|    Apr 20 Fri, 2018 4:33 pm
FLASH NEWS
Home   >  Kerala   >  

മുജ്ജന്മ ശത്രുക്കള്‍ മക്കളായി പിറക്കുമോ?

Published : 11th September 2016 | Posted By: G.A.G

imthihan-SMALLമുജ്ജന്മ ശത്രുക്കള്‍ മക്കളായി പിറക്കുമെന്നൊരു ധാരണ ഭാരതീയ പുനര്‍ജന്മവിശ്വാസത്തിന്റെ ഭാഗമായിട്ടുണ്ടത്രെ. ഭാരതീയ സംസ്‌കൃതിയെ പൂര്‍ണമായി ആവാഹിച്ച് ‘ കറകളഞ്ഞ ‘ഭാരതീയനും മതേതരനുമാവാനുളള ശ്രമത്തിലായതിനാല്‍ മുന്‍ മന്ത്രി എം കെ മുനീറിന് ഇക്കാര്യത്തിലും മറിച്ചൊരഭിപ്രായമുണ്ടാവാനിടയില്ല. ബഹറില്‍ മുസല്ലയിട്ട് നമസ്‌കരിച്ചാലും സംഘ്പരിവാറിന് വഴങ്ങുന്ന പ്രശ്‌നമില്ലെന്ന വാചകം സ്‌കൂള്‍ കുട്ടികള്‍ക്കു പോലും കാണാപാഠമാണ്. മുസലിം ലീഗ് വേദികളില്‍ നിന്ന് പതിവായി മുഴങ്ങിക്കേള്‍ക്കാറുളള ഈ വാചകം എം കെ മുനീറിന്റെ പിതാവ് യശശരീരനായ മുസലിം ലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി എച്ച് മുഹമ്മദ്‌കോയയുടേതാണ്.
കറകളഞ്ഞ സമുദായ സ്‌നേഹിയും മതേതരനുമായിരുന്ന സി എച്ചിന്റെ മരണശേഷം പിതാവിന്റെ യശസ്സിന്റെ ഓരംപറ്റി രാഷ്ട്രീയത്തിലിറങ്ങിയ ഡോക്ടര്‍ മുനീറിന് സി എച്ചിന്റെ പൊന്നോമന പുത്രന്‍ എന്ന പരിഗണന എന്നും സമുദായരാഷ്ട്രീയത്തികത്തും പുറത്തും ലഭിച്ചിട്ടുണ്ട്. പക്ഷേ സമുദായം നല്‍കുന്ന സ്‌നേഹവാല്‍സല്യങ്ങള്‍ നിര്‍ലോഭം സ്വീകരിക്കുന്ന ഡോക്ടര്‍ക്ക് സമുദായത്തിന്റെ ആശയാദര്‍ശങ്ങളും ആത്മാഭിമാനവും നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നതിനേക്കാള്‍ താല്‍പര്യം സമുദായ ശത്രുക്കളുടെ കയ്യടി വാങ്ങി സ്വന്തം സ്ഥാനമാനങ്ങള്‍ നിലനിര്‍ത്താനാണ്.
തന്റെ മണ്ഡലത്തില്‍ ആയിത്തരഞ്ഞൂറ് അമുസലിം കുടുംബങ്ങളുണ്ട് എന്നദ്ദേഹം പേര്‍ത്തും പേര്‍ത്തും പറയുന്നതിന്റെ  പൊരുള്‍ അവര്‍ പാലം വലിച്ചാല്‍ തന്റെ എം എല്‍ എ സ്ഥാനം ഇടിഞ്ഞുപൈളിഞ്ഞു വീഴും എന്നുതന്നെയാണ്.   നേരത്തേ ഫാഷിസത്തെയും മതേതരത്തെയും കുറിച്ച് ഗ്രന്ഥരചന നടത്തി സ്വന്തം പ്രസാധനാലയത്തിലൂടെ പ്രസിദ്ധീകരിച്ച ഡോക്ടര്‍ക്ക് അടുത്ത കാലത്തായി  പണി  ഫാഷിസത്തിനെതിരെ  ആരെങ്കിലും ആര്‍ജ്ജവത്തോടെ സംഘടിക്കുകയോ പ്രതികരിക്കുകയോ ചെയ്താല്‍ അവരുടെ രക്തത്തില്‍ തീവ്രവാദത്തിന്റെ വൈറസ് തിരയലാണ്.
പിറന്ന സമുദായത്തിന്റെ വയറ്റിനിട്ട് രണ്ടു ചവിട്ട് ചവിട്ടി പൊതുസമൂഹത്തിന്റെ മുമ്പില്‍ ഞെളിയാന്‍ താല്‍പര്യമുളള പാര്‍ട്ടിക്കകത്തും പുറത്തുമുളള ചില  ‘ഉഭയ ‘ ജീവികളുടെയും കഥയറിയാതെ ആട്ടം കാണുന്ന ചില മതസംഘടനകളുടേയും പിന്തുണ ഇക്കാര്യത്തില്‍ ലഭിക്കാറുണ്ടായിരുന്നുവെന്നതും നേര്. എന്നാല്‍ കണ്ടാലറിയാത്തവരും കൊണ്ടാലറിയാതിരിക്കില്ലല്ലോ.  ഡോക്ടറുടെ ലേറ്റസ്റ്റ് തീവ്രവാദ വിരുദ്ധ സംഹാരിയുടെ പ്രഹര ശേഷി കണ്ട് പകച്ചു നില്‍ക്കുകയാണ് ലീഗനുകൂല സമസ്തപോലും. പൊതുപരിപാടികളില്‍ പോലും നിലവിളക്ക് കത്തിക്കുന്നത് അനിസലാമികമാണെന്ന് സമസ്തയും മറ്റു ഇസലാമിക സംഘടനകളും ഏകകണ്ഠമായും അസന്നിഗ്ധമായും വ്യക്തമാക്കിയിരിക്കെയാണ് മുനീര്‍ ഒരു പടികൂടി കടന്ന്  മുരത്ത മുസലിം വിരുദ്ധവര്‍ഗീയതയുടെ പ്രതീകമായ ശിവസേനയുടെ ഗണേഷോല്‍സവത്തില്‍ പങ്കെടുത്ത് ഭദ്രദീപം കൊളുത്തിയിരിക്കുന്നത്.
സംഗതി വിവാദമായപ്പോയും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. നിലവിളക്ക് കൊളുത്തലിന്റെ ആത്മാവ്  ദീപാരാധനയായതിനാല്‍ അല്ലാഹുവിനല്ലാതെ മറ്റൊരാള്‍ക്കും ആരാധന അനുവദിക്കാത്ത ഇസ്‌ലാമില്‍ ഒരിക്കലും മാപ്പര്‍ഹിക്കാത്ത വന്‍പാപമാണ്. ആ ദീപം കൊളുത്തുന്നത് ദൈവത്വത്തില്‍ പങ്ക് ആരോപിക്കപ്പെടുന്ന ഗണപതിവിഗ്രഹത്തിനു മുമ്പിലാകുമ്പോള്‍  വസൂരിബാധിച്ചു മരിച്ച മൃതദേഹത്തില്‍ കുട്ടിച്ചാത്തനെന്ന പോലെ അടുക്കാന്‍ പോലുമാകാത്തവണ്ണം ആ തെറ്റിന്റെ ഗൗരവം വര്‍ധിക്കുന്നു.
സമസ്ത വിഷയത്തില്‍ ആര്‍ജ്ജവത്തോടെ പ്രതികരിച്ചിരിക്കുന്നു. പക്ഷേ പ്രതികരണം പ്രസ്താവനയിലൊതുക്കിയതു കൊണ്ടായില്ല, സമസ്തയുടെ സാരഥ്യം വഹിക്കുന്ന പാണക്കാട് കുടുംബമാണ് മുസലിം ലീഗിലെ മുനീറിന്റെ പിന്‍ബലമെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. സമസ്തയുടെ പ്രതികരണം ആത്മാര്‍ത്ഥതോടു കൂടിയതാണെന്ന് അംഗീകരിക്കപ്പെടണമെങ്കില്‍ അവരുടെ ഭാഗത്ത് നിന്ന് പരസ്യ ശാസന പോലുളള നടപടികള്‍ക്ക് ശക്തമായ സമ്മര്‍ദ്ദം കൂടിയേ തീരൂ. അതോടൊപ്പം വിഷയത്തില്‍ കുറ്റകരമായ മൗനം പാലിക്കുന്ന ഉല്‍പതിഷ്ണു വിഭാഗങ്ങളും കൂടി രംഗത്തിറങ്ങിയേ മതിയാവൂ എന്നു കൂടി ആനുഷംഗികമായി സൂചിപ്പിക്കട്ടെ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss