|    Mar 25 Sat, 2017 1:23 pm

മുണ്ടക്കയം ബസ് സ്റ്റാന്‍ഡ് ജങ്ഷനില്‍ പൊതുയോഗങ്ങള്‍ നടത്തരുതെന്ന് കോടതി

Published : 7th October 2016 | Posted By: Abbasali tf

മുണ്ടക്കയം: മുണ്ടക്കയം ബസ് സ്റ്റാന്‍ഡ് ജങ്ഷനില്‍ പൊതുയോഗങ്ങള്‍ നടത്തരുതെന്ന് ലീഗല്‍ സര്‍വീസ് കോടതി ഉത്തരവ്. സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന സഞ്ചരിക്കുന്ന കോടതി മുണ്ടക്കയത്ത് എത്തിയപ്പോള്‍ സമീപത്തെ ഓട്ടോ തൊഴിലാളികള്‍ ഇതു സംബന്ധിച്ചു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിധി. ടൗണില്‍ പൊതുയോഗങ്ങളും മറ്റുപരിപാടികളും നിരോധിച്ച് പഞ്ചായത്ത് മുമ്പ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വീണ്ടും യോഗങ്ങള്‍ സംഘടിപ്പിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗങ്ങള്‍ നടക്കുമ്പോള്‍ ശബ്ദം മൂലം ബസ് കടന്നുവരുന്നതറിയാതെ വാഹനാപകടങ്ങള്‍ ഉണ്ടാവുന്നതായും ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം കുമളി സ്വദേശി വീട്ടമ്മ ബസ്സിടിച്ചു മരണപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അന്നു പൊതുയോഗങ്ങള്‍ നിരോധിച്ചത്. ഇനി മുതല്‍ ബസ് സ്റ്റാന്‍ഡ് കവാടം മുതല്‍ ടാക്‌സി സ്റ്റാന്‍ഡ് പരിധി വരെ യോഗങ്ങള്‍ നടത്താന്‍ പാടില്ലെന്നും സ്റ്റാന്‍ഡിനു പുറത്ത് കംഫര്‍ട്ട് സ്റ്റ്ഷനു ഇടതുവശത്തെ മിനി ഗ്രൗണ്ടില്‍ മാത്രമേ പൊതുയോഗങ്ങളും മറ്റു പരിപാടികളും നടത്താവുയെന്നും അദാലത്ത് കോടതി അധികാരികളായ അഡ്വ. എം എ ഷാജി, അഡ്വ. എം അനന്ദന്‍ എന്നിവരാണ്  ഉത്തരവിട്ടത്. ബസ് സ്റ്റാന്‍ഡിനുള്ളിലെ വ്യാപാര സ്ഥാപനങ്ങള്‍ അനധികൃമായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കണമെന്നു കോടതി പഞ്ചായത്ത് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. കെട്ടിടത്തിനു പുറത്തേക്കു അനധികൃതമായി നിര്‍മാണം നടത്തിയതായാണ് പരാതി. കൂടാതെ ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്കു പൊലിസില്ലെന്ന പരാധിയില്‍ നടപടി സ്വീകരിക്കാന്‍ കാഞ്ഞിരപ്പളളി ഡിവൈഎസ്പിക്കു കോടതി നിര്‍ദേശം നല്‍കി. കോസ്‌വേ കവല, മുളങ്കയം പാലം എന്നിവിടങ്ങളില്‍ ജല അതോറിറ്റിയുടെ പൈപ്പുലൈന്‍ പൊട്ടി ഒഴുകുന്നതിനെതിരേ കാഞ്ഞികുന്നത്ത് കെ കെ ജലാലുദ്ദീന്‍ പരാതി നല്‍കി. ടൗണില്‍ നോപാര്‍ക്കിങ് ഏരിയായില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതായും കോസ്‌വേ റോഡില്‍ അനധികൃത പാര്‍ക്കിങ് നടത്തുന്നതായും പരാതിയില്‍ പറയുന്നു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജു, വൈസ് പ്രസിഡന്റ് നസീമ ഹാരിസ്, പഞ്ചായത്തംഗങ്ങളായ ബി ജയചന്ദ്രന്‍, സൂസമ്മ മാത്യു, ഫ്‌ളോറി ആന്റണി, ലീഗല്‍ പാരാവോളന്റിയര്‍മാരായ എച്ച് അബ്ദുല്‍ അസീസ്, എം ഐ ഹസന്‍, നിര്‍മല ജോണ്‍, ജെസി കാവാലം പങ്കെടുത്തു.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക