|    Oct 19 Thu, 2017 1:02 pm
FLASH NEWS

മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്: അന്വേഷണം നിലച്ചു

Published : 25th August 2016 | Posted By: SMR

നായന്മാര്‍മൂല: മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ നായന്മാര്‍മൂല ബ്രാഞ്ചിലും വിദ്യാനഗര്‍ സായാഹ്ന ശാഖയിലും മുക്കുപണ്ടം പണയംവച്ച് 4.6 കോടി രൂപ തട്ടിയ കേസിന്റെ അന്വേഷണം അട്ടിമറിച്ചു. വിദ്യാനഗര്‍ പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച് കേസെടുത്തിരുന്നത്.
സംഭവത്തില്‍ നാലുപേരെ പിടികൂടി ബാങ്ക് അധികൃതര്‍ പോലിസിനെ ഏല്‍പ്പിച്ചിരുന്നു. ഒരു ബാങ്ക് മാനേജര്‍, രണ്ട് അപ്രൈസര്‍മാര്‍, ഒരു ഇടപാടുകാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ അപ്രൈസറായ സത്യപാലന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. മറ്റുപ്രതികള്‍ റിമാന്റിലാണ്. കേസില്‍ 40ഓളം പ്രതികളാണുള്ളത്.
വിവിധ കാലയളവില്‍ 22 കിലോയിലധികം മുക്കുപണ്ടം പണയംവച്ച് 4.6 കോടി രൂപയാണ് ബാങ്കില്‍ നിന്നും തട്ടിയത്. മുഖ്യസൂത്രധാരകനായ ആദൂര്‍ കുണ്ടാര്‍ സ്വദേശി ഹാരിസ് സഖാഫിയുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ളവരാണ് മുക്കുപണ്ടം പണയംവച്ചത്. പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും ഇവരെ പിടികൂടാന്‍ പോലിസ് തയ്യാറാവുന്നില്ല.
കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് ജില്ലാ പോലിസ് മേധാവി ശുപാര്‍ശ ചെയ്തിട്ടും നടപടിയുണ്ടായിട്ടില്ല. ഈ ബാങ്കിലെ മുക്കുപണ്ട തട്ടിപ്പിന് പിന്നാലെ ജില്ലയിലെ വിവിധ സര്‍വീസ് സഹകരണ ബാങ്കുകളില്‍ സഹകരണ രജിസ്ട്രാര്‍ നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് രൂപയുടെ മുക്കുപണ്ടം പണയംവച്ചതായി കണ്ടെത്തിയിരുന്നു.
ഇതില്‍ ചില ഭരണകക്ഷി നേതാക്കള്‍ ഭാരവാഹികളായുള്ള സഹകരണ ബാങ്കുകളുമുണ്ട്. ഇതോടെയാണ് ബാങ്കുകളിലെ സ്വര്‍ണപരിശോധന നിര്‍ത്തിവെക്കാന്‍ സമ്മര്‍ദ്ദമുണ്ടായത്. കോണ്‍ഗ്രസ് നേതാക്കള്‍ പ്രസിഡന്റുമാരായുള്ള ചില ബാങ്കുകളില്‍ നടത്തിയ പരിശോധനയില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.
സിപിഐയുടെ ഉടമസ്ഥതയിലുള്ള മഞ്ചേശ്വരം മജ്ബയല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പരിശോധന നടത്തിയപ്പോഴാണ് സഹകരണ വകുപ്പ് രജിസ്ട്രാറെ സ്ഥലംമാറ്റിയത്. ചില സിപിഎം നേതാക്കള്‍ ഭാരവാഹികളായുള്ള ബാങ്ക് ഭരണസമിതികളിലും മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തിയിരുന്നു.
മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച കേസില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബാങ്ക് ഭരണസമിതി മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇതിനിടയിലാണ് അപ്രൈസര്‍ക്ക് ജാമ്യം ലഭിച്ചത്. മറ്റുപ്രതികള്‍ പ്രദേശത്ത് വിലസുന്നതായി ബാങ്ക് അധികൃതര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക