|    Mar 23 Fri, 2018 2:56 pm
FLASH NEWS

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ സംഭവം: മല്‍സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല

Published : 28th August 2016 | Posted By: SMR

കഴക്കൂട്ടം: പെരുമാതുറ മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറില്‍ വള്ളം മറിഞ്ഞ് മല്‍സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സ്ഥലത്തെത്തിയ എഡിഎം ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥ സംഘത്തെ ഉപരോധക്കാര്‍ തടഞ്ഞുവച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു 12.30ഓടെ മുതലപൊഴി തുറമുഖത്താണ് അപകടം നടന്നത്.
18 മല്‍സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന താങ്ങുവല വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞതിനെ തുടര്‍ന്നു കഠിനംകുളം ശാന്തിപുരം നിഷ കോട്ടേജില്‍ ജോണ്‍സണെ (48) കാണാതാവുകയും ബാക്കിയുള്ളവര്‍ രക്ഷാപ്രവര്‍ത്തകരുടെ സഹായത്തോടെ കരയ്‌ക്കെത്തുകയും ചെയ്തു. ഇതില്‍ പരിക്കേറ്റ അഞ്ചോളം പേര്‍ ചികില്‍സയിലുമാണ്. സംഭവം നടന്നസമയം മുതല്‍ പ്രദേശത്തു സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. തുറമുഖത്തു സ്ഥിരമായി ഉണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കാണാതായ മല്‍സ്യത്തൊഴിലാളിയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് മല്‍സ്യത്തൊഴിലാളികള്‍ ഇന്നലെ രാവിലെ ആറോടെ ഒറ്റപ്പന, കുന്നോട്, പൂത്തുറ, പെരുമാതുറ, മുതലപ്പൊഴി, അഞ്ചുതെങ്ങ്, ശാന്തിപുരം റോഡുകള്‍ ഉപരോധിച്ചു.
ഉപരോധം നീണ്ടതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ എഡിഎം ജോണ്‍ സാമുവല്‍, ഡെപ്യൂട്ടി കലക്ടര്‍ രാജന്‍ സഹായി, തഹസിദാര്‍ ക്ലമന്റ് ലോപ്പസ്, ഹാര്‍ബര്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ കൃഷ്ണന്‍ ബി ടി വി എന്നിവരെ ഉപരോധക്കാര്‍ ആദ്യം ശാന്തിപുരത്തും അതുകഴിഞ്ഞു പെരുമാതുറ മുതാലപ്പൊഴിയിലും തടഞ്ഞുവച്ചു. ഇതിനെ തുടര്‍ന്നു സമരക്കാരുമായി നടന്ന ചര്‍ച്ചയില്‍ ഇന്നു മുതല്‍ കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷാ സംവിധാനം ഒരുക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
പൊഴിമുഖത്തു മണല്‍ അടിഞ്ഞുകൂടുന്നതു മാറ്റുന്ന പ്രവൃത്തി മൂന്നാഴ്ചയ്ക്കുള്ളില്‍ തുടങ്ങും. മല്‍സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനുള്ള സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യുമെന്നും അധികൃതര്‍ ഉറപ്പു നല്‍കി. ഉച്ചയ്ക്ക് ഒരു മണിയോടെ സമരക്കാര്‍ പിരിഞ്ഞുപോയി. ഇന്നലെ വൈകീട്ട് മൂന്നിന് അദാനി ഗ്രൂപ്പിന്റെ ഡ്രഡ്ജിങ് വിദഗ്ധര്‍ മുതലപ്പൊഴിയില്‍ എത്തി പൊഴിമുഖം പരിശോധിച്ചു. ഒരു മാസത്തിനുള്ളില്‍ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഡ്രഡ്ജിങ് ആരംഭിക്കുമെന്നാണു ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഇത് നടക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള ഡ്രഡ്ജിങ് സംവിധാനവും ആലോചനയില്‍ ഉണ്ടെന്നു ഉപരോധക്കാര്‍ക്ക് അധികൃതര്‍ ഉറപ്പു നല്‍കി. കാണാതായ മല്‍സ്യത്തൊഴിലാളി ജോണ്‍സണ് വേണ്ടിയുള്ള തിരച്ചില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റ്ഗാര്‍ഡ്, വിഴിഞ്ഞത്ത് നിന്ന് എത്തിയ പരമ്പരാഗത മുങ്ങല്‍ വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി അജിത്കുമാര്‍, കടയ്ക്കാവൂര്‍ സിഐ മുകേഷ്, കഠിനംകുളം എസ്‌ഐ ഹേമന്ത്കുമാര്‍ എന്നിവരടങ്ങുന്ന പോലിസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss