|    Oct 21 Sun, 2018 4:44 am
FLASH NEWS

മുതലപ്പൊഴി: ഡ്രഡ്ജിങ് ചെലവേറിയതാവും; അദാനിക്ക് നല്‍കാന്‍ നീക്കം

Published : 29th August 2016 | Posted By: SMR

തിരുവനന്തപുരം: ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും മുതലപ്പൊഴിയിലെ പ്രവേശന കവാടം ഡ്രഡ്ജ് ചെയ്യാനും അടിത്തട്ടില്‍ കിടക്കുന്ന പാറക്കല്ലുകള്‍ നീക്കം ചെയ്യാനും അദാനി കമ്പനിയുടെ സഹായം തേടാനുള്ള സര്‍ക്കാര്‍ നീക്കം പൊതുനഷ്ടവും അദാനിക്കു മുതല്‍ക്കൂട്ടാവുമെന്നും വിമര്‍ശനമുയരുന്നു. മുതലപ്പൊഴിയില്‍ ഓരോ വര്‍ഷവും ഡ്രഡ്ജിങ് നടത്തി മാത്രമേ തുറമുഖം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ.
ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ ഡ്രഡ്ജറുകള്‍ ഏറ്റവുമധികം ഉള്ളത് അദാനിയുടെ പക്കലാണ്. ഒരു ക്യുബിക് മീറ്റര്‍ മണ്ണ് ഡ്രഡ്ജ് ചെയ്യാന്‍ 100 രൂപയിലേറെയാണ് ഇപ്പോഴത്തെ നിരക്ക്. മുതലപ്പൊഴി തുറമുഖം ശരിയാവണമെങ്കില്‍ തുറമുഖ പ്രവേശന കവാടത്തിലെ മണ്ണടിയുന്നത് എല്ലാ വര്‍ഷവും ഡ്രഡ്ജ് ചെയ്ത മാറ്റണം. തുറമുഖ പ്രവേശന കവാടത്തിലെ താഴേക്ക് മറിഞ്ഞുകിടക്കുന്ന കൂറ്റന്‍ കരിങ്കല്ലുകളും നീക്കം ചെയ്യണം.
പെരുമാതുറ ഭാഗത്തു മണ്ണടിയുന്നത് എല്ലാ വര്‍ഷവും എടുത്ത് തീരം നഷ്ടപ്പെടുന്ന താഴമ്പള്ളി, പൂത്തുറ, അഞ്ചുതെങ്ങ് തീരങ്ങളിലായി നിക്ഷേപിക്കണമെന്നും മണ്‍സൂണ്‍ കാലത്ത് മൂന്നു മാസക്കാലം ഈ തുറമുഖത്തു മല്‍സ്യബന്ധനം നിര്‍ത്തിവയ്ക്കണമെന്നുമുള്ള പ്രധാന നിര്‍ദേശങ്ങള്‍ പൂനെയില്‍ നിന്നുള്ള വിദഗ്ദസംഘം നല്‍കിയിരുന്നു. ആദ്യത്തെ മൂന്ന് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതു ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോടിക്കണക്കിനു രൂപ എല്ലാ വര്‍ഷവും ചെലവഴിക്കണം. തുടര്‍ച്ചയായ മെയിന്റനന്‍സിനുള്ള പണം ഫിഷറീസ് വകുപ്പിനു കണ്ടെത്താനും കഴിയില്ല. ഈ തുറമുഖത്തിന്റെ പ്രവര്‍ത്തനം വഴി നേടുന്ന വരുമാനത്തിനേക്കാളധികം തുകയാണ് അതു സുരക്ഷിതമായി നിലനിര്‍ത്തുന്നതിനു വേണ്ടിവരുന്നത്.
സാഗര്‍മാല പദ്ധതിയില്‍ സൂചിപ്പിക്കുന്ന ഇനയം, വിഴിഞ്ഞം വാണിജ്യ തുറമുഖങ്ങളുടെ ഭാഗമായി 4, 7 കിലോമീറ്റര്‍ നീളത്തില്‍ കൂറ്റന്‍ പുലിമുട്ടുകള്‍ നിര്‍മിക്കുന്നത് തിരുവനന്തപുരം ജില്ലയില്‍ വന്‍ തീരശോഷണത്തിന് ഇടയാക്കുമെന്നു പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുറമുഖമില്ലാത്ത മണല്‍ത്തീരങ്ങളില്‍ സുരക്ഷിതരായി മീന്‍പിടിച്ചിരുന്നവര്‍ക്കു തുറമുഖമെന്ന പേരില്‍ മരണക്കെണിയാണു നമ്മുടെ സര്‍ക്കാര്‍ മുതലപ്പൊഴിയില്‍ ഒരുക്കിയിരിക്കുന്നതെന്നാണു തീരദേശ പരിപാലന നിയമം ലംഘിച്ച് വിഴിഞ്ഞം തുറമുഖ നിര്‍മാണം നടക്കുന്നതെന്നു ചൂണ്ടിക്കാട്ടി സുപ്രിംകോടതിയെ സമീപിച്ച ജോസഫ് വിജയന്‍ പറയുന്നത്.
മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറില്‍ ഇതുവരെയുള്ള മരണം 30ലെത്തിയതോടെ സുരക്ഷിതമായി മീന്‍പിടിത്ത ഉരുക്കള്‍ക്കു കടലിലേക്കു പോയിവരാനുള്ള സാഹചര്യമില്ലാതാവുകയാണെന്നു മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. മുതലപൊഴിയുടെ അശാസ്ത്രീയ നിര്‍മാണമാണ് ഈ പ്രതിഭാസത്തിനു കാരണമെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss