|    Feb 26 Sun, 2017 11:14 pm
FLASH NEWS

മുജാഹിദ് ലയനം വേഗത്തിലാക്കിയത് ത്രികോണ ചര്‍ച്ച

Published : 28th November 2016 | Posted By: SMR

റസാഖ് മഞ്ചേരി

മലപ്പുറം: ഒരുവര്‍ഷം മുമ്പ് ഔദ്യോഗികമായി തുടക്കമിട്ട മുജാഹിദ് ലയനശ്രമം വേഗത്തിലാക്കിയത് 2012ലെ പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ സാഹചര്യം. ഡിസംബര്‍ മൂന്നിന് കോഴിക്കോട് നടക്കുന്ന സംയുക്ത കൗണ്‍സിലിനുശേഷം വാര്‍ത്താസമ്മേളനം നടത്തി ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് കെഎന്‍എം തീരുമാനം. 18ന് കോഴിക്കോട് കടപ്പുറത്ത് ഇരുവിഭാഗം പ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തി ലയനസമ്മേളനം നടക്കും.
ടി പി അബ്ദുല്ലക്കോയ മദനി പ്രസിഡന്റും ഉണ്ണീന്‍കുട്ടി മൗലവി ജനറല്‍ സെക്രട്ടറിയുമായ മാതൃസംഘടനയിലേക്ക് തിരിച്ചുവരാന്‍ നദ്‌വത്തുല്‍ മുജാഹിദീന്‍(മര്‍കസു ദഅ്‌വ) വിഭാഗം നടത്തിയ ശ്രമം ത്രികോണ ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞതോടെ വേഗത്തിലായി. മര്‍കസു ദഅ്‌വ വിഭാഗവുമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ജിന്ന് വിവാദത്തെ തുടര്‍ന്ന് പുറത്തുപോയവരുമായും ചര്‍ച്ച നടന്നിരുന്നു. കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, സാബിര്‍ നവാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.  എന്നാല്‍, ഈ ചര്‍ച്ച വഴിമുട്ടി. ഇതിനിടെയാണ് ഡോ. ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ വിജയം കണ്ടത്.  തൗഹീദ്, പ്രബോധനം, ജീവ കാരുണ്യ പ്രവര്‍ത്തനം, സിഹ്‌റ്, അസ്മാഅ് വസ്സിഫാത്ത്, എന്നീ പ്രധാന അഞ്ച് വിഷയങ്ങള്‍ ഉള്‍പ്പെടെ 18ഓളം തര്‍ക്ക വിഷയങ്ങളില്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെ വീക്ഷണം അംഗീകരിക്കുന്നുവെന്ന് മര്‍കസു ദഅ്‌വ വിഭാഗം രേഖാമൂലം ഒപ്പിട്ടു കൈമാറിയിട്ടുണ്ട്. ലയന തീരുമാനം ആദ്യം ആശങ്കയോടെയാണു കണ്ടിരുന്നതെങ്കിലും പുതിയ സാഹചര്യത്തില്‍ ഇരുവിഭാഗം അണികളും വലിയ ആവേശത്തിലാണ്. പിളര്‍പ്പിന് 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവിഭാഗങ്ങളും ഒന്നിക്കുന്നത്. തിരിച്ചെത്തുന്നവരെ മാനസികമായി പ്രയാസപ്പെടുത്തുന്ന വാക്കുകളോ പ്രവൃത്തികളോ ഉണ്ടാവരുതെന്ന് കെഎന്‍എം നേതൃത്വം അണികള്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കി.
ഇതിനിടെ ഇരുവിഭാഗങ്ങളും നടത്തിയ ആരോപണ പ്രത്യാരോപണങ്ങളുടെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2012ല്‍ പുറത്തുപോയവരും ഒരുസുന്നിവിഭാഗവുമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. ലയനശ്രമത്തിന് തടയിടലാണ് ഇതിനു പിന്നിലെന്നും അണികള്‍ ആരോപിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി, സമസ്ത, പോപുലര്‍ ഫ്രണ്ട്, മുസ്‌ലിംലീഗ് തുടങ്ങി പ്രധാന മുസ്‌ലിം സംഘടനകള്‍ ലയനം സ്വാഗതം ചെയ്തിട്ടുണ്ട്. കെഎന്‍എം, കെജെയു എന്നിവയുടെ പുതിയ ഭാരവാഹികളെ ലയന സമ്മേളനത്തില്‍ പ്രഖ്യാപിച്ചേക്കും.
2002ലെ പിളര്‍പ്പിനെ തുടര്‍ന്ന് ഔദ്യോഗിക ഭാരവാഹിത്വങ്ങളില്‍ നിന്ന് വിട്ടുനിന്ന ഹദീസ് പണ്ഡിതന്‍ അബ്ദുസലാം സുല്ലമി, സകരിയ തുടങ്ങിയവരെ സംബന്ധിച്ച തീരുമാനങ്ങള്‍ നേതൃത്വം അണികളുമായി പങ്കുവച്ചിട്ടില്ല. പിളര്‍പ്പ് ഘട്ടത്തില്‍ ഏറെ പഴികേട്ട പണ്ഡിതനാണ് സലാം സുല്ലമി. സ്ഥാപനങ്ങളുടെ അവകാശ തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ ഇരുവിഭാഗവും തമ്മില്‍ നിരവധി കോടതി വ്യവഹാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇവ പിന്‍വലിക്കുകയോ ഒത്തുതീരുകയോ ചെയ്യുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 390 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day