|    Nov 13 Tue, 2018 10:22 am
FLASH NEWS

മുതലമടയില്‍ മധ്യവയസ്‌കനെ കല്ലുകൊണ്ട് ഇടിച്ചുകൊന്നു

Published : 3rd May 2018 | Posted By: kasim kzm

കൊല്ലങ്കോട്: മുതലമട ചുള്ളിയാര്‍ ഡാം ഐബിക്ക് എതിര്‍വശത്തുള്ള മിനുക്കംപാറ കോളനിയുടെ സമീപത്തുള്ള വനംവകുപ്പിന്റെ കുറ്റിക്കാട്ടില്‍ മധ്യവയസ്‌കനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു. മിനിക്കംപാറയില്‍ പത്തുവര്‍ഷമായി താമസിച്ചു വരുന്ന തമിഴ്‌നാട് പൊള്ളാച്ചി കിണഞ്ഞുക്കടവ് അരസന്‍ പാളയം സ്വദേശി പൊങ്കാലി(60)യെ ആണ് തല പൊട്ടി രക്തം വാര്‍ന്ന് മരിച്ച  നിലയില്‍ കണ്ടെത്തിയത്.സമീപത്തുള്ള കരിങ്കല്‍ ക്വാറിയിലെ പത്തിക്കാരനാണ് മരിച്ച പൊങ്കാലി. കൊലപാതകം നടത്തിയതായി പറയുന്ന ചുള്ളിയാര്‍ മേലേ കുണ്ടില കുളമ്പിലെ ശെല്‍വനെ (27) പോലിസ് അറസ്റ്റു ചെയ്തു.
മുപ്പതിനു രാത്രി സംഭവം നടന്ന സ്ഥലത്ത് പൊങ്കാലി മദ്യപിച്ചിരുന്നതായും അതിനടുത്തായി സംസാരശേഷി ഇല്ലാത്ത ശെല്‍വന്‍ മദ്യപിച്ചിരുന്നതായും പോലിസ് പറഞ്ഞു. ഇവരുടെ തൊട്ടടുത്തായി മറ്റൊരു നാല്‍വര്‍ സംഘവും  ഉണ്ടായിരുന്നു. മദ്യപിച്ച ശെല്‍വന്‍ ആറേമുക്കാലോട് അടുത്തുള്ള പെട്ടിക്കടയിലേക്ക് പോയി തിരിച്ച് മദ്യപിച്ച സ്ഥലത്തേക്ക് വന്നു. നാല്‍വര്‍ സ്ഥലത്തില്ലെന്ന് മനസ്സിലാക്കിയ ശെല്‍വന്‍ മദ്യപിച്ച് കിടക്കുന്ന പൊങ്കാലിയുടെ ഷര്‍ട്ട് പോക്കറ്റില്‍ നിന്നും പണം എടുക്കുന്നതിനിടെ ഉണര്‍ന്ന പെങ്കാലി ശെല്‍വനെ തട്ടിമാറ്റി. ഇതോടെ പാറക്കൂട്ടത്തില്‍ വീണ് ശെല്‍വന്‍ സമീപത്ത് കിടന്ന പാറക്കഷ്ണം എടുത്ത് തലക്ക് ഇടിക്കുകയായിരുന്നു.  മറ്റൊരു കല്ലെടുത്ത് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
തലയുടെ പുറകില്‍ വലതു ചെവിയുടെ വശത്തായി ആഴത്തിലുള്ള മുറിവും നേര്‍നെറ്റിയുടെ പുറകിലായി ഏഴ് സെന്റീമീറ്ററോളം നീളത്തിലുള്ള മുറിവും രക്തം വാര്‍ന്നൊഴുകി മരണത്തിനു കാരണമായി. ഇതിനു ശേഷം രാത്രി പത്തു മണിയോട് മേലേ കണ്ടില കുളമ്പിലെ വീട്ടിലെത്തി  കൈയ്യിലുള്ള രക്തം കഴുകി വീടിന്റെ മുകളില്‍ കയറി കിടന്നു. സംസാരശേഷിയില്ലാത്ത ശെല്‍വനുമായി പോലിസ് ബധിര മൂക വിദ്യാലയത്തിലെ അദ്ധ്യാപികയുടെ സഹായത്തോടെയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.
പാലക്കാട് എ ആര്‍ ക്യാംപിലെ പോലിസ് നായ റോക്കിയുടെ സഹായത്തോടെയാണ് പ്രതിയെ പിടി കൂടിയത്. കൂടാതെ ഫോറന്‍സിക് വിഭാഗം, വിരലടയാള വിഭാഗം എന്നിവരുടെ ശാസ്ത്രീയ തെളിവെടുപ്പു പരിശോധനകളുടെ കൂടി അടിസ്ഥാനത്തിലാണ് ശെല്‍വനെ അറസ്റ്റു ചെയ്തത്.
സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സെയ്തലവി സ്‌റ്റേറ്റ് സെപഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വിവിന്‍ ദാസ് ആലത്തൂര്‍ ഡിവൈഎസ്പി കൃഷ്ണദാസ്  കൊല്ലങ്കോട് സ്‌റ്റേഷന്‍ ചാര്‍ജുള്ള നെന്മാറ സിഐ ടി എന്‍ ഉണ്ണികൃഷ്ണന്‍ എസ്‌ഐ ശിവദാസ് സ്‌റ്റേറ്റ്‌സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ ചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പൊങ്കാലിയുടെ ഭാര്യ മഞ്ജുള മക്കള്‍ പൗര്‍ണ്ണമി ,കവിത, മഞ്ജു ,കാര്‍ത്തിക്, മണി .ഇന്ന് ശെല്‍വനെ കോടതിയില്‍ ഹാജരാക്കുമെന്ന് പേലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss