|    Apr 20 Fri, 2018 4:27 pm
FLASH NEWS
Home   >  Fortnightly   >  

മുജാഹിദീന്‍ പ്രസ്ഥാനംവൈതരണികള്‍

Published : 12th October 2015 | Posted By: G.A.G

അധിനിവേശ വിരുദ്ധ സമരങ്ങള്‍-4
ത്വാഹാ ഹശ്മി


സയ്യിദ് അഹമ്മദിനെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള യുദ്ധം നിശ്ചയിച്ചുകഴിഞ്ഞ ഒന്നായിരുന്നു. വിദേശശക്തി ഇന്ത്യ കൈയടക്കി വെച്ചിട്ടും അതിന്റെ സമ്പത്തും സമൃദ്ധിയും കൊള്ളയടിച്ചിട്ടും ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കവര്‍ന്നെടുത്തിട്ടും അതിനെതിരില്‍ ഒരു സമരമുന്നണി രൂപീകരിക്കാനോ പോരാട്ടം സംഘടിപ്പിക്കുവാനോ നാട്ടുരാജാക്കന്മാര്‍ക്ക് കഴിഞ്ഞില്ല. പലരും ബ്രിട്ടന്റെ ആധിപത്യം അംഗീകരിച്ചു കഴിഞ്ഞുകൂടുവാനായിരുന്നു ഇഷ്ടപ്പെട്ടത്. ഗ്വാളിയോറിലെ രാജാവായിരുന്ന രാജാഹിന്ദുറാവുവിന്നയച്ച സന്ദേശത്തില്‍ സയ്യിദ് അഹമ്മദ് ഇങ്ങിനെ ബോധിപ്പിക്കുന്നുണ്ട്. ”കടല്‍ കടന്നുവന്ന കച്ചവടക്കാര്‍ ഇന്ത്യയില്‍ അവരുടേതായ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്നു. അവര്‍ ഇന്ത്യയിലെ ഭരണാധികാരികളുടെ പരമാധികാരം ചോദ്യം ചെയ്ത്‌കൊണ്ടിരിക്കുന്നു. എന്നിട്ടും നാട്ടുരാജാക്കന്മാര്‍ ഉറങ്ങികഴിയുകയാണ്. ബ്രിട്ടീഷു സാമ്രാജ്യത്തെ നേരിടുകയെന്ന വെല്ലുവിളി ദുര്‍ബലരും വിഭവശേഷിയില്ലാത്തവരുമായ ഞങ്ങള്‍ ഏറ്റെടുക്കേണ്ടിവന്നിരിക്കുന്നു. ദൈവമാര്‍ഗ്ഗത്തില്‍ സമരം ചെയ്യാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.” ബ്രിട്ടനെതിരെ ഒരു യുദ്ധമുന്നണി സ്ഥാപിക്കുന്നതിനായി മുജാഹിദീന്‍ പ്രസ്ഥാനത്തിന്റെ മുന്‍കയ്യില്‍ നടന്ന ശ്രമങ്ങള്‍ക്ക് ചരിത്രകാരന്മാര്‍ നിരവധി തെളിവുകള്‍ നിരത്തിയിട്ടുണ്ട്.
സയ്യിദ് അഹ്മദിനും അനുയായികള്‍ക്കും പ്രക്ഷോഭത്തിന്റെ വിശദാംശങ്ങളെകുറിച്ചാണ് ഏറെ ചിന്തിക്കാനുണ്ടായിരുന്നത്. ബ്രിട്ടന്‍ ഇന്ത്യയില്‍ അതിന്റെ നിലനില്‍പ്പ് ഭദ്രമാക്കിയിരുന്നു. ഏതു പ്രതിസന്ധിയേയും നേരിടാനുള്ള കരുത്ത് കൈവശപ്പെടുത്തിയിരുന്നു. മദ്ധ്യേന്ത്യയിലും ഡക്കാനിലുമാകട്ടെ മറാത്തക്കാര്‍ പ്രബലശക്തികളായിത്തീര്‍ന്നു. മുസ്്‌ലിംകള്‍ ന്യൂനപക്ഷവും. ഈ സാഹചര്യത്തില്‍ മുസ്്‌ലിംകള്‍ക്ക് താരതമ്യേന ശക്തിയും സ്വാധീനവുമുള്ള ഒരു പ്രദേശത്താവണം സമരത്തിന്റെ കേന്ദ്ര സ്ഥാനം എന്നു തീരുമാനിക്കപ്പെട്ടു. മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷവും സ്വാധീന ശക്തിയുമുള്ളവയായിരുന്നു പഞ്ചാബും വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശവും. മുജാഹിദീന്‍ പ്രസ്ഥാനം ആ പ്രദേശം അതിന്റെ ആസ്ഥാനമായി നിശ്ചയിച്ചു. തുടര്‍ന്ന് അവിടത്തേക്കുള്ള പലായനത്തിന് തുടക്കമായി. സായുധസമരത്തിനായി സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്ന ഒരു പ്രദേശത്തേക്കുള്ള പലായനം നബിയുടെ പാഠമായിരുന്നുവെന്ന് സയ്യിദ് അഹമ്മദ് തന്റെ അനുയായികളെ ഓര്‍മ്മിപ്പിച്ചു. ആ വഴി പിന്തുടരാന്‍ അവര്‍ സന്നദ്ധരായി.
1876 ജനുവരി സയ്യിദ് അഹ്മദിന്റെ നേതൃത്വത്തില്‍ സമരഭടന്മാര്‍ റായ്ബറേല്‍വിയില്‍നിന്നും പുറപ്പെട്ടു. യാത്രയുടെ തുടക്കത്തില്‍ അവര്‍ അഞ്ഞൂറ് പേരായിരുന്നുവെന്ന് പറയപ്പെടുന്നു. കടന്ന് പോയിടങ്ങളിലെല്ലാം അവര്‍ ജനങ്ങളെ അഭിമുഖീകരിക്കുകയും സമരത്തിന് ആഹ്വാനം ചെയ്യുകയുമുണ്ടായി.
ജനങ്ങള്‍ അവരെ സഹായിച്ചു. അവരുടെ സംരംഭത്തെ പിന്തുണച്ചു. നിരവധിപേര്‍ ആ പടയണിയില്‍ ചേര്‍ന്നു. 1826 ഡിസംബര്‍ 17ന് 1500 പേരുമായി സയ്യിദ് അഹ്്മദ് സിന്ധുവും കാണ്ഡഹാറും പെഷവാറും പിന്നിട്ട് നൗഷേറയിലെത്തി. സിഖുകാര്‍ക്ക് വലിയ സ്വാധീനമുള്ള മേഖലയായിരുന്നു അത്. ഗോത്രസമൂഹങ്ങളില്‍നിന്നും ഭരണകര്‍ത്താക്കളില്‍നിന്നും മുജാഹിദീന്‍ പ്രസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്ന പിന്തുണയും സഹകരണവും സിഖുകാരെ ചൊടിപ്പിച്ചു.
അവരുടെ പ്രധാനപ്പെട്ട മേഖലയായ പഞ്ചാബിന് തൊട്ടടുത്ത് കിടക്കുന്ന ഒരു പ്രദേശത്ത് സയ്യിദ് അഹമ്മദും സംഘവും തമ്പടിക്കുന്നത്കണ്ട് സിഖുകാര്‍ ഉത്കണ്ഠാഭരിതരായി തീര്‍ന്നു. നേരത്തെ സിഖുകാരുമായി യൂസുഫ്‌സായി പഠാണികള്‍ ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ പഞ്ചാബു ഭരണാധികാരി രജ്ഞിത് സിംഗിന്റെ പട്ടാളശക്തിക്കു മുമ്പില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. ഈ പരാജയം പഠാണികളില്‍ വലിയ നടുക്കവും അമ്പരപ്പും സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ യൂസഫ്‌സായി പഠാണികള്‍ സയ്യിദ് അഹ്മദിന്റെയും സംഘത്തിന്റെയും ഈ മേഖലയിലേക്കുള്ള വരവിനെ ഒരനുഗ്രഹമായാണ് കണ്ടത്. അക്വാറയിലെ ഭരണാധികാരി അമീര്‍ഖാന്‍ ആയിരുന്നു. അദ്ദേഹം സയ്യിദ് അഹമദിന് അനുസരണ പ്രതിജ്ഞ നല്‍കി.
7000 സൈനികരോടൊപ്പമായിരുന്നു 1826 പഞ്ചാബ് ഭരണകര്‍ത്താവായ രജ്ഞിത്ത് സിംഗിന്റെ അടുത്ത കുടുംബബന്ധുവായ ബുദ്ധസിംഗ് അക്വാറയിലെത്തിയത്. സയ്യിദ് അഹമ്മദിന്റെ സൈന്യത്തില്‍ 1500 പേരേയുണ്ടായിരുന്നുള്ളൂ. സിഖ് സൈന്യത്തിന് വമ്പിച്ച പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. മുസ്‌ലിംകളില്‍ 80 പേര്‍ രക്തസാക്ഷികളായി. 36 പേര്‍ക്ക് പരിക്കേറ്റു. സിഖുകാരുടെ നാശനഷ്ടങ്ങള്‍ വിവരണാതീതമായിരുന്നു. അക്വാറയിലെ വിജയം മുസ്്‌ലിംകളെ സംബന്ധിച്ചിടത്തോളം പുതിയ ഒരു കാലഘട്ടത്തിന് നാന്ദികുറിച്ചു. 1927 ജനുവരി 11ന് സയ്യിദ് അഹ്്്മദ് അമീറുല്‍ മുഅ്മിനീനായി തെരെഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത്, ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മുസ്‌ലിംകള്‍ക്ക് അവരാല്‍ തെരെഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയ നേതൃത്വമുണ്ടായി. ഇന്ത്യയില്‍ ഒരു ഇസ്‌ലാമിക ഭരണകൂടവും. തങ്ങള്‍ തെരെഞ്ഞെടുത്ത നേതാവിന് കീഴില്‍ ഒരു പ്രദേശത്ത് സ്വന്തം ആദര്‍ശവും ജീവിത സമ്പ്രദായവുമനുസരിച്ച് ജീവിക്കാന്‍ കഴിയുകയെന്ന സൗഭാഗ്യമാണ് അതിലൂടെ മുസ്‌ലിംകള്‍ക്ക് കരഗതമായത്.
സയ്യിദ് അഹ്മദ് അമീറുല്‍ മുഅ്മീനീനായി തെരെഞ്ഞെടുക്കപ്പെട്ടതും പ്രവിശ്യയില്‍ മുജാഹിദീന്‍ പ്രസ്ഥാനത്തിന് ലഭ്യമായ സ്വാധീനവും സിഖുകാരെ പ്രകോപിതരാക്കി. അവര്‍ മുജാഹിദുകള്‍ക്കെതിരെ വമ്പിച്ച യുദ്ധം ആസൂത്രണം ചെയ്തു. സിഖുകാരെപോലെ മുജാഹിദീന്‍ പ്രസ്ഥാനത്തിന്റെ വിജയത്തില്‍ പെഷവാറിലെ ഭരണകര്‍ത്താക്കളായ യാര്‍ മുഹമ്മദും സഹോദന്മാരും പ്രകോപിതരായിത്തീര്‍ന്നു. യാര്‍ മുഹമ്മദ് മുജാഹിദുകള്‍ക്കെതിരെ സിഖുകാരുമായി ചില രഹസ്യ ഉടമ്പടികളുണ്ടാക്കി.
സയ്യിദ് അഹമ്മദിനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ അവര്‍ ഗൂഢാലോചന നടത്തി. യാര്‍ മുഹമ്മദിന്റെ പാചകശാലയില്‍ നിന്നായിരുന്നു സയ്യിദ് അഹമ്മദിന് ഭക്ഷണം. ഒരിക്കല്‍ യാര്‍ മുഹമ്മദ് സയ്യിദ് അഹമ്മദിന്റെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു. അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ വഷളായി. സിഖ് സൈന്യം മുജാഹിദുകള്‍ക്കെതിരെ യുദ്ധം ചെയ്യാനുള്ള സന്നാഹത്തിലായിരുന്നു. മുജാഹിദുകളുടെ നേതൃത്വം ഷാ ഇസ്മാഈലിന്നായിരുന്നു. പരീക്ഷിണിതനായിട്ടും സയ്യിദ് അഹമ്മദ് യുദ്ധ മുന്നണിയില്‍ വന്നുനിന്നു. യാര്‍ മുഹമ്മദും സിഖുകാര്‍ക്കെതിരില്‍ യുദ്ധം നയിക്കുവാന്‍ എന്ന വ്യാജേന മുജാഹിദുകള്‍ക്കൊപ്പം അണിചേര്‍ന്നു.
യുദ്ധം ആരംഭിച്ചു. വളരെ നിര്‍ണ്ണായകമായ ഘട്ടത്തില്‍ യാര്‍ മുഹമ്മദും സംഘവും യുദ്ധമുഖത്തുനിന്നും പിന്‍വാങ്ങി. മുജാഹിദുകള്‍ തീര്‍ത്തും നിസ്സഹായമായ അവസ്ഥയിലായി. ഈ അവസരം മുതലെടുത്ത്‌കൊണ്ട് സിഖുകാര്‍ മുജാഹിദുകള്‍ക്കെതിരെ ആഞ്ഞടിച്ചു. 6000 മുജാഹിദുകളാണ് യുദ്ധഭൂമിയില്‍ മരിച്ചു വീണത്. യാര്‍ മുഹമ്മദ് വഞ്ചിച്ചില്ലായിരുന്നെങ്കില്‍ സിഖുകാര്‍ ഒരിക്കലും തിരിച്ചു വരാത്ത വിധം പരാജയം ഏറ്റുവാങ്ങുമായിരുന്നു.
അമീറുല്‍ മുഅ്മിനീന്‍, ജനകീയ ഭരണകര്‍ത്താവ് എന്ന നിലയില്‍ വളരെ ബൃഹത്തായ പദ്ധതികളും നടപടികളുമാണ് സയ്യിദ് അഹമ്മദിന് ആസൂത്രണം ചെയ്യാനും ആവിഷ്‌ക്കരിക്കാനുമുണ്ടായിരുന്നത്. സയ്യിദ് അഹ്മദ് ഭരണ നേതൃത്വം ഏറ്റെടുത്ത കാലഘട്ടത്തിലെ പത്താന്‍ഗോത്രസമൂഹങ്ങളുടെ സാഹചര്യത്തെ ഇസ്്‌ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പുള്ള ജാഹിലിയ്യാ യുഗഘട്ടത്തോടാണ് ചിലര്‍ ഉപമിച്ചിട്ടുള്ളത്. ജനജീവിതത്തിന്റെ സര്‍വ്വമണ്ഡലങ്ങളിലും പരിഷ്‌ക്കരണവും പുനഃക്രമീകരണവും ആവശ്യമായിരുന്നു. ഇസ്്‌ലാമിക നിയമവ്യവസ്ഥയുടെ പ്രയോഗവല്‍ക്കരണം മുജാഹിദീന്‍ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായിരുന്നു. സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരെ, അത്യാചാരങ്ങള്‍ക്കെതിരെ കപട ആത്മീയതക്കെതിരെ, മതാന്ധതക്കെതിരെ, പൗരോഹിത്യത്തിനെതിരെ, പ്രഭുത്വത്തിനെതിരെ, ഗോത്രപരമായ പക്ഷപാതിത്വത്തിനെതിരെ, സാമ്രാജ്യത്വ ദാസ്യത്തിനെതിരെ ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കേണ്ടിവന്നു. ചതിയും വഞ്ചനയും ചാരപ്രവര്‍ത്തനവും ഒറ്റുകൊടുക്കലും സമൂഹത്തില്‍ സര്‍വ്വസാധാരണമായിരുന്നു. ഉടമ്പടികളും സന്ധികളും ലംഘിക്കുന്നതില്‍ യാതൊരു മനക്കുത്തും അവര്‍ക്കുണ്ടായിരുന്നില്ല. ആ സമൂഹത്തില്‍ സ്ത്രീകള്‍ നരകയാതനകളനുഭവിച്ചു. മാതാപിതാക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നുമുള്ള അനന്തരാവകാശം അവര്‍ക്ക് നിഷേധിച്ചു. സ്ത്രീകള്‍ അനന്തര സ്വത്തുക്കള്‍ എന്ന പോലെ പുരുഷന്മാരായ അവകാശികള്‍ക്കിടയില്‍ വീതം വെച്ചു. വിധവാ വിവാഹം നിഷിദ്ധമായിരുന്നു. സാധാരണക്കാരികളായ യുവതികളെ സംബന്ധിച്ചിടത്തോളം വിവാഹം ഒരു കിനാവ് മാത്രമായിരുന്നു. വമ്പിച്ച തുകകളാണ് സ്ത്രീധനമായി നല്‍കേണ്ടിയിരുന്നത്. മുല്ലമാരുടെ സ്വാധീനം വളരെ ശക്തമായിരുന്നു. കപടന്മാര്‍, ആര്‍ത്തന്മാര്‍, മതഭ്രാന്തന്മാര്‍, യാഥാസ്ഥിതികര്‍, പ്രതിവിപ്ലവകാരികള്‍ എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ക്ക് അവര്‍ വിധേയരായി. എന്നിട്ടും തങ്ങള്‍ ഇസ്്‌ലാമിന്‌വേണ്ടി നിലകൊള്ളുന്നു എന്നായിരുന്നു അവരുടെ ജല്പനം. എന്നാല്‍ ഇസ്്‌ലാമിന്റെ എല്ലാ അനുഗ്രഹങ്ങളും അവര്‍ ജനങ്ങള്‍ നിഷേധിച്ചു. ഗോത്രത്തലവന്മാര്‍ക്കും സമ്പന്ന വിഭാഗത്തിനും അനുകൂലമായ മതവിധികള്‍ നല്‍കി പുരോഹിതര്‍ അവരെ പ്രീണിപ്പിച്ചുകൊണ്ടിരുന്നു. അവര്‍ ഗോത്രപ്രമുഖരുടെ എല്ലാ ക്രൂരകൃത്യങ്ങള്‍ക്കും സമ്മതവും അനുമതിയും നല്‍കി. ജനങ്ങളുടെ കുറ്റവും കുറവും പൊറുത്തുകൊടുക്കാന്‍ തങ്ങള്‍ക്കധികാരമുണ്ടെന്ന് മുല്ലമാര്‍ വാദിച്ചു. ജനങ്ങള്‍ക്ക് പാപമോചനം വാഗ്ദാനം ചെയ്ത്‌കൊണ്ട് മുല്ലമാര്‍ ഇസ്ഖാത്ത് എന്നപേരില്‍ ഒരു ചടങ്ങ് സംഘടിപ്പിച്ചുകൊണ്ടിരുന്നു. ഇസുഖാത്ത് എന്നാല്‍ വീഴ്ത്തികളയുക എന്നാണര്‍ത്ഥം. പാപമോചനം ആഗ്രഹിക്കുന്നവര്‍ ഒരു വരിയില്‍ നിരന്നിരിക്കുകയോ വട്ടത്തില്‍ ഇരിക്കുകയോ ചെയ്യുന്നു. ആദ്യത്തെ ആളുടെ കയ്യില്‍ ഖുര്‍ആനും പണിസഞ്ചിയും കൊടുക്കുന്നു. സഞ്ചിയില്‍ പണം നിക്ഷേപിച്ചശേഷം അയാള്‍ അടുത്തയാള്‍ക്ക് ഖുര്‍ആനും സഞ്ചിയും കൈമാറുന്നു. പാപമോചനം ആഗ്രഹിക്കുന്നവരെല്ലാം പണം നിക്ഷേപിച്ച ശേഷം ഖുര്‍ആനോടൊപ്പം സഞ്ചിയും മുല്ലമാര്‍ക്ക് കൈമാറുന്നു. ഈ ചടങ്ങിലൂടെ പുരോഹിതന്മാര്‍ പണം സമ്പാദിച്ചുകൊണ്ടിരുന്നു.
സയ്യിദ് അഹമ്മദ് തന്റെ ഭാവി പരിപാടികള്‍ പ്രഖ്യാപിക്കാനും ജനങ്ങളുടെയും പണ്ഡിതന്മാരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുവാനുമായി 1829 ല്‍ പഞ്ചതാരില്‍ ഒരു സമ്മേളനം വിളിച്ചു ചേര്‍ത്തു. 2000 പണ്ഡിതന്മാര്‍ പങ്കെടുത്തു. ഇസ്്‌ലാമിക നിയമസംഹിതക്കനുസൃതം ജീവിക്കാന്‍ അദ്ദേഹം ഉല്‍ബോധിപ്പിച്ചു. ഇസ്്‌ലാമിക ക്രമത്തിനനുസൃതം ഭരണം നിര്‍വ്വഹിക്കാത്തവരുമായി സൗഹൃദത്തില്‍ കഴിയാന്‍ തനിക്ക് കഴിയില്ലെന്ന് സയ്യിദ് പറഞ്ഞു. അവിടെ സന്നിഹിതരായിരുന്ന പഞ്ചുതാറിലെ ഭരണകര്‍ത്താവായ ഫത്ഹ്ഖാനോട് നേര്‍ക്കുനേരെ അക്കാര്യം ധരിപ്പിക്കുകയും ചെയ്തു. യോഗത്തില്‍ സന്നിഹിതരായ പണ്ഡിതന്മാര്‍ സയ്യിദ് അഹ്്മദിനെ പിന്തുണച്ചു. ഇസ്്‌ലാമിക നിയമസംഹിതയനുസരിച്ച് ജീവിക്കാന്‍ അവരും ജനങ്ങളെ ആഹ്വാനം ചെയ്തു. അതിനനുസൃതം ജീവിക്കാത്തവര്‍ കുറ്റവാളികളായി പരിഗണിക്കപ്പെടുമെന്നും അവര്‍ ശിക്ഷാര്‍ഹരായിരിക്കുമെന്നും പണ്ഡിതന്മാര്‍ മതവിധി നല്‍കുകയും ചെയ്തു. 8000 പേര്‍ സയ്യിദ് അഹ്മദിന്റെ സൈന്യത്തില്‍ പുതുതായി അംഗങ്ങളായി ചേര്‍ന്നു. സയ്യിദ് അഹ്മദ് വലിയ ഖാദിയായി മൗലവി സയ്യിദ് മുഹമ്മദ് ഹിബ്ബാനെ നിശ്ചയിച്ചു. ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഖാദിമാരെ നിശ്ചയിച്ചു.
സകാത്തിന്റെയും ഉശ്‌റിന്റെയും സംഭരണം ഗോത്രത്തലവന്മാരുടെ അവകാശവും അധികാരവുമായിരുന്നു. സയ്യിദ് അഹമ്മദ് അവയുടെ ശേഖരണത്തിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ഈ പരിഷ്‌ക്കരണം പ്രഭുക്കളെയും ഗോത്രത്തലവന്മാരെയും പ്രകോപിതരാക്കി. കാരണം അവരുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ് അതായിരുന്നു. മുജാഹിദീന്‍ നിയോഗിച്ച വ്യക്തികള്‍ സകാത്തും ഉശ്‌റും പിരിവ് നടത്തുന്നതില്‍ അവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുജാഹിദുകള്‍ സകാത്തും ഉശ്‌റും ശേഖരിച്ചുവെന്നു മാത്രമല്ല അവ കൊടുക്കാതിരുന്നതിന്റെ പേരില്‍ ഗോത്രത്തലവന്മാരില്‍ ചിലരെ ശിക്ഷിക്കുകയുമുണ്ടായി. ഇത് പഠാനികളെ വല്ലാതെ ചൊടിപ്പിച്ചു. അങ്ങിനെ ശിക്ഷിക്കപ്പെട്ടവരില്‍ ഒരു പ്രമുഖന്‍ സയ്യിദ് അഹ്്മദിന്റെ മറുചേരിയില്‍ ചേര്‍ന്നു.
ഖാദേഖാന്‍ സയ്യിദ് അഹ്മദിന്റെ നേരെ ശത്രുത പ്രകടിപ്പിച്ച ഒരു ഗോത്രത്തലവനായിരുന്നു. എന്നാല്‍ മുജാഹിദുകളുമായുള്ള ഏറ്റുമുട്ടലില്‍ അദ്ദേഹം കൊല്ലപ്പെട്ടു. ഹുണ്ട് പ്രദേശം മുജാഹിദുകള്‍ കൈവശപ്പെടുത്തി. അംബു പ്രദേശവും മുജാഹിദുകള്‍ കൈക്കലാക്കി. സൈദയുടെ ഭരണകര്‍ത്താവ് സിഖുകാരുടെ സഹായം അഭ്യര്‍ത്ഥിച്ചു. സിഖു സേനാധിപതി പട്ടാളക്കാരെ പറഞ്ഞയച്ചു. സംഘര്‍ഷത്തില്‍ മുജാഹിദുകള്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. മുജാഹിദു സൈന്യാധിപനും സയ്യിദ് അഹമദിന്റെ മരുമകനുമായ മൗലവി അഹ്്മദലി കൊല്ലപ്പെട്ടു.
ഹുണ്ടിലെ ഖാദെഖാന്റെ വധം യാര്‍ മുഹമ്മദിനെ പ്രകോപിതനാക്കി. അയാള്‍ ദുറാനി സൈന്യവുമായി സയ്യിദ് അഹമ്മദിനെതിരെ രംഗപ്രവേശനം ചെയ്തു. ഉസ്്മാന്‍ സായിയില്‍ വെച്ച് ഈ വാര്‍ത്ത അറിഞ്ഞ സയ്യിദ് അഹ്്മദ് പണ്ഡിതന്മാരുമായി കൂടിയാലോചന നടത്തി. യാര്‍ മുഹമ്മദ് ഇസ്‌ലാമിക നേതൃത്വത്തോട് കലഹിച്ചിരിക്കുന്നു വെന്നും അതിനാല്‍ അയാളുമായുള്ള യുദ്ധത്തിന് ഇസ്്‌ലാമിക നിയമസംഹിത അനുവാദം നല്‍കുന്നുവെന്നുമായിരുന്നു പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായം. ദുറാനി സൈന്യത്തെ നേരിടാന്‍ സയ്യിദ് അഹ്്മദ്, ഷാ ഇസ്്മാഈലിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ നിയോഗിച്ചു. ഏറ്റുമുട്ടലില്‍ പരുക്കേറ്റ യാര്‍ മുഹമ്മദ് പെഷവാറിലേക്ക് രക്ഷപ്പെടുകയും അവിടെ വെച്ച് മരണമടയുകയും ചെയ്തു. സൈദ യുദ്ധം മുജാഹിദീന്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ പ്രധാനവഴിത്തിരിവാണ്. ഷാ ഇസ്്മാഈലിന്റെ സൈനിക മേധാവി എന്ന നിലക്കുള്ള സാമര്‍ത്ഥ്യത്തെയും ആസൂത്രണ പാടവത്തെയും സൈദ യുദ്ധം തെളിയിക്കുന്നു.
രഞ്ജിത് സിംഗ് മുജാഹിദീന്‍കാരുടെ വിജയം കണ്ട് പരിഭ്രാന്തി പൂണ്ടു. സിഖുകാരുടെ പ്രവിശ്യ എന്നറിയപ്പെടുന്ന അതിര്‍ത്തി പ്രദേശം തന്റെ നിയന്ത്രണത്തിലല്ലെന്നു അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ആയിടക്കാണ് യൂസഫ് സായിലെ ഗോത്രവിഭാഗങ്ങള്‍ സിഖുകാര്‍ തങ്ങളെ ആക്രമിക്കുന്നുവെന്നും അവരില്‍നിന്നും തങ്ങളെ രക്ഷിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയുമായി സയ്യിദ് അഹ്്മദിനെ സമീപിക്കുന്നത്. രഞ്ജിത് സിംഗ് മുജാഹിദുകളുമായി സമാധാന ഉടമ്പടിക്ക് ശ്രമിച്ചു. ഹകീം അസീമുദ്ദീന്‍, രാജാ വസീര്‍ സിംഗ്, ഷേര്‍ സിംഗ് എന്നിവരെ അതിനായി രഞ്ജിത് സിംഗ് നിയോഗിച്ചു. ഇന്‍ഡസ് നദീതീരത്ത് വിശാലമായ ഭൂപ്രദേശവും വര്‍ഷത്തില്‍ 9 ലക്ഷം രൂപയും മുജാഹിദുകള്‍ക്ക് നല്‍കുമെന്ന് രഞ്ജിത് സിംഗ് അറിയിച്ചു. സയ്യിദ് അഹ്്മദ് ഈ പദ്ധതി അംഗീകരിച്ചില്ല. അദ്ദേഹം പറഞ്ഞു: ഏതെങ്കിലും പ്രദേശം വെട്ടിപ്പിടിക്കുക എന്റെ ലക്ഷ്യമല്ല, അക്രമത്തിനും പീഡനത്തിനുമെതിരെ പ്രക്ഷോഭം നടത്തുകയെന്നതാണ് എന്റെ ലക്ഷ്യം. രഞ്ജിത് സിംഗിന്റെ സന്ധിക്കുവേണ്ടിയുള്ള അഭ്യര്‍ത്ഥന നിഷേധിച്ചതില്‍നിന്നും സയ്യിദ് അഹ്്മദ് ഒരു യുദ്ധപ്രഖ്യാപനം നടത്തുകയായിരുന്നു എന്ന് മനസ്സിലാക്കാം.
സൈദ് യുദ്ധത്തെ തുടര്‍ന്ന് യാര്‍ മുഹമ്മദ് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ സഹോദരന്‍ സുല്‍ത്താന്‍ മുഹമ്മദ് പെഷവാറിലെ ഭരണകര്‍ത്താവായി. ഖാദുഖാന്റെയും യാര്‍ മുഹമ്മദിന്റെയും വധത്തില്‍ ഗോത്രപ്രമുഖന്മാര്‍ സയ്യിദ് അഹ്മദിനെതിരെ പ്രതികാരം ചെയ്യാന്‍ മുറവിളികൂട്ടിക്കൊണ്ടിരുന്നു. സുല്‍ത്താന്‍ മുഹമ്മദ് സയ്യിദ് അഹ്്മദിനോട് ആദരവ് പ്രകടിപ്പിച്ച വ്യക്തിയായിരുന്നു. സയ്യിദ് അഹ്്മദുമായി ഒരു സംഘട്ടനത്തിന് അദ്ദേഹം മുതിര്‍ന്നില്ല. എന്നാല്‍ മറ്റു പലരുടെയും സമ്മര്‍ദ്ദനത്തിന് വഴങ്ങി ഉശ്ര്‍ നല്‍കാത്തതിന്റെ പേരില്‍ മുജാഹിദുകളുടെ ശിക്ഷയ്ക്ക് വിധേയനായ അഹ്മദ് ഖാന്‍ കമാല്‍സിയുമായി ചേര്‍ന്ന് സയ്യിദ് അഹ്്മദിനെ നേരിട്ടു. അയാളുടെ സൈന്യത്തില്‍ 12000 പേരുണ്ടായിരുന്നു. 6 പീരങ്കികളുണ്ടായിരുന്നു. മുജാഹിദുകളാവട്ടെ 3000 പേര്‍. ഒരു പീരങ്കിപോലുമില്ലായിരുന്നു. സുല്‍ത്താന്‍ മുഹമ്മദ് പരാജയപ്പെട്ടു തിരിച്ചോടി പെഷവാറിലെ കോട്ടക്കകത്ത് അഭയം തേടി. പക്ഷേ, യാതൊരഭിമാനബോധവുമില്ലാതിരുന്ന അയാള്‍ സയ്യിദ് അഹ്മദിനോട് മാപ്പപേക്ഷിച്ചു. അവര്‍ അര്‍ബാബ് ഫസൂലുല്ലഖാനിലൂടെ സയ്യിദ് അഹ്്മദുമായി അടുക്കുവാനും സന്ധിയാവാനും തീരുമാനിച്ചു.
സുല്‍ത്താന്‍ മുഹമ്മദുമായി ഒരു സന്ധിയും വേണ്ടതില്ലെന്നായിരുന്നു സയ്യിദ് അഹ്മദിന്റെ അടുത്ത സുഹൃത്തുക്കളുടെ നിര്‍ദ്ദേശം. താന്‍ ദൈവമാര്‍ഗത്തില്‍ സമരം ചെയ്യാന്‍ മാത്രമാണാഗ്രഹിക്കുന്നതെന്നും ആരുടെയെങ്കിലും നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കുക തന്റെ ലക്ഷ്യമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പെഷവാര്‍ തന്ത്രപ്രധാനമായ പ്രദേശമാണെന്നും വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണെന്നും അത് തങ്ങളുടെ നിയന്ത്രണത്തിനു കീഴില്‍ കൊണ്ടുവരികമാത്രമാണ് ദുറാനികളുടെ ഉദ്ദേശ്യമെന്നും ബോധ്യപ്പെടുത്തിയിട്ടും സയ്യിദ് അഹമ്മദ് തന്റെ നിലപാടില്‍ ഉറച്ചു നിന്നു.
സുല്‍ത്താന്‍ മുഹമ്മദ് ഭരണത്തില്‍ വീണ്ടും എത്തി. പിന്നീടയാള്‍ മുജാഹിദ് പ്രസ്ഥാനത്തിനെതിരെ ഗൂഢാലോചന നടത്തി. മതപണ്ഡിതന്മാര്‍ ഒരുമിച്ച് ചേര്‍ന്ന് മുജാഹിദ് പ്രസ്ഥാനത്തിനെതിരെയും സയ്യിദ് അഹ്്മദിനെതിരെയും മതവിധി പുറപ്പെടുവിച്ചു. സയ്യിദ് അഹ്്മദ് നാസ്തികനും മതനിന്ദകനുമാണ്. മതത്തിന്റെ മേല്‍വിലാസത്തില്‍ ഭൂപ്രദേശങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിലെ പട്ടാളക്കാരനായിരുന്ന അദ്ദേഹം ഇപ്പോള്‍ ചാരപ്രവര്‍ത്തനത്തിനായാണ് വടക്കന്‍ അതിര്‍ത്തി പ്രദേശത്തേക്ക് വന്നിട്ടുള്ളത്, എന്ന് തുടങ്ങിയ ആക്ഷേപങ്ങളാണ് മുല്ലമാര്‍ തങ്ങളുടെ മതവിധികളില്‍ സയ്യിദ് അഹ്മദിനെതിരെ ഉന്നയിച്ചത്.
(തുടരും)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss