|    Jul 23 Mon, 2018 3:29 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മുഖ്യശത്രുവിനെ ഇനിയും തിരിച്ചറിഞ്ഞില്ലേ?

Published : 9th September 2017 | Posted By: fsq

 

അടുത്ത വര്‍ഷം ഹൈദരാബാദില്‍ നടക്കുന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ആരാണ് മുഖ്യശത്രു എന്ന് സിപിഎം തീരുമാനിക്കുമെന്നാണ് കേള്‍ക്കുന്നത്. 2018 ഏപ്രില്‍ 18-22 തിയ്യതികളില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട കരടു രാഷ്ട്രീയപ്രമേയം സംബന്ധിച്ച് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ യോഗം കഴിഞ്ഞ രണ്ടു ദിവസമായി ചര്‍ച്ച നടത്തുകയുണ്ടായി. കരടു രാഷ്ട്രീയപ്രമേയം പാര്‍ട്ടി അണികളുടെ ചര്‍ച്ചയ്ക്കായി സമര്‍പ്പിക്കും. അടുത്ത മാസം നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം ഈ രേഖയ്ക്ക് അന്തിമരൂപം നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നത്. 2015ല്‍ വിശാഖപട്ടണത്ത് പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്ന വേളയിലുള്ള രാഷ്ട്രീയ സ്ഥിതിഗതികളല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കുന്നു. അതിനാല്‍ നിലവിലുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ചു രാഷ്ട്രീയ അടവുകളില്‍ മാറ്റം വരുത്തേണ്ടതായിവരും. കോണ്‍ഗ്രസും ബിജെപിയും ഒരേപോലെ രാഷ്ട്രീയശത്രുക്കളാണെന്നും രണ്ടുകൂട്ടരെയും എതിര്‍ത്തു തോല്‍പിക്കാന്‍ ഒരേയവസരം ശ്രമിക്കണമെന്നുമാണ് പാര്‍ട്ടിയുടെ വിശാഖപട്ടണം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയനയം. അത് തീര്‍ത്തും അസംബന്ധമായ ഒരു നയസമീപനമാണെന്നും മുഖ്യശത്രു ആരാണെന്ന് കൃത്യമായി നിര്‍വചിച്ച് അവര്‍ക്കെതിരേ പോരാടാന്‍ ഏതൊക്കെ കൂട്ടരുമായി സഖ്യം ചേരണമെന്ന് തീരുമാനിക്കുകയാണ് രാഷ്ട്രീയമായി ശരിയെന്നും അന്നുതന്നെ പാര്‍ട്ടിക്കകത്തും പുറത്തും ഈ നയം സംബന്ധിച്ചു വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സിപിഎമ്മിന്റെ ആവിര്‍ഭാവകാലം മുതല്‍ അത്തരമൊരു രാഷ്ട്രീയതന്ത്രമാണ് ആ പാര്‍ട്ടി സ്വീകരിച്ചുവന്നത്. ആ കാലമത്രയും രാജ്യത്തു കോണ്‍ഗ്രസ്സിന്റെ ഭരണകുത്തക നിലനിന്നിരുന്നു. അതിനാല്‍ കോണ്‍ഗ്രസ്സിനെ തോല്‍പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന പാര്‍ട്ടി നേതാവ് ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പ്രഖ്യാപനം അണികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമയത്തു തന്നെ രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വന്നുകഴിഞ്ഞിരുന്നു. കേന്ദ്രഭരണം ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി പിടിച്ചെടുത്തുകഴിഞ്ഞിരുന്നു. രാജ്യത്തെ ജനാധിപത്യ-മതേതര പ്രസ്ഥാനങ്ങള്‍ക്കും ഭരണഘടനാനുസൃതമായ പൗരാവകാശങ്ങള്‍ക്കും അവര്‍ ഭീഷണി ഉയര്‍ത്താന്‍ തുടങ്ങിയിരുന്നു. എന്നാല്‍, അതു കണ്ടില്ലെന്നു നടിക്കുകയാണ് പാര്‍ട്ടി നേതൃത്വം ചെയ്തത്. ഒരേയൊരു കാരണം, കേരളത്തില്‍ അവര്‍ക്ക് ഇന്നും പ്രധാന എതിരാളി കോണ്‍ഗ്രസ് ആണെന്നതായിരുന്നു. കേരളത്തിലെ ഭരണതാല്‍പര്യങ്ങള്‍ മാത്രമാണ് ബിജെപിയോട് മൃദുത്വം പാലിക്കുന്ന നയം സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. അതിന്റെ ദുരന്തം ഇപ്പോള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വ്യക്തമാണ്. രാജ്യത്ത് ഒരു ഫാഷിസ്റ്റ് ഭരണസംവിധാനം നിലനില്‍ക്കുകയാണ് എന്ന് കൂടുതല്‍ തെളിമയോടെ വ്യക്തമായിരിക്കുന്നു. അതിനാല്‍ ഹൈദരാബാദില്‍ അടുത്ത വര്‍ഷം മുഖ്യശത്രുവിനെ തിരയുമ്പോള്‍ സിപിഎം ആരെയാണ് കണ്ടെത്തുക എന്ന കാര്യം കൗതുകകരമായിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss