|    Dec 13 Thu, 2018 8:46 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

മുഗളന്‍മാരെ ഓര്‍ക്കുമ്പോള്‍

Published : 22nd May 2018 | Posted By: kasim kzm

സമക് റോയി
കാതറിന്‍ ബി ആഷര്‍ പ്രശസ്തയായ അമേരിക്കന്‍ ചരിത്രകാരിയാണ്. ദക്ഷിണേഷ്യന്‍ കലാചരിത്രത്തിലാണ് അവര്‍ ശ്രദ്ധേയമായ പഠനം നടത്തിയിട്ടുള്ളത്. കല, വാസ്തുവിദ്യ, ആധുനിക ഇന്ത്യയുടെ പ്രാരംഭകാലത്തുള്ള, പ്രത്യേകിച്ച് മുഗള്‍ വംശകാലത്തുള്ള സംസ്‌കാരം എന്നിവയാണ് അവരുടെ ഇഷ്ടവിഷയങ്ങള്‍. ‘ദ ന്യൂ കാംബ്രിജ് ഹിസ്റ്ററി ഓഫ് ഇന്ത്യ’ എന്ന ഗ്രന്ഥപരമ്പരയുടെ ഭാഗമായി പ്രസിദ്ധീകരിച്ച അവരുടെ ‘ആര്‍കിടെക്ചര്‍ ഓഫ് മുഗള്‍ ഇന്ത്യ’ ആശയസമ്പന്നമായ ഒരു മൗലിക കൃതിയാണ്.
ഭരണാധികാരിയെ മഹത്ത്വവല്‍ക്കരിച്ചുകൊണ്ട് ഒരു പ്രദേശത്തിന്റെ ശില്‍പകലയെ വിവരിക്കുന്ന പരമ്പരാഗത രീതിയില്‍ നിന്നു വ്യതിചലിച്ചുകൊണ്ട് നടത്തുന്ന അവരുടെ ചരിത്രാഖ്യാനരീതി ഏറെ ആകര്‍ഷകമാണ്. ആംബര്‍, ഷാജഹാനാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലെ വാസ്തുശില്‍പവിദ്യയിലെ സങ്കരസ്വഭാവം വിവരിച്ചുകൊണ്ട് അവിടത്തെ ഹിന്ദു-മുസ്‌ലിം സ്വത്വത്തെ അവര്‍ അടയാളപ്പെടുത്തുന്നു. ഭരണാധികാരിയുടെ സംഭാവന കൊണ്ടോ വിശ്വാസിസമൂഹത്തിന്റെ സാമ്പത്തിക നില കൊണ്ടോ മാത്രമല്ല ഇതുണ്ടായത്. പുതിയ നഗരസങ്കല്‍പത്തിന് അനുയോജ്യമായ രീതിയില്‍ മതമൂല്യങ്ങളും ആചാരാനുഷ്ഠാനങ്ങളും പുനര്‍രൂപം പ്രാപിച്ചതുകൊണ്ടുകൂടിയാണ്.
സ്മാരകങ്ങളുടെ പില്‍ക്കാല ചരിത്രം അവര്‍ രേഖപ്പെടുത്തുന്നു. കാഴ്ചയുടെ സംസ്‌കാരത്തെപ്പറ്റിയും അവര്‍ എഴുതിയിട്ടുണ്ട്. പ്രണയസ്മാരകമായി പൊതുവേ വിശേഷിപ്പിക്കുന്ന താജ്മഹലിനെക്കുറിച്ചുള്ള അവരുടെ പഠനം വളരെ ശ്രദ്ധേയമാണ്. വിദ്വേഷ പ്രചാരണവും ഭരണകൂട നിര്‍മിതമായ വര്‍ഗീയതയും നിലനില്‍ക്കുന്ന ഈ കാലത്ത് പ്രഫ. ആഷറുടെ നിരീക്ഷണം ഏറെ പ്രസക്തവുമാണ്. ആഷറുമായുള്ള സംഭാഷണത്തില്‍ അവരുടെ പുസ്തകത്തെക്കുറിച്ചും വലതുപക്ഷ ഏകാധിപത്യകാലത്ത് ഇന്ത്യയിലെ ദേശീയ സ്മാരകങ്ങളുടെ ഭാവിയെപ്പറ്റിയും മറ്റു വിഷയങ്ങളുമാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
ചോദ്യം: പ്രഫ. ആഷര്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് നമുക്ക് തുടങ്ങാം. ജനങ്ങളെ ധ്രുവീകരിക്കുന്നതിനു വേണ്ടി വലതുപക്ഷ ഹിന്ദുത്വശക്തികള്‍ ദേശീയ സ്മാരകങ്ങളെ ഉപയോഗിക്കുന്നതായി താങ്കള്‍ക്ക് അറിയാവുന്നതാണല്ലോ. താജ്മഹലിനെക്കുറിച്ചുള്ള താങ്കളുടെ ഒരു ലേഖനത്തില്‍ താജിനെ ആലങ്കാരികമായി ഇസ്‌ലാമിക വിശ്വാസത്തിലുള്ള ‘സ്വര്‍ഗ’മായാണ് താങ്കള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിലെ വര്‍ഗീയവാദികള്‍ മുന്നോട്ടുവയ്ക്കുന്ന ആശയത്തില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ താജ്മഹലിനെക്കുറിച്ചുള്ള പുതിയ വ്യാഖ്യാനത്തെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?
ഉത്തരം: ഞാന്‍ ആദ്യം മുതല്‍ തന്നെ തുടങ്ങാം. 17ാം നൂറ്റാണ്ടില്‍ തന്നെ പാശ്ചാത്യര്‍ താജ്മഹലിനെ വ്യക്തമായി ഒരു സൗന്ദര്യവസ്തുവായാണ് കണ്ടത്. ഫ്രഞ്ച് സഞ്ചാരിയായ ഫ്രാന്‍സ്വാ ബര്‍ണിയര്‍ ആദ്യമായി താജ്മഹലിന്റെ മനോഹാരിത കണ്ട് അദ്ഭുതപ്പെട്ടു. യൂറോപ്പിലൊന്നും താജിന്റെ അത്ര ഭംഗിയുള്ള ഒരു സൗധമില്ലെന്ന സഹപ്രവര്‍ത്തകന്റെ നിരീക്ഷണത്തോട് അദ്ദേഹം പൂര്‍ണമായി അനുകൂലിച്ചു. ആ നിമിഷം മുതലാണ് താജിന്റെ അസാധാരണ ഭംഗിയും യൂറോപ്പിലെ ഏതൊരു കെട്ടിടങ്ങളെക്കാളും മികച്ചുനില്‍ക്കുന്ന അതിന്റെ സ്ഥാനത്തെക്കുറിച്ചും വിവാദം തുടങ്ങിയതെന്നാണ് തോന്നുന്നത്.
മാത്രമല്ല, 17ാം നൂറ്റാണ്ടില്‍ താജ് ഒരു പ്രധാനപ്പെട്ട കെട്ടിടമായിരുന്നില്ല. മുഗള്‍ രാജവംശത്തിന്റെ ഒരു അടയാളമെന്ന പ്രാധാന്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഒരു പാരമ്പര്യത്തിന്റെ അവസാനമായിരുന്നു, തുടക്കമായിരുന്നില്ല. എല്ലാ ജനങ്ങള്‍ക്കും പുറത്തുനിന്നു കാണാമെന്നല്ലാതെ അകത്തു കടക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. 19ാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ ഇന്തോ-ഇസ്‌ലാമിക ശില്‍പകലയുടെ ചരിത്രത്തെക്കുറിച്ച് ആദ്യമായി എഴുതിയ ഫെര്‍ഗൂസന്‍ താജിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
താജിനെക്കാള്‍ മെച്ചപ്പെട്ട കെട്ടിടമാണ് പാര്‍ത്തിനെന്‍ ദേവാലയത്തിന്റേതെന്ന് സ്ഥാപിക്കാന്‍ അദ്ദേഹം ധാരാളം വാചകക്കസര്‍ത്ത് നടത്തിയിരുന്നു. രൂപചാതുരിയിലും അലങ്കാരത്തിലും താജ് മുന്നിലാണെങ്കിലും ഗ്രീസിലെ പാര്‍ത്തിനെന് ബുദ്ധിപരമായ മഹത്വമുണ്ടെന്നാണ് അദ്ദേഹം വാദിച്ചത്. ഇ ബി ഹാവെലിനെ പോലെയുള്ള ചരിത്രകാരന്‍മാര്‍ വിശാലമായി ചിന്തിക്കുന്നു എന്ന പ്രതീതിയുളവാക്കുമെങ്കിലും അദ്ദേഹം യഥാര്‍ഥ ഇന്ത്യയെന്നത് പുരാതന ഇന്ത്യയാണെന്നാണ് വിശ്വസിച്ചിരുന്നത്. അതായത്, താജ്മഹല്‍ മനോഹരമായത് അത് പുരാതന ഇന്ത്യയുടെ ഭാഗമായതുകൊണ്ടാണ് എന്നാണ് ഹാവല്‍ വാദിച്ചത്. താജിന്റെ നിര്‍മാണത്തിനു പ്രചോദനം ഹുമയൂണ്‍ കുടീരമായിരുന്നെങ്കിലും മുഗളന്മാര്‍ കണ്ടിട്ടില്ലാത്ത ജാവയിലെ ബോറൊബദൂറാണ് താജിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം വാദിച്ചു.
പ്രത്യക്ഷത്തില്‍ ഇത് ബുദ്ധിപരമായ ഒരു നിരീക്ഷണമാണെന്ന് തോന്നാമെങ്കിലും ആര്‍എസ്എസ് ഗ്രന്ഥകാരനായ പി എന്‍ ഓകിനെ പോലെയുള്ളവര്‍ക്കാണ് ആ വാദം സഹായകമായത്. അങ്ങനെ താജ്മഹല്‍ ഒരു ഹിന്ദു ക്ഷേത്രമാവാമെന്ന വാദം ഉയര്‍ന്നുവന്നു. ഓകിന്റെയും അദ്ദേഹത്തിന്റെ അമേരിക്കന്‍ അനുയായികളായ സ്റ്റീഫന്‍ നാപ് പോലുള്ളവരുടെയും വാദങ്ങള്‍ എത്രമാത്രം തെറ്റാണെന്ന് നമുക്ക് അറിയാവുന്നതാണല്ലോ. (ഹരേകൃഷ്ണ പ്രസ്ഥാനത്തിലെ അംഗമാണ് നാപ്- വിവ). വലതുപക്ഷ ഹിന്ദുത്വരുടെ മുറിയിലകപ്പെട്ട ആനയാണ് താജ്.
ചോ: താജ് പൊതുജനങ്ങള്‍ക്കായുള്ള ഒരു പൊതുസമുച്ചയമാണല്ലോ. ഇന്നീ സ്ഥലം വിശ്രമത്തിനായി ഉപയോഗിക്കുന്നതില്‍ നിന്ന് ആഗ്രയിലെ ജനങ്ങളെ വിലക്കിയിരിക്കുകയാണ്.
ഉ: അതെ, ഇതൊരു പൊതുസ്ഥലമായിരുന്നു. ജനങ്ങള്‍ പിക്‌നികിനും ചീട്ടുകളിക്കാനും അവിടെ എത്തിയിരുന്നു. പരിശുദ്ധമായ ഒരു ഇസ്‌ലാമിക സ്ഥലമെന്ന തരത്തില്‍ ഇതൊക്കെ തെറ്റായി കരുതണമെന്നില്ല. ദര്‍ഗകളില്‍ പനിനീര്‍ പുഷ്പങ്ങള്‍ സമര്‍പ്പിക്കുകയും ചന്ദനത്തിരി കത്തിക്കുകയും ചെയ്ത ശേഷം ആളുകള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും ചീട്ടുകളിക്കുകയും ഐസ്‌ക്രീം വാങ്ങുകയും ചെയ്യുന്നു.
താജില്‍ മുമ്പ് പലതരം വിനോദ പരിപാടികള്‍ നടത്തിയിരുന്നതായി പ്രദേശത്തെ ആളുകള്‍ ഓര്‍മിക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ കാഴ്ച കാണാനും ഇരിക്കാനും മാത്രമേ അവര്‍ക്ക് കഴിയുന്നുള്ളൂ. താജ്മഹലിലുള്ള പള്ളി പ്രാര്‍ഥനയ്ക്ക് വിട്ടുനല്‍കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍, പുരാവസ്തു വകുപ്പ് (എഎസ്‌ഐ) അതിനെതിരാണ്. ഇപ്പോള്‍ പള്ളിയില്‍ ജുമുഅ നമസ്‌കാരം നടത്താന്‍ അവര്‍ക്ക് അനുവാദമുണ്ട്. എന്നാല്‍, പൂന്തോട്ടം പൊതുവായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. മിക്കവാറും കാര്യങ്ങള്‍ മനസ്സിലാക്കാതെ എഎസ്‌ഐ അവരുടെ സാംസ്‌കാരിക പാരമ്പര്യം നിഷേധിക്കുകയാണ്.
ചോ: ചരിത്ര സ്മാരകങ്ങള്‍ ജനസാന്നിധ്യം മൂലം സജീവമായി നിലകൊള്ളണമെന്ന വിഷയത്തില്‍ എനിക്ക് ആശയക്കുഴപ്പമുണ്ട്. താങ്കള്‍ പറഞ്ഞതുപോലെ അവ സാംസ്‌കാരിക പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. അതേസമയം, മനുഷ്യന്റെ ഇടപെടല്‍ മൂലം ഈ കെട്ടിടങ്ങള്‍ക്ക് പരിക്കു പറ്റാം. ഉദാഹരണത്തിന് മെഹറോളിയിലെ ആരാധനാസ്ഥലങ്ങള്‍ പണ്ടും ഇപ്പോഴും നാട്ടുകാര്‍ ഉപയോഗിക്കുന്നുണ്ട്. ഈ പ്രശ്‌നത്തെ ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും കാണുന്നത് എങ്ങനെയാണ്?
ഉ: താങ്കള്‍ കരുതുന്നതിനേക്കാള്‍ സങ്കീര്‍ണമാണ് മെഹ്‌റോളിയുടേതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. 1947ലെ വിഭജനത്തിനു ശേഷം ഇത് അഭയാര്‍ഥികളുടെ ഒരു താവളമായിരുന്നു. അതിനാല്‍, മുമ്പുള്ള ധാരാളം പള്ളികള്‍ ഇന്ന് വീടുകളാണ്. ദീര്‍ഘകാലമായി അവിടെ കുടുംബങ്ങള്‍ താമസിക്കുകയാണ്. ചില സ്മാരകങ്ങള്‍ സാങ്കേതികമായി പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ്. അവയിലധികവും വലിയ പള്ളികളല്ല. അവിടെ ജനങ്ങള്‍ക്ക് പ്രാര്‍ഥിക്കാവുന്നതാണ്. എന്നാല്‍, അവിടെ വെള്ളിയാഴ്ചകളില്‍ പ്രാര്‍ഥന നടക്കാറുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ബഖ്തിയാര്‍ ഓകിയുടെ ദര്‍ഗ ഇപ്പോള്‍ സജീവമായ ഒരു ആരാധനാ കുടീരമാണ്. തീര്‍ച്ചയായും കാലാവസ്ഥയും പ്രകൃതിയും ഈ സ്മാരകങ്ങളെ കാര്യമായി ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. ഇന്ത്യയിലെ കനത്ത മഴയില്‍ ഈ കെട്ടിടത്തിന്റെ വിള്ളലില്‍ ഒരു ചെറിയ വിത്തു വീണാല്‍ അത് വൃക്ഷമായി വളര്‍ന്ന് കെട്ടിടത്തെ പാടേ തകര്‍ത്തെന്നുവരും. പലപ്പോഴും നിങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ഇഷ്ടികകളുടെ കൂമ്പാരമായിരിക്കും കാണുന്നത്. എന്നാല്‍, അവിടെ ഒരു പള്ളിയുണ്ടായിരുന്നു. മനപ്പൂര്‍വം ആരും തകര്‍ത്തതായിരിക്കുകയില്ല അത്. പ്രകൃതിയായിരിക്കും പ്രതി.
ചോ: വീണ്ടും മനുഷ്യരും ചരിത്ര ചുറ്റുപാടുകളുമായി ബന്ധപ്പെട്ട ഒരു കാര്യം ചോദിക്കട്ടെ. ഒരുപക്ഷേ ഇത് ആത്മനിഷ്ഠവുമാവാം. കൊളോണിയല്‍ കാലഘട്ടത്തിനു ശേഷം പല ചരിത്ര സ്മാരകങ്ങളും നഗരവല്‍ക്കരണം മൂലം നാശോന്മുഖമായി. പല പുരാതന കെട്ടിടങ്ങള്‍ക്കു ചുറ്റും അംബരചുംബികളാണ്. പുരാവസ്തു വകുപ്പ് സ്ഥാപിച്ച ബോര്‍ഡുകളില്‍ പരിമിതമായ തെറ്റായ വിവരണങ്ങള്‍ മാത്രമേയുള്ളൂ. ഈ അവസ്ഥയില്‍ ചരിത്ര സ്മാരകങ്ങളുമായി ജനങ്ങള്‍ എങ്ങനെയാണ് ബന്ധം നിലനിര്‍ത്തുക?
ഉ: കഴിഞ്ഞ രണ്ടു മാസമായി ഞാന്‍ ഇവിടെയുണ്ട്. ഡല്‍ഹിയിലും അലിഗഡിലും രണ്ടു പ്രഭാഷണങ്ങള്‍ ഞാന്‍ നടത്തി. പ്രഭാഷണത്തിനു ശേഷം ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. കെട്ടിടങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക വളരെ ബുദ്ധിമുട്ടാണ്. കെട്ടിടങ്ങള്‍ എപ്പോഴും ഒരു വലിയ ഭൂഭാഗദൃശ്യത്തിന്റെ പശ്ചാത്തലമാണ്. ഉദാഹരണത്തിന്, പണ്ട് ഒരു ജലസംഭരണി ഒരു പൊതുനിര്‍മിതിയാണ്. അത് ആര് നിര്‍മിച്ചുവെന്നു നമുക്കറിയില്ല. എന്നാല്‍, അത് പൊതു ഉപയോഗത്തിനുള്ളതാണ്.
ദൃശ്യസംസ്‌കാരത്തെക്കുറിച്ച് ചിന്തിക്കാനുള്ള പരിശീലനമാണ് നമുക്ക് ആവശ്യം. എന്നാല്‍, ഇന്ത്യയിലെ പല സര്‍വകലാശാലകളിലും ദൃശ്യസംസ്‌കാരത്തിനുള്ള വകുപ്പില്ല എന്നതാണ് ഖേദകരം.
1960കളുടെ അവസാനം ഞാന്‍ ഇവിടെ വന്നപ്പോഴും 1980ല്‍ ഞാന്‍ ഇവിടെ താമസിച്ചപ്പോഴും ഖുതുബ് മിനാറിനെ അടുത്തു കാണാന്‍ സാധിച്ചിട്ടുണ്ട്. ആധുനിക പൂര്‍വ പശ്ചാത്തലത്തില്‍ ഈ കെട്ടിടത്തിന്റെ സാന്നിധ്യം എന്താണെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. പ്രഫ. ഇര്‍ഫാന്‍ ഹബീബ് സൂചിപ്പിച്ച പോലെ, സങ്കല്‍പത്തേക്കാളുപരി ശാസ്ത്രീയ ചിന്തയിലൂടെയും വ്യവസ്ഥാപിതമായും അത് നടക്കണം.                        ി

(അവസാനിക്കുന്നില്ല)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss