|    Feb 24 Fri, 2017 12:38 am

മുജാഹിദ് ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു

Published : 13th November 2016 | Posted By: G.A.G

madavur

റസാഖ് മഞ്ചേരി

മലപ്പുറം: സലഫി പണ്ഡിതന്‍ ഹുസയ്ന്‍ മടവൂര്‍ നേതൃത്വം നല്‍കുന്ന മുജാഹിദ് മര്‍കസുദ്ദഅ്‌വ വിഭാഗവും അബ്ദുറഹിമാന്‍ സലഫി സെക്രട്ടറിയായ കെഎന്‍എം ഔദ്യോഗിക വിഭാഗവും ഒന്നിക്കുന്നു. 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവിഭാഗങ്ങളും ഒന്നിക്കാനുള്ള തീരുമാനം. ജിന്ന് വിവാദത്തെ തുടര്‍ന്ന് ഒരു വിഭാഗം നേതാക്കള്‍ കെഎന്‍എമ്മില്‍ നിന്ന് വിട്ടുപോയിരുന്നു. ഇതോടെയാണ് മടവൂര്‍ വിഭാഗത്തിന് കെഎന്‍എമ്മുമായുള്ള അഭിപ്രായാന്തരം ഇല്ലാതായത്.

മൂന്നു വര്‍ഷമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇപ്പോള്‍ ലയന തീരുമാനം. 2002ലെ പിളര്‍പ്പിനു കാരണക്കാരായി ഗണിക്കപ്പെട്ടവരാണ് കെഎന്‍എമ്മില്‍ നിന്ന് വിട്ടുപോയി നാലുവര്‍ഷം മുമ്പ് ഗ്ലോബല്‍ ഇസ്‌ലാമിക മിഷന്‍ എന്ന പേരില്‍ പ്രവര്‍ത്തനം സജീവമാക്കിയത്. ആശയപരമായും ഫണ്ട് ശേഖരണവുമായും ബന്ധപ്പെട്ടുണ്ടായ ഭിന്നിപ്പാണ് 2002ലെയും 2012ലെയും പിളര്‍പ്പിലേക്കു നയിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് സിഡി ടവറില്‍ ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമ (കെജെയു), കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ഭാരവാഹികളുടെ കൗണ്‍സിലിലാണ് മടവൂര്‍ വിഭാഗത്തെ ഉള്‍പ്പെടുത്തി സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ അന്തിമ തീരുമാനമായത്. തൊട്ടുമുമ്പ് നടന്ന മടവൂര്‍ വിഭാഗം കൗണ്‍സിലും ലയനത്തെ അംഗീകരിച്ചു.

ഭാരവാഹിത്വങ്ങളും സ്ഥാപനങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുകയാണ്. തൗഹീദ് പ്രബോധനം, ജീവകാരുണ്യ പ്രവര്‍ത്തനം, സിഹ്‌റ്, അസ്മാഅ് വസ്സിഫാത്ത് എന്നീ വിഷയങ്ങളെ ചൊല്ലിയാണ് 2002ല്‍ പിളര്‍പ്പുണ്ടായത്. സക്കരിയാ സ്വലാഹി, ഫൈസല്‍ മുസ്‌ല്യാര്‍, സുഹൈര്‍ ചുങ്കത്തറ, ജബ്ബാര്‍ മൗലവി, ഹുസയ്ന്‍ സലഫി തുടങ്ങിയവരുമായിട്ടായിരുന്നു ഇക്കാര്യത്തില്‍ അഭിപ്രായാന്തരം. ഇവരെല്ലാം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ രൂപീകരിച്ച് കളംമാറിയതോടെ നിലവിലെ കെജെയു ആദര്‍ശം മടവൂര്‍ വിഭാഗത്തിന് സ്വീകാര്യമായിരിക്കുകയാണ്.ആഗോളതലത്തിലും ഇന്ത്യയിലും സലഫിസം കടുത്ത ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതാണ് അഭികാമ്യ—മെന്ന നിരീക്ഷണമാണു ലയനത്തിലേക്കു നയിച്ചത്. 2002ലാണ് ഇത്തിഹാദു ശുബാനില്‍ മുജാഹിദീന്‍(ഐഎസ്എം) ഭാരവാഹികളെ കെഎന്‍എം പുറത്താക്കിയതും ഹുസയ്ന്‍ മടവൂര്‍ അടക്കമുള്ളവര്‍ പുതിയ ഗ്രൂപ്പായി രംഗത്തുവരുകയും ചെയ്തത്.

ഇരുവിഭാഗങ്ങളും സംഘടനയുടെ ഒൗദ്യോഗിക പേരുകള്‍ തന്നെ സ്വീകരിച്ചാണ് ഇത്രയും നാള്‍ പ്രവര്‍ത്തിച്ചത്. ഹുസയ്ന്‍ മടവൂര്‍ വിഭാഗം സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി, ഔദ്യോഗിക വിഭാഗം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി, ജന. സെക്രട്ടറി അബ്ദുറഹിമാന്‍ സലഫി തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് ലയനത്തിനു മുന്‍കൈ എടുത്തത്. കരിമ്പുലാക്കല്‍ സ്വദേശിയടക്കമുള്ള യുവനിരയെ അനുനയിപ്പിക്കുക എന്ന കടമ്പകൂടി മടവൂര്‍ വിഭാഗത്തില്‍ ബാക്കിയുണ്ട്. ഞായറാഴ്ച മലപ്പുറത്ത് സംഘടനയുടെ സമ്പൂര്‍ണ പ്രതിനിധി സമ്മേളനം നടക്കുന്നുണ്ട്. ലയനതീരുമാനം ഔദ്യോഗികമായി അറിയിക്കുകയും അണികള്‍ക്കുള്ള ആശങ്ക അകറ്റുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം. രാവിലെ 10 മണിക്ക് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയാണ് ഉദ്ഘാടനം ചെയ്യുക. സിഡി ടവറിലെ കൗണ്‍സിലിനു ശേഷം ഔദ്യോഗിക വിഭാഗം ഇതുസംബന്ധിച്ച തീരുമാനം യൂനിറ്റ് തലങ്ങളില്‍ അറിയിച്ചു കഴിഞ്ഞു. ജിന്ന് വിവാദത്തോടെ ക്ഷയിച്ച സംഘടനാ സംവിധാനം ലയനത്തോടെ ശക്തമാവുമെന്നാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16,332 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക