ്പാടിയിലും പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാണ്. ഈ പശ്ചാത്തലത്തിലായിരുന്നു സംയോജിത ചെക്‌പോസ്റ്റ് സമുച്ചയം എന്ന ആശയത്തിനു പിറവി. ദിവസവും കുറഞ്ഞത് 2,000 വാഹനങ്ങളാണ് ദേശീയപാതയിലൂടെ കടന്നുപോവുന്നത്. ഇതില്‍ പാതിയും ചരക്കു ലോറികളാണ്. ചരക്കുവണ്ടികള്‍ വിശദപരിശോധനയ്ക്കായി ചെക്‌പോസ്റ്റകളില്‍ മണിക്കൂറുകളോളം നിര്‍ത്തിയിടുന്നതാണ് ഗതാഗതക്കുരുക്കിനു മുഖ്യകാരണം. കാര്‍ അടക്കം ചെറുവാഹനങ്ങളിലെ യാത്രക്കാരും ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നു. ആനത്താരകളോട് ചേര്‍ന്നാണ് ചെക്‌പോസ്റ്റുകളുള്ളത്. ദേശീയപാതയ്ക്ക് സമാന്തരമായി ഒഴുകുന്ന പുഴയില്‍ ഗതാഗത വകുപ്പിന്റെ ചെക്‌പോസ്റ്റിനോടു ചേര്‍ന്നുള്ള കടവില്‍നിന്നാണ് ആന അടക്കം വന്യജീവികള്‍ ദാഹമകറ്റുന്നത്. ദേശീയപാതയില്‍ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനപ്രദേശത്ത് രാത്രി ഒമ്പതു മുതല്‍ രാവിലെ ആറു വരെ വാഹനങ്ങള്‍ക്ക് വിലക്കുണ്ട്. കര്‍ണാകയിലേക്ക് പോവുന്നതിനു രാത്രി എട്ടോടെ മുത്തങ്ങയിലെത്തുന്ന വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നതുമൂലം യാത്ര തുടരാന്‍ പുലരുംവരെ കാത്തിരിക്കേണ്ടിവരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss