|    Nov 18 Sun, 2018 5:02 am
FLASH NEWS

മുതലപ്പൊഴി ടൂറിസം വികസനം ഇപ്പോഴും ചുവപ്പുനാടയില്‍

Published : 1st August 2016 | Posted By: SMR

എം എം അന്‍സാര്‍

കഴക്കൂട്ടം: മുതലപ്പൊഴി ടൂറിസം വികസനവുമായി ബന്ധപ്പെട്ടു മാസ്റ്റര്‍പ്ലാനും സര്‍വേയും പൂര്‍ത്തിയായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നേവരെ തുടക്കമായില്ല. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ മാസങ്ങള്‍ക്കു മുമ്പ് ഇടം പിടിച്ച പെരുമാതുറ മുതലപ്പൊഴിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. ഈ പണം ഹാര്‍ബര്‍ അതോറിറ്റിക്ക് കൈമാറുകയും ചെയ്തിരുന്നു.
എന്നാല്‍, മാസ്റ്റര്‍പ്ലാനും സര്‍വേയും മാസങ്ങള്‍ക്കു മുമ്പേ പൂര്‍ത്തിയായെന്നും പറഞ്ഞ അധികൃതര്‍ ഇന്നു നിശ്ശബ്ദരാണ്. കടലും കായലും സന്ധിക്കുന്ന മുതലപ്പൊഴിക്കു കുറുകെ പാലം വന്നതോടെയാണ് പെരുമാതുറ മുതലപ്പൊഴിയിലേക്കു ജനസാഗരത്തിന്റെ ഒഴുക്ക് തുടങ്ങിയത്. നിലവില്‍ ഇവിടെ എത്തുന്ന ആയിരക്കണക്കിനു സഞ്ചാരികള്‍ക്കു പ്രാഥമിക കൃത്യം നിര്‍വഹിക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ യാതൊരുവിധ സൗകര്യങ്ങളും ഇല്ല.
ഇതിന്റെ അടിസ്ഥാനത്തില്‍ പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇവിടെ അത്യാവശ്യ സൗകര്യം ഒരുക്കുന്നതിനായി കേരള ടൂറിസം വകുപ്പ് മൂന്നു കോടി രൂപ അനുവദിച്ചത്. ഈ പണം കൈപ്പറ്റിയ ഹാര്‍ബര്‍ അതോറിറ്റി സമയബന്ധിതമായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണ്.
ദിവസവും നൂറുകണക്കിനു സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടെ സന്ധ്യ മയങ്ങിയാല്‍ വെളിച്ചമില്ല. മുതലപ്പൊഴി പാലത്തിനു മുകളില്‍ മാത്രം അത്യാവശ്യം സ്ട്രീറ്റ്‌ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളതല്ലാതെ തീരം ഇപ്പോഴും സന്ധ്യ മയങ്ങിയാല്‍ കൂരിരുട്ടിലാണ്. ഇത് സാമൂഹികവിരുദ്ധര്‍ക്ക് സഹായകമാവുകയാണ്. പ്രത്യേക പ്രവേശനകവാടവും തീരത്തെത്തുന്നതിനു മുമ്പുള്ള കാറ്റാടിമരങ്ങളെ പുറത്താക്കിക്കൊണ്ടുള്ള കൂറ്റന്‍ മതില്‍, മതിലിനോടു ചേര്‍ന്ന് നൂറുകണക്കിനു വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം,  കടലില്‍ നിന്ന് ഇരുന്നൂറു മീറ്റര്‍ മാറി ഇരിപ്പിടസൗകര്യങ്ങള്‍, കുട്ടികള്‍ക്കുള്ള പാര്‍ക്കും ലഘുഭക്ഷണശാലകള്‍, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സംവിധാനങ്ങള്‍, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കുകള്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള സര്‍വേ മാസങ്ങള്‍ക്കു മുമ്പ് പൂര്‍ത്തിയായതോടെ പ്രദേശവാസികളും ഇവിടെയെത്തുന്ന സഞ്ചാരികളും ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, ഇതൊക്കെ ചുവപ്പുനാടയില്‍ കുരുങ്ങിയ അവസ്ഥയിലാണ്. മുതലപ്പൊഴിയില്‍ അടുത്ത കാലത്തായി നിരന്തരം അപകടങ്ങളും സംഭവിക്കുന്നുണ്ട്. ഇത്രയേറെ സഞ്ചാരികള്‍ വന്നെത്തുന്ന ഇവിടെ ലൈഫ് ഗാര്‍ഡിന്റെ സേവനം ഇതുവരെയും ലഭ്യമാക്കിയിട്ടില്ല. ഇനിയെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss