|    Jun 24 Sun, 2018 9:21 am
FLASH NEWS
Home   >  Editpage  >  Editorial  >  

മുജാഹിദ് സംഘടനകള്‍ ഒന്നിക്കുന്നത് ശുഭകരം

Published : 19th November 2016 | Posted By: SMR

ഭിന്നിച്ചുനില്‍ക്കുന്ന കേരളത്തിലെ രണ്ടു മുജാഹിദ് സംഘടനകള്‍ പരസ്പരം ലയിച്ച് ഒന്നാവാന്‍ പോവുന്നുവെന്ന വാര്‍ത്ത ശുഭസൂചകമാണ്. എണ്ണത്തില്‍ ഭൂരിപക്ഷമല്ലെങ്കിലും കേരള മുസ്‌ലിംകളുടെ ആധുനികവല്‍ക്കരണത്തില്‍ പ്രധാന പങ്കുവഹിച്ച മുജാഹിദുകള്‍ക്കാണ് സമുദായത്തിന്റെ സാംസ്‌കാരിക-ധൈഷണിക മണ്ഡലങ്ങളില്‍ മേല്‍ക്കൈ.
ചെയ്തുപോന്ന പ്രവര്‍ത്തനങ്ങളുടെ സക്രിയമായ തുടര്‍ച്ച സൃഷ്ടിച്ചെടുക്കുന്നതിനു പകരം, തമ്മില്‍ തല്ലാന്‍ വേണ്ടി സമ്പത്തും സമയവും ഊര്‍ജവുമൊക്കെ ചെലവഴിക്കേണ്ടിവരുക എന്ന നിര്‍ഭാഗ്യകരമായ അവസ്ഥയിലാണ് പിളര്‍പ്പു മൂലം ഈ സംഘടന എത്തിച്ചേര്‍ന്നത്. കുറച്ചു പേരെങ്കിലും മതതീവ്രനിലപാടുകളെ പ്രണയിക്കാന്‍ ഇതു വഴിവച്ചിട്ടുമുണ്ട്. ഇതെല്ലാം തിരിച്ചറിഞ്ഞു സ്വയം പുനര്‍നിര്‍മിക്കാനാണ് മുജാഹിദ് വിഭാഗങ്ങള്‍ തയ്യാറെടുക്കുന്നതെങ്കില്‍ അതു ശുഭകരമായിരിക്കും.
പ്രത്യേക രാഷ്ട്രീയ ചായ്‌വുകളൊന്നും പുലര്‍ത്തുന്നില്ലെങ്കിലും സാമാന്യമായി മുസ്‌ലിംലീഗിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് മുജാഹിദുകള്‍. സംഘടനയുടെ നിലപാടുകള്‍ നിര്‍ണയിക്കുന്നതില്‍ ലീഗ് നേതൃത്വത്തിന്റെ സ്വാധീനം പ്രകടമാണുതാനും. അതുകൊണ്ടുതന്നെ മുസ്‌ലിം സമൂഹത്തിന്റെ നിലനില്‍പിന് എതിരായുള്ള നീക്കങ്ങള്‍ ഉണ്ടാവുന്ന സന്ദര്‍ഭങ്ങളില്‍ പോലും, സമുദായ താല്‍പര്യത്തിനു പുറംതിരിഞ്ഞുനിന്നു ക്ഷമാപണസ്വരത്തില്‍ സംസാരിക്കാറുണ്ട് സംഘടനയുടെ രണ്ടു വിഭാഗക്കാരും. മുസ്‌ലിംലീഗിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി സമുദായത്തിന്റെ പൊതുകുടക്കീഴില്‍ നിന്നു ചിലരെയൊക്കെ തീവ്രവാദമുദ്ര കുത്തി പുറത്താക്കുമ്പോള്‍, അതിനോട് ചേര്‍ന്നുനില്‍ക്കുകയാണ് അവരുടെ പതിവ്.
രാജ്യത്തെ മുസ്‌ലിം അവസ്ഥ മുജാഹിദുകളെ പൊതുവേ പ്രകോപിപ്പിക്കാറില്ല. തങ്ങളുടെ രാഷ്ട്രീയ വിധേയത്വം ചില അതിര്‍വരമ്പുകള്‍ക്കുള്ളില്‍ അവരെ തളച്ചിടുന്നു. രണ്ടു വിഭാഗക്കാരും ചേര്‍ന്ന് ഒറ്റ സംഘടനയായി, വര്‍ധിതവീര്യത്തോടെ ഈ അതിര്‍വരമ്പുകള്‍ കൂടുതല്‍ ബലപ്പെടുത്താന്‍ ശ്രമിക്കുകയാണോ ചെയ്യുകയെന്നു കണ്ടറിയണം. മുസ്‌ലിം യാഥാര്‍ഥ്യം ശരിയായ രീതിയില്‍ മനസ്സിലാക്കാതെ കൂടുതല്‍ ഉറക്കെ ക്ഷമാപണസ്വരത്തില്‍ സംസാരിക്കുന്ന ഒരു സംഘടന ഉണ്ടാവുന്നതുകൊണ്ട് വിശേഷിച്ചൊരു ഗുണവും ഉണ്ടാകാന്‍ പോവുന്നില്ല. മറിച്ച്, മതാത്മകതയ്ക്ക് സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍ രാഷ്ട്രീയ ദൗത്യങ്ങള്‍ കൂടി നിറവേറ്റാനുണ്ടെന്നു മനസ്സിലാക്കാന്‍ മുജാഹിദുകള്‍ക്കു സാധിച്ചാല്‍ നന്ന്.
ഇന്ത്യന്‍ മുസ്‌ലിംകള്‍ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത്. അവരുടെ മതനിയമങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും വേഷത്തിനും ഭക്ഷ്യശീലത്തിനുമെല്ലാം നേരെ തീവ്രഹിന്ദുത്വം കൈയേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് മുസ്‌ലിം സംഘടനകളെ നിരോധിക്കുന്നു. ഏറ്റുമുട്ടല്‍ കൊലകളിലൂടെ നിരപരാധികളെ കൊല്ലുന്നു. ഈ ഘട്ടത്തില്‍ മതസംഘടനകള്‍ സ്വന്തം പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയ വിവക്ഷകള്‍ കൂടി കണക്കിലെടുത്തേ മതിയാവൂ. ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനസമൂഹങ്ങളുടെയുമെല്ലാം പോരാട്ടങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ മതസംഘടനകള്‍ക്കു കഴിയണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss