|    Jul 22 Sun, 2018 2:57 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുഖ്യശത്രുവിനെ ചൊല്ലി സിപിഎമ്മില്‍ തര്‍ക്കം

Published : 8th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയെ പ്രധാന ശത്രുവായി കണ്ട് പാര്‍ട്ടിയുടെ രാഷ്ട്രീയ അടവുനയത്തില്‍ മാറ്റം വേണോ എന്ന കാര്യത്തില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായം. പാര്‍ട്ടി നയത്തില്‍ മാറ്റം വേണമെന്നാണു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പക്ഷം. എന്നാല്‍, ബിജെപിയെ നേരിടാന്‍  കോണ്‍ഗ്രസ്സുമായി കൂട്ടുചേരാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രകാശ് കാരാട്ടും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കേരള ഘടകവും. വിഷയം അടുത്തമാസം ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും.അടുത്ത വര്‍ഷം ഏപ്രില്‍ 18 മുതല്‍ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ പോളിറ്റ് ബ്യൂറോ യോഗത്തില്‍ അവതരിപ്പിച്ചത്. വിശാഖപട്ടണത്ത് പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്ന സമയത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളത്. വര്‍ഗീയകക്ഷികളെ ചെറുക്കാന്‍ രാഷ്ട്രീയ അടവുനയത്തില്‍ പൊളിച്ചെഴുത്ത് വേണമെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. എന്നാല്‍, ബിജെപിയെ മുഖ്യശത്രുവായി കാണുക എന്നതിന് കോണ്‍ഗ്രസ്സുമായി കൂട്ടുചേരുക എന്ന അര്‍ഥമല്ലെന്നാണ് പ്രകാശ് കാരാട്ട് വ്യക്തമാക്കിയത്. എങ്കില്‍ സിപിഎമ്മിന്റെ മുഖ്യശത്രു ആരെന്നു ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ടു മതി പരിഹാരമാര്‍ഗങ്ങള്‍ ആലോചിക്കുന്നതെന്ന് യെച്ചൂരി വ്യക്തമാക്കി. പിബിക്കുശേഷം മാധ്യമങ്ങളെ കണ്ട യെച്ചൂരി, ഒക്ടോബറില്‍ ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ രാഷ്ട്രീയ അടവുനയത്തില്‍ മാറ്റം വരുത്തുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാക്കി. ഇതിനുശേഷമാവും ജനുവരിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് രൂപം നല്‍കുന്നത്. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ എടുത്ത തീരുമാനമനുസരിച്ച് കോണ്‍ഗ്രസ്സിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കണമെന്നായിരുന്നു സിപിഎം നിലപാട്. കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പു സഖ്യം ഉള്‍പ്പെടെയുള്ള കൈ കോര്‍ക്കലുകള്‍ക്കു പശ്ചിമബംഗാള്‍ ഘടകം വാദിച്ചപ്പോള്‍ കേരള ഘടകം ശക്തമായി എതിര്‍ത്തിരുന്നു. പോളിറ്റ് ബ്യൂറോ യോഗത്തിലും പശ്ചിമ ബംഗാള്‍ ഘടകം യെച്ചൂരിയുടെ നിലപാടിനൊപ്പം നിന്നപ്പോള്‍ കോണ്‍ഗ്രസ്സുമായുള്ള സമീപനത്തില്‍ മാറ്റം വരുത്തുന്നത് സംസ്ഥാനത്ത് പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന നിലപാടാണ് കേരള ഘടകം സ്വീകരിച്ചത്. കോണ്‍ഗ്രസ്സുമായുള്ള രാഷ്ട്രീയബന്ധവും പ്രാദേശിക പാര്‍ട്ടികളുമായുള്ള പ്രാദേശിക നീക്കുപോക്കുകളും ഉള്‍പ്പെടെ രണ്ടു മാറ്റങ്ങളാണ് അടവുനയത്തില്‍ പ്രധാനമായും അവതരിപ്പിക്കുന്നതെന്നാണ് സൂചന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss