|    Jul 17 Tue, 2018 7:25 pm
FLASH NEWS

മുതുവറയിലെ റോഡ് തകര്‍ച്ച : പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരേ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്

Published : 20th September 2017 | Posted By: fsq

 

തൃശൂര്‍: മുതുവറ പുഴയ്ക്കല്‍ റോഡ് തകര്‍ച്ചയുമായി ബന്ധപ്പെട്ട് മുന്നാം തവണയും സ്‌പെഷല്‍ ബ്രാഞ്ച് സര്‍ക്കാരിന്  റിപ്പോര്‍ട്ട് നല്‍കി. പൊതുമരാമത്ത് വകുപ്പ് ഉദ്യാഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.തൃശൂര്‍-പുഴയ്ക്കല്‍ റോഡിലെ ടാറിങ്ങ് തകര്‍ന്നത് മൂലം റോഡില്‍ രൂപപ്പെട്ട ഭീമന്‍ കുഴികള്‍ വാഹനയാത്രക്കാര്‍ക്ക് ദുഷ്‌ക്കരമായി തീര്‍ന്നത് സംബന്ധിച്ച് ഓണത്തിന് മുമ്പ് രണ്ട് തവണയും, ഓണത്തിന് ശേഷം ഒരു തവണയുമാണ് സ്‌പെഷല്‍ ബ്രാഞ്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. യാത്രാദുരിതം നേരിടുന്ന പുഴയ്ക്കലില്‍ റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നതില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യാഗസ്ഥര്‍ വീഴ്ച വരുത്തിയതായാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. നേരത്തെ കരാറുകാര്‍ നടത്തിയ പണി കൃത്യമായി പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് ഇപ്പോഴുള്ള ദുരിതത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണത്തിന് മുമ്പ് രണ്ട് തവണ പുഴയ്ക്കല്‍ റോഡില്‍ അറ്റകുറ്റപ്പണി നടത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജില്ലാ കലക്ടര്‍ക്കും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിട്ടുണ്ട്. തൃശൂര്‍ —പുഴയ്ക്കല്‍ റോഡില്‍ മാസങ്ങളായി യാത്രാദുരിതം തുടരുകയാണ്. ടാറിങ്ങ് തകര്‍ന്ന റോഡിലെ കുഴികളില്‍പ്പെട്ട് ഇരുചക്ര വാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുഴികളില്‍പ്പെട്ട് തകരാറിലായി വഴിയില്‍ കിടക്കേണ്ടി വരുന്നതും യാത്രാദുരിതം വര്‍ദ്ധിപ്പിക്കുന്നു. മുതുവറ പമ്പ് മുതല്‍  മുതുവറ ജംഗ്ഷന്‍ വരെ ടാറിങ്ങ് പൂര്‍ണമായും തകര്‍ന്ന് കുഴികളില്‍ വെള്ളവും, ചെളിയും കെട്ടിക്കിടക്കുകയാണ്. ഇത് മൂലം ഗതാഗത കുരുക്കും രൂക്ഷമാവുകയാണ്. ഗതാഗത കുരുക്ക് മൂലം തൃശൂരില്‍ നിന്ന് കുന്നംകുളത്തേക്കുള്ള വാഹനങ്ങള്‍ എംഎല്‍എ റോഡ് വഴിയും, കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ മുണ്ടൂരില്‍ തിരിഞ്ഞ് കൊട്ടേക്കാട് വഴിയുമാണ് പോകുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss