|    Jun 19 Tue, 2018 4:13 pm
FLASH NEWS

മുട്ടം ഗവ. പോളിടെക്‌നിക്കില്‍ സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

Published : 20th January 2017 | Posted By: fsq

 

മുട്ടം: ഗവ. പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥി സംഘര്‍ഷം. പോലിസ് വാഹനം വിദ്യാര്‍ഥികള്‍ അടിച്ചുതകര്‍ത്തു. ആറു വിദ്യാര്‍ഥികള്‍ക്കും രണ്ടു പോലിസുകാര്‍ക്കും പരിക്ക്. പോലിസ് ഡ്രൈവര്‍ ദിപു, സിപിഒ സുമേഷ്, വിദ്യാര്‍ഥികളായ മാര്‍ത്താണ്ടന്‍, വിഷ്ണു, അനന്ദു, പ്രമോദ്, അരുണ്‍, ജയ്‌സണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ആര്‍ട്‌സ് ഫെസ്റ്റിന്റെ ഭാഗമായി ഇന്നലെ നടന്ന ഒപ്പന മല്‍സരത്തിനിടയില്‍ താല്‍പ്പര്യമുള്ള ടീമുകള്‍ വരുമ്പോള്‍ കൈയടിക്കുകയും മറ്റുള്ളവര്‍ വരുമ്പോള്‍ ചീമുട്ട എറിഞ്ഞതുമാണ് സംഘര്‍ഷത്തിനു കാരണമായത്. വാക്കേറ്റത്തില്‍ തുടങ്ങിയ സംഘര്‍ഷം കൈയാങ്കളിയിലെത്തുകയായിരുന്നു. ബഞ്ചുകള്‍ എടുത്ത് എറിയുകയും കസേര കൊണ്ട് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു. കസേരയുടെ അടിയേറ്റ് ഒരു വിദ്യാര്‍ഥിയുടെ തലയ്ക്കു പരിക്കേറ്റു. സംഘര്‍ഷം തുടര്‍ന്നതോടെ പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍ മുട്ടം പോലിസിനെ വിളിച്ചു വരുത്തി. അഡീഷനല്‍ എസ്‌ഐ ടി കെ സുകുവും എഎസ്‌ഐ സന്തോഷും അടങ്ങുന്ന ഏതാനും പോലിസുകാര്‍ ക്യാംപ് ചെയ്തിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ കൊണ്ടു പോവുന്നതിനായി പോലിസ് വാഹനത്തില്‍ കയറ്റിയപ്പോള്‍ ഒരു സംഘം അക്രമകാരികള്‍ ഗേയ്റ്റ് അടച്ച ശേഷം വാഹനം പുറത്തേയ്ക്ക് വിടാതെ അടിച്ചു തകര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മുട്ടം പോലിസ് തൊടുപുഴ ഡിവൈഎസ്പിയെ വിവരമറിയിച്ചതോടെ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ്, തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്‍, എസ്‌ഐ ജോബിന്‍ ആന്റണി, കരിങ്കുന്നം എസ്‌ഐ ക്ലീറ്റസ്, കാഞ്ഞാര്‍ സിഐ മാത്യു ജോര്‍ജ്, എസ്‌ഐ സാബു കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലിസ് സന്നാഹം പോളിടെക്‌നിക്കില്‍ എത്തി. ഇതിനിടെ മദ്യലഹരിയിലായിരുന്ന വിദ്യാര്‍ഥികള്‍ പോലിസിനെ അസഭ്യം വിളിച്ച ശേഷം പോളിടെക്‌നിക്കിനു പിന്നിലേയ്ക്ക് ഓടി മറഞ്ഞെന്ന് പോലിസ് പറഞ്ഞു. വാര്‍ക്ക കമ്പിയും, സിമന്റ് കട്ടയും ഉപയോഗിച്ചാണ് വാഹനം അടിച്ചു തകര്‍ത്തത്. പോലിസ് ജീപ്പിന്റെ ഗ്ലാസുകളും, ബോണറ്റും തകര്‍ന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. സംഭവം കണ്ടു നിന്ന ഒരു വിദ്യാര്‍ഥിനി ബോധംകെട്ടുവീണു. ഈ കുട്ടിയെയും ആശുപത്രിയിലേയ്ക്കു മാറ്റി. അക്രമത്തിന്റെ ഭാഗമായി ഓഡിറ്റോറിയത്തില്‍ കിടന്ന ബഞ്ചുകളും കസേരകളും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥിയെ അക്രമകാരികള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ച കാരണത്താല്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കണ്ടാലറിയാവുന്ന മുപ്പതോളം വിദ്യാര്‍ഥികളുടെ പേരില്‍ മുട്ടം പോലിസ് കേസെടുത്തു. പോളിടെക്‌നിക്കിലും എന്‍ജിനീയറിങ് കോളജിലും വിദ്യാര്‍ഥി സംഘര്‍ഷം നിത്യസംഭവമാണ്. മദ്യത്തിനും കഞ്ചാവിനും അടിമയായ വിദ്യാര്‍ഥികളുടെ അതിക്രമം മൂലം പൊറുതിമുട്ടിയതായി നാട്ടുകാര്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss