|    Dec 19 Wed, 2018 1:17 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

മുടി കറുപ്പിക്കുന്നവര്‍; മുടി വെളുപ്പിക്കുന്നവര്‍

Published : 10th November 2018 | Posted By: kasim kzm

നാട്ടുകാര്യം – കുന്നത്തൂര്‍ രാധാകൃഷ്ണന്‍
ശബരിമലയില്‍ ഒന്നാംഘട്ട ‘ഭക്തജന’വിപ്ലവം കഴിഞ്ഞപ്പോള്‍ യഥാര്‍ഥത്തില്‍ ഗോള്‍ നേടിയത് ആര്? സമരവും പ്രതിസമരവും തിരുവാതിര രാവിലെ പൊറാട്ടുനാടകത്തിന്റെ നിലവാരത്തിനപ്പുറത്തേക്കു പോവുന്നില്ലെന്നു കണ്ടപ്പോഴാണ് നാളിതുവരെ ശബരിമല എന്നു പറഞ്ഞിട്ടില്ലാത്തവര്‍ക്കു കൂടി അയ്യപ്പഭക്തി തിരിച്ചെടുക്കാനാവാത്തവിധം കൂടിപ്പോയത്. അതോടെ ഉത്തരേന്ത്യയില്‍ ആരും നോക്കാതെ തുരുമ്പെടുത്തുകിടന്ന് ഊര്‍ധശ്വാസം വലിച്ചിരുന്ന രഥത്തിനും ജീവന്‍ വച്ചു. അയോധ്യ മോഡല്‍ രഥം കണ്ട് നടുങ്ങിപ്പോയത് യഥാര്‍ഥത്തില്‍ കാംഗ്രസ്സാണ്. രഥം കണ്ട് ലഹരി മൂത്ത്, രാമന്‍നായരെ അനുകരിച്ച് അതില്‍ കയറാന്‍ കാംഗ്രസ്സുകാര്‍ ശ്രമിച്ചാല്‍ ഉമ്മന്‍-ചെന്നി കാംഗ്രസ്സിന്റെ കാര്യം കട്ടപ്പൊകയാവും. അതുകൊണ്ടാണ് രഥയാത്രയുടെ പടയോട്ടം തുടങ്ങുന്ന അന്നുതന്നെ വിശ്വാസ സംരക്ഷണയാത്രയ്ക്കു വഴിയൊരുക്കിയത്.
അയ്യപ്പനെ സംരക്ഷിക്കുന്നതില്‍ എന്നും ജാഗ്രതപാലിക്കാറുള്ള സംഘപരിവാര പ്രഭൃതികള്‍ക്ക് ശരിയായ ദിശാബോധം പകര്‍ന്നത് അമിതന്‍ജി എന്ന തിരഞ്ഞെടുപ്പ് ചാണക്യനാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞതാണല്ലോ! അധികം വെളഞ്ഞാല്‍ കേന്ദ്രന്‍ പിണറായി സര്‍ക്കാരിനെ ചവിട്ടി പാതാളത്തിലേക്കു താഴ്ത്തുമെന്നു പറഞ്ഞത് ഭീഷണിയല്ല, നടക്കാന്‍ പോവുന്ന ഒരു യാഥാര്‍ഥ്യമാണ്. രണ്ടാംഘട്ട വിപ്ലവം നടക്കാന്‍ പോവുന്ന മണ്ഡലവിളക്ക് കാലം അതിന്റെ ഗതി നിര്‍ണയിക്കും.
തുലാമാസ പൂജക്കാലത്ത് നിലയ്ക്കലില്‍ നടന്നത് ആക്രമണമാണെന്നാണ് ഹൈക്കോടതിയുടെ കണ്ടുപിടിത്തം. അയ്യപ്പകോപത്തെ പറ്റി കോടതിക്ക് വല്ല പിടിപാടുമുണ്ടോ? ശബരിമലയില്‍ പ്രസവിക്കാന്‍ ശേഷിയുള്ള യുവതികള്‍ എത്തിയാല്‍ അയ്യപ്പന്റെ പുലിയിറങ്ങും എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. പുലിയില്‍ നിന്ന് അവരെ രക്ഷിക്കാനാണ് യഥാര്‍ഥത്തില്‍ ഞങ്ങള്‍ ശ്രമിച്ചത്. ശബരിമലയിലെത്തുന്ന യുവതികളെ പുലിയോ പുരുഷനോ പിടിക്കാനിടയുണ്ടെന്ന് ഒരുത്തന്‍ പറഞ്ഞത് മറന്നുപോയോ? ഇനി മണ്ഡലകാല പൂജയാണ്. ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് എത്തുന്ന വന്ദ്യവയോധികകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇനി പറയുകയാണ്. ക്രമസമാധാനപാലനത്തിനു കൂടിയാണ് ഇതു പറയുന്നത്. ശ്രദ്ധിച്ചു കേള്‍ക്കണം.
നിങ്ങള്‍ക്ക് 50 വയസ്സ് കഴിഞ്ഞു എന്നു പറഞ്ഞാല്‍ പോര. കാരണം, നിങ്ങളെ കണ്ടാല്‍ 30 വയസ്സ് മാത്രമേ തോന്നിക്കുകയുള്ളൂ. അതിനാല്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവന്നിട്ടു കാര്യമില്ല. തലയും വാലുമില്ലാത്ത ആധാര്‍ കാര്‍ഡ് ഞങ്ങള്‍ക്കും അയ്യപ്പനും സ്വീകാര്യമാവില്ല. അതിനാല്‍ എസ്എസ്എല്‍സി പുസ്തകത്തിന്റെയോ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെയോ ഒറിജിനല്‍ കൊണ്ടുവരാം. സ്‌കൂളിലും കോളജിലുമൊന്നും പോയിട്ടില്ലെങ്കില്‍ നഗരസഭ/വില്ലേജ് ഓഫിസുകളില്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഞങ്ങള്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ കൈമോശം വന്നാല്‍ പുലിയും പുരുഷനുമിറങ്ങുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! ജാഗ്രതൈ.
ഏതായാലും ഞങ്ങള്‍ ഒരു അജണ്ട തയ്യാറാക്കി. അതില്‍ മണ്ടന്‍മാരായ ചില കാംഗ്രസ് പരിഷകള്‍ വീണുപോയതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ സുവര്‍ണാവസരം എന്നല്ലാതെ എന്തു പറയാന്‍. ശബരിമലയില്‍ യുവതീപ്രവേശനത്തിന് തീവ്രമായി വാദിച്ചുകൊണ്ട് നേമം രാജേട്ടന്‍ സുപ്രിംകോടതി വിധി വരുന്നതിനു മമ്പ് ലേഖനമെഴുതിയത് പുറത്തുവിട്ടത് തീവ്രവാദികളാണ്. അങ്ങനെയൊരു ലേഖനമെഴുതിയോ എന്ന് രാജേട്ടന് ഓര്‍മയില്ല. ചങ്ങാതിക്ക് ഈയിടെയായി ഒന്നും ഓര്‍മയില്ല. അതുകൊണ്ടാണു നിയമസഭയില്‍ കമാന്ന് ശബ്ദിക്കാത്തത്.
ഏതായാലും പിള്ളമനസ്സില്‍ കള്ളമില്ല എന്ന് തെളിഞ്ഞുകഴിഞ്ഞതിലാണ് ഭാഷാവിശാരദന്‍മാര്‍ക്ക് ആശ്വാസം. ശബരിമലയിലെ ഗുസ്തി തങ്ങള്‍ ആസൂത്രണം ചെയ്തതാണെന്ന് ശ്രീധരന്‍ പിള്ള അധികാരി തുറന്നുപറഞ്ഞല്ലോ. പിള്ളയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം പോലിസ് കേസെടുത്തിട്ടുണ്ട്. നിയമം കലക്കിക്കുടിച്ച പിള്ളയോട് കളിക്കുന്നത് പോലിസ് സൂക്ഷിച്ചാല്‍ നന്ന്. കോടതി ഉത്തരവ് വക്കീല്‍ തന്നെ ലംഘിക്കുന്നതു ശരിയാണോ എന്നാണു മതേതരന്‍മാരുടെ ചോദ്യം. നടപ്പാക്കാവുന്ന വിധിയേ സുപ്രിംകോടതി പുറപ്പെടുവിക്കാവൂ. ഇല്ലെങ്കില്‍ പിള്ള വക്കീല്‍ മാത്രമല്ല, സുപ്രിംകോടതിയുടെ തള്ളപോലും ഇടപെട്ടളയും.
ശബരിമല വിപ്ലവത്തെ ഹരംപിടിപ്പിക്കുന്നത് യഥാര്‍ഥത്തില്‍ മറ്റൊന്നാണ് ബലാലെ. ശബരിമലയിലെത്തുന്ന പല വയസ്സികളുടെയും തല നരയ്ക്കാറില്ല. അതിനാല്‍ അവരുടെ പ്രായം തിട്ടപ്പെടുത്താന്‍ രഥയാത്രികര്‍ക്കു സാധിക്കില്ല. ഇത് മുന്‍കൂട്ടി കണ്ട് വയസ്സികള്‍ മുടി നരപ്പിക്കാനും വെളുപ്പിക്കാനും ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുകയാണത്രേ. ഗോദ്‌റെജ് കമ്പനി മുടി നരപ്പിച്ച് വയസ്സികളുടെ ആരോഗ്യം കൂട്ടുന്നതിന് സ്‌പെഷ്യല്‍ ഹെയര്‍ഡൈ തയ്യാറാക്കിയിട്ടുണ്ട്. മണ്ഡലകാലത്തിനു മുമ്പ് അവ കേരളത്തിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ‘ശബരിമല തീര്‍ത്ഥാടനം, നരമുടിയുടെ അജയ്യലോകം’ എന്നാണ് ഗോദ്‌റെജ് ഉല്‍പന്നത്തിന്റെ പരസ്യമുദ്രാവാക്യം. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss