|    Nov 21 Wed, 2018 1:32 am
FLASH NEWS
Home   >  Kerala   >  

മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി; ബോട്ടില്‍ ഇടിച്ചത് എംവി ദേശശക്തി തന്നെ, കപ്പിത്താനടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

Published : 14th August 2018 | Posted By: afsal ph

മംഗളൂരു: കൊച്ചിക്കു സമീപം ബോട്ടില്‍ ഇടിച്ചത് മംഗളൂരുവില്‍ പിടിച്ചിട്ട എംവി ദേശശക്തി എന്ന കപ്പല്‍ തന്നെയെന്നു സ്ഥിരീകരണം. മുംബൈയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇടിച്ചതിന്റെ സൂചനകള്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നു കപ്പലിന്റെ ക്യാപ്റ്റനെയും സംഭവ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ടു ജീവനക്കാരെയും മംഗളൂരു തുറമുഖത്തു വച്ച് കൊച്ചി മട്ടാഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തിക്കും.
ക്രൂഡ് ഓയില്‍ കൊണ്ടു വരുന്നതിനായി ചെന്നൈയില്‍നിന്ന് ഇറാനിലേക്കു പോകവേയാണു കപ്പല്‍ ബോട്ടില്‍ ഇടിച്ചത്. തങ്ങള്‍ ബോട്ടില്‍ ഇടിച്ചിട്ടില്ലെന്ന നിലപാടില്‍ കപ്പല്‍ ഇറാനിലേക്കു യാത്ര തുടരുകയും ചെയ്തിരുന്നു. പിന്നീടു ഷിപ്പിങ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശപ്രകാരം കപ്പല്‍ മംഗളൂരു മേഖലയില്‍ കടലില്‍ നങ്കൂരമിടുകയും പുതുമംഗളൂരു തുറമുഖത്ത് എത്തിച്ചു പരിശോധിക്കുകയുമായിരുന്നു. കപ്പലിന്റെ വെള്ളത്തിനു മുകളിലുള്ള ഭാഗത്തു നടത്തിയ പരിശോധനയില്‍ ബോട്ടില്‍ ഇടിച്ചതിന്റെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ മുംബൈയില്‍നിന്നെത്തിയ മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്തോടെ ഞായറാഴ്ച മുതല്‍ അടിഭാഗത്തു പരിശോധന നടക്കുകയായിരുന്നു.
വെള്ളത്തിനടിയിലുള്ള ഭാഗങ്ങള്‍ വിഡിയോ ചിത്രീകരിച്ചു പരിശോധന നടത്തിയതിലാണ് ഇന്നലെ ഉച്ചയോടെ ബോട്ടില്‍ ഇടിച്ചതിന്റെ സൂചനകള്‍ ലഭിച്ചത്. തുടര്‍ന്നു മംഗളൂരുവില്‍ ക്യാംപ് ചെയ്തിരുന്ന മട്ടാഞ്ചേരി പൊലീസ് സംഘം കപ്പിത്താനടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മുനമ്പത്തുനിന്നു 44 കി.മീ. മാറി കടലില്‍ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മലയാളി അടക്കം നാലുപേര്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. എട്ടുപേരെ കാണാതായി. ഓഷ്യാനിക് എന്ന ബോട്ടിലാണു കപ്പലിടിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss