|    Aug 15 Wed, 2018 2:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുതിര്‍ന്ന സിപിഎം നേതാവ് വി ആര്‍ ഭാസ്‌കരന്‍ അന്തരിച്ചു

Published : 10th August 2018 | Posted By: kasim kzm

ചങ്ങനാശ്ശേരി: സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും തലമുതിര്‍ന്ന നേതാവുമായ വിആര്‍ബി എന്ന വി ആര്‍ ഭാസ്‌കരന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നു ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്നലെ രാവിലെ 7.20നാണ് മരണപ്പെട്ടത്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ ഒമ്പതുമുതല്‍ കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസിലും ഉച്ചയ്ക്ക് രണ്ടുമുതല്‍ ചങ്ങനാശ്ശേരി എസ്ബി കോളജിനു സമീപമുള്ള ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനുവയ്ക്കും. നാളെ രാവിലെ 11ന് സിപിഎം ചങ്ങനാശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസ് വളപ്പില്‍ സംസ്‌കാരം നടക്കും.
ഒട്ടേറെ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ അദ്ദേഹം, സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെയും കറപുരളാത്ത പൊതുജീവിതത്തിന്റെയും ഉടമയായിരുന്നു.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിലൂടെയാണു പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹം സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സിലെത്തി. തുടര്‍ന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുകയും പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. 1977ല്‍ അടിയന്തരാവസ്ഥക്കാലത്ത് 20 മാസം ജയില്‍ജീവിതം അനുഭവിച്ചു. 1970ല്‍ സിഐടിയു കേന്ദ്രകമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘകാലം സിഐടിയുവിന്റെ കോട്ടയം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
1986ല്‍ കേരള നിയമസഭയിലേക്കു മല്‍സരിച്ചിട്ടുണ്ട്. ദീര്‍ഘകാലം എല്‍ഡിഎഫ് കോട്ടയം ജില്ലാ കണ്‍വീനറായിരുന്നു. അവിവാഹിതനാണ്. വി ഐ രാഘവന്‍, വി ഐ പത്മനാഭന്‍, വി എ ദേവകി, വി ഐ ശാരദ, വി ആര്‍ രാമകൃഷ്ണന്‍, വി ആര്‍ ഭാര്‍ഗവി, വി ആര്‍ രാമന്‍കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്. മരണവിവരമറിഞ്ഞ് എംഎല്‍എമാരായ കെ സുരേഷ് കുറുപ്പ്, സി എഫ് തോമസ്, ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷന്‍ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, സിപിഎം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍, ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, സിഐടിയു ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥന്‍ തുടങ്ങിയ നേതാക്കള്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss