|    Apr 25 Tue, 2017 4:28 am
FLASH NEWS

മുജാഹിദ് ലയനം: പ്രഖ്യാപനം രണ്ടാഴ്ചയ്ക്കകം

Published : 22nd November 2016 | Posted By: SMR

ആബിദ്

കോഴിക്കോട്: കേരളത്തിലെ മുജാഹിദ് വിഭാഗങ്ങള്‍ക്കിടയിലെ ഐക്യം യാഥാര്‍ഥ്യത്തിലേക്ക്. ഇതു സംബന്ധിച്ച പ്രഖ്യാപനം രണ്ടാഴ്ചയ്ക്കകം ഉണ്ടാവും. കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നടന്ന ഡോ. ഉസ്മാന്‍ അനുസ്മരണ സെമിനാറില്‍ നേതാക്കള്‍ ഇക്കാര്യം അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുവരെയുള്ള ചര്‍ച്ചകളിലൂടെ ആദര്‍ശപരമായ യോജിപ്പ് ഏറക്കുറേ സാധ്യമായിട്ടുണ്ട്. സംഘടനാ പദവികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ഇനി ധാരണയാവാനുള്ളത്. സംഘടനാ-സ്ഥാപന ചുമതലകള്‍ ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാവുന്നതിനു മുമ്പുതന്നെ സംയുക്ത ഐക്യപ്രഖ്യാപനം പുറപ്പെടുവിക്കാനും ഇതിന്റെ അനുകൂല സാഹചര്യത്തില്‍ താഴേത്തട്ടിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുമുള്ള നീക്കമാണ് ഇപ്പോള്‍ അണിയറയില്‍ നടക്കുന്നത്.
ടി പി അബ്ദുല്ലക്കോയ മദനി പ്രസിഡന്റും പി പി ഉണ്ണീന്‍കുട്ടി മൗലവി ജനറല്‍ സെക്രട്ടറിയുമായ ഔദ്യോഗിക വിഭാഗം കെഎന്‍എമ്മിന്റെ കോഴിക്കോട്ട് ചേര്‍ന്ന സമ്പൂര്‍ണ കൗണ്‍സില്‍ ലയന ചര്‍ച്ചകള്‍ക്ക് അംഗീകാരം നല്‍കി. സി പി ഉമര്‍ സുല്ലമി പ്രസിഡന്റും എം സലാഹുദ്ദീന്‍ മദനി ജനറല്‍ സെക്രട്ടറിയുമായ നദ്‌വത്തുല്‍ മുജാഹിദീന്‍ വിഭാഗത്തിന്റെ കൗണ്‍സില്‍ ഈ മാസം 27നു കോഴിക്കോട്ട് നടക്കും.
ഇരുപക്ഷത്തു നിന്നും അഞ്ചു വീതം അംഗങ്ങളെയാണ് ഐക്യചര്‍ച്ചയ്ക്കായി ചുമതലപ്പെടുത്തിയത്. ഞായറാഴ്ച ചേര്‍ന്ന കെഎന്‍എം സമ്പൂര്‍ണ കൗണ്‍സില്‍ യോഗം ഏകസ്വരത്തിലാണ് ഐക്യചര്‍ച്ചയ്ക്ക് പച്ചക്കൊടി കാണിച്ചത്.
കഴിഞ്ഞ 6നു ചേര്‍ന്ന നദ്‌വത്തുല്‍ മുജാഹിദീന്‍ വിഭാഗം പ്രവര്‍ത്തക സമിതിയില്‍ ഐക്യചര്‍ച്ചയുമായി മുന്നോട്ടുപോവാന്‍ ധാരണയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 27നു കൗണ്‍സില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം നദ്‌വത്തുല്‍ മുജാഹിദീന്‍ വിഭാഗം കോട്ടക്കലില്‍ സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ എതിര്‍വിഭാഗത്തിലെ പ്രഫ. മായിന്‍കുട്ടി സുല്ലമിയും വിസ്ഡം നേതാവ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരും പങ്കെടുത്തിരുന്നു. നിലമ്പൂരില്‍ നടന്ന ഡോ. ഉസ്മാന്‍ അനുസ്മരണ സെമിനാറിലും ഇരുവിഭാഗം നേതാക്കളും ഒരുമിച്ചിരുന്നു. മുജാഹിദ് വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യനീക്കം നടക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ 13ന് തേജസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day