|    Oct 16 Tue, 2018 8:07 pm
FLASH NEWS

മുങ്ങിയ ബോട്ട് ഉയര്‍ത്താനുള്ള ശ്രമം വീണ്ടും പരാജയം

Published : 27th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് അന്താരാഷ്ട്ര  കപ്പല്‍ച്ചാലില്‍ മുങ്ങിയബോട്ട് ഉയര്‍ത്താനുള്ള ശ്രമം ഇന്നലെയും പരാജയപ്പെട്ടു. ഇതോടെ ബോട്ട് ഉയര്‍ത്തുന്നതിനായി ദിവസങ്ങളായി തുടര്‍ന്ന് വന്ന പ്രവര്‍ത്തനങ്ങള്‍ വെറുതെയായി. ബോട്ട് ഉയര്‍ത്തുന്നതിനായി സ്വകാര്യ കരാറുകാര്‍ക്ക് തുറമുഖ ട്രസ്റ്റ് അനുവദിച്ച സമയം കഴിഞ്ഞു. എന്നാല്‍ ബോട്ട് എന്തായാലും ഉയര്‍ത്തി മാറ്റണമെന്നതിനാല്‍ തുടര്‍ന്നും പ്രവര്‍ത്തനവുമായി മുന്നോട്ട് പോവാനാണ് സ്വകാര്യ കമ്പനി അധികൃതരുടെ തീരുമാനം. ഒന്നും ചെയ്യാന്‍ സാധിക്കാതെ കൊച്ചി തുറമുഖ ട്രസ്റ്റ്് അധികൃതര്‍ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയാണ്.ഇന്നലെയും എട്ടോളം വരുന്ന മുങ്ങല്‍ വിദഗ്ധര്‍  ഇറങ്ങി ബോട്ടില്‍ നാല് ഇടങ്ങളില്‍ ക്രെയിനില്‍  റോപ്പ് കൊളുത്തി ഉയര്‍ത്താന്‍ ശ്രമം നടത്തി. എന്നാല്‍ ബോട്ടിന് മുകള്‍ഭാഗം അടര്‍ന്ന് പൊട്ടി പോവുകയായിരുന്നു. അടിയൊഴുക്ക് കുറഞ്ഞ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷമാണ് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. വൈകീട്ട് 4 മണിയോടെ ക്രെയിന്‍ ഉയര്‍ത്തിയെങ്കിലും പൊട്ടിവീഴുകയായിരുന്നു. എന്നാല്‍ മുങ്ങലുകാര്‍ രാത്രിയോടെ വെള്ളത്തില്‍ ഇറങ്ങി രണ്ടാമതും ബോട്ടില്‍ കൊളുത്തിടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇനി ബോട്ടിന്റെ എഞ്ചിന്റെ ഭാഗത്ത് കൊളുത്തി രണ്ടാമതും പൊക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ക്രെയിന്‍ ഉപയോഗിച്ച് ബോട്ട് ഉയരത്താന്‍ വീണ്ടും ശ്രമം നടത്തും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീതിമാന്‍ എന്ന മല്‍സ്യബന്ധന ബോട്ട് അഴിമുഖത്ത് മുങ്ങുന്നത്. എന്നാല്‍ അന്താരാഷ്ട്ര കണ്ടെയനര്‍ ടെര്‍മിനല്‍ അടക്കം സ്ഥിതി ചെയ്യുന്ന തുറമുഖ ട്രസ്റ്റിന് ബോട്ട് ഉയര്‍ത്തുന്നതിന് യാതൊരു സംവിധാനവുമില്ലാത്തതാണ് പ്രശ്‌നങ്ങള്‍ നീണ്ട് പോവാന്‍ കാരണമായത്. കഴിഞ്ഞ ബുധനാഴ്ച നേവിയും തുറമുഖ ട്രസ്റ്റും കൂടി ബോട്ട് കിടക്കുന്ന സ്ഥലം സ്‌കെച്ച് ചെയ്തിരുന്നു. ഇതിന് ശേഷം  നേവി സ്ഥലം വിട്ടു. പിന്നെ സംഭവ സ്ഥലത്തേയ്ക്ക് തിരിഞ്ഞ് നോക്കിയില്ല. പിന്നീട് വെള്ളിയാഴ്ച മുതല്‍ കരാറുകാര്‍ക്ക് നാലു ദിവസം അനുവദിച്ചതിനാല്‍  അവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടര്‍ന്നു വന്നു. എന്നാല്‍ ചൊവ്വാഴ്ചയും ബോട്ട് ഉയര്‍ത്താന്‍ സാധിക്കാതെ വന്നതോടെ ഇരുട്ടില്‍ തപ്പുകയാണ് തുറമുഖ ട്രസ്റ്റ്. ബോട്ട് ഉയര്‍ത്താന്‍ കഴിയാത്തതിനാല്‍ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിട്ടുള്ളത്.ചെറിയ കപ്പലുകള്‍ തുറമുഖത്തേയ്ക്ക് പ്രവേശിക്കുന്നുണ്ടെങ്കിലും വലിയ കപ്പലുകള്‍ക്ക്   തുറമുഖത്തേയ്ക്ക് വരുവാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് വ്യാപാര വ്യവസായ മേഖലയില്‍ വലിയ ആശങ്കകള്‍ക്കിടയാക്കിയിട്ടുണ്ട്. ബോട്ട് ഉയര്‍ത്താനുള്ള ശ്രമം അനിശ്ചിതമായി നീണ്ട് പോയാല്‍ അത് വലിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയാക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss