|    Jan 25 Wed, 2017 5:16 am
FLASH NEWS

മുത്തങ്ങയിലെ ആനകള്‍ക്ക് തുണയായി ഇനി ബൊമ്മനില്ല

Published : 5th September 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ആനപ്പന്തിക്ക് തീരാനഷ്ടമായി ബൊമ്മന്റെ വേര്‍പാട്. മുത്തങ്ങ ആനപ്പന്തിയില്‍ നിലവിലുള്ള സൂര്യ എന്ന താപ്പാന, അമ്മു എന്ന ആനകുട്ടി അടക്കം 15ഓളം ആനകളെ സംരക്ഷിച്ച് വളര്‍ത്തിയത് ബൊമ്മനായിരുന്നു. ഇന്ന് രാവിലെ സുല്‍ത്താന്‍ ബത്തേരി ഗവ.ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്നലെ രാവിലെ 8.30ഓടെയാണ് ബൊമ്മന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചത്. രാവിലെ കുഴഞ്ഞുവീണ ബൊമ്മനെ ആനപ്പന്തിയില്‍ നിന്നും വനപാലകര്‍ ആദ്യം നായ്ക്കട്ടി നിരപ്പത്തെ പ്രാഥമികാശുപത്രിയിലും തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 16ാം വയസ്സിലാണ് ബൊമ്മന്‍ മുത്തങ്ങ ആനപ്പ ന്തിയില്‍ എത്തുന്നത്. സംസ്ഥാനത്ത് എവിടെനിന്ന് ആനക്കുട്ടികളെ കണ്ടെത്തിയാലും മുത്തങ്ങയിലായിരുന്നു ആദ്യകാലങ്ങളില്‍ എത്തിച്ച്  പരിചരിച്ചിരുന്നത്. ഇതിന് നേതൃത്വം നല്‍കിയതും ബൊമ്മനായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ എത്തിയ സുന്ദരി എന്ന ആനക്കുട്ടിയെ സംരക്ഷിച്ചത് ബൊമ്മനായിരുന്നു. ആറാം മാസത്തില്‍ ഇവിടെ എത്തിച്ച് സുന്ദരിയെ സ്വന്തം മകളെപോലെ സംരക്ഷിച്ച് വളര്‍ത്തി രണ്ടര വയസ്സായപ്പോള്‍ കോട്ടൂര്‍ ആനപ്പന്തിയിലേക്ക് കൊണ്ടുപോയി. ഇതോടെ ബൊമ്മന്‍  ആനകളെ നോക്കുന്ന ജോലി ഉപേക്ഷിച്ച് പോവുകയും ചെയ്തു. പിന്നീട് ഒരു വര്‍ഷം മുമ്പ് അമ്മു എന്ന കുട്ടിയാന എത്തിയപ്പോള്‍ വയനാട് വൈല്‍ഡ്‌ലൈഫ് വര്‍ഡന്‍ നേരിട്ട് ബൊമ്മനെ സമീപിച്ച് ആനയുടെ സംരക്ഷണം ഏറ്റെടുക്കണമെന്നും വലുതായാല്‍ ആനക്കുട്ടിയെ മറ്റൊരുസ്ഥലത്തേക്കും കൊണ്ടുപോകില്ലെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ബൊമ്മന്‍ അമ്മുവിന്റെ സംരക്ഷണം ഏറ്റെടുത്തത്.
പിന്നീട് ബൊമ്മനായിരുന്നു അമ്മുവിന് അച്ഛനും അമ്മയും. ബൈാമ്മനില്ലാതെ ഒരു നിമിഷവും അമ്മു മാറി നില്‍ക്കാറില്ല. ബൊമ്മന്റെ വേര്‍പാട് അമ്മുവിനും മുത്തങ്ങ ആനക്യാംപിനും തീരാനഷ്ടമാണ്. ബൊമ്മന്റെ ഭാര്യയുടെ പേരും അമ്മുവെന്നാണ്. വനംവകുപ്പ് വാച്ചറായ ചന്ദ്രന്‍, ശാന്ത എന്നിവര്‍ മക്കളാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക