|    Mar 24 Sat, 2018 3:45 pm
FLASH NEWS
Home   >  News now   >  

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി എസ് പിണറായിയെ നിര്‍ദ്ദേശിക്കുമോ ?

Published : 19th May 2016 | Posted By: G.A.G

IMTHIHAN-SLUG

സംസ്ഥാന ഭരണം എല്‍ഡിഎഫിനാണെന്നുറപ്പായിരിക്കുന്നു. സ്വാഭാവികമായും മുഖ്യമന്ത്രിയെ തീരുമാനിക്കാനുളള അവകാശം മുന്നണിയെ നയിക്കുന്ന സി പി എമ്മിനാണ്. സി പി എമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടു പേരുകളാണ് ഉയര്‍ന്നു വരുന്നത്. പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാളും പ്രതിപക്ഷ നേതാവുമായ വി എസ് അച്ചുതാന്ദനും പേളിറ്റ് ബ്യൂറോമെമ്പറും മുന്‍ പാര്‍ട്ടി സെക്രട്ടറിയുമായ പിണറായി വിജയനും. തൊണ്ണൂറ്റി രണ്ടുകാരനായ വി എസ് അച്ചുതാന്ദന്‍ പാര്‍ട്ടിയില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മുതിര്‍ന്ന സഖാവാണ്. തീഷ്ണമായ സമര പോരാട്ട വീഥികളിലൂടെ കടന്നു വന്ന അനുഭവ സമ്പത്തിന്റെ ഉടമയാണ്. സി പി എം നേതാവ് എന്നതിനേക്കാള്‍ വലിയ സ്വീകാര്യതയും അദ്ദേഹത്തിനുണ്ട്. പാര്‍ട്ടി നിലപാടിനെ മറികടന്നും ജനകീയ സമരങ്ങളോടു ചേര്‍ന്നു നില്‍ക്കാന്‍ അദ്ദേഹം കാണിക്കുന്ന ആര്‍ജ്ജവമാണ് അദ്ദേഹത്തെ സ്വീകാര്യനാക്കുന്നത്. ഒരു പക്ഷേ അഴിമതിയോട് അദ്ദേഹം കാണിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് യു ഡി എഫിന്റെ വികസന സ്വര്‍ഗ വാഗ്ദാനങ്ങള്‍ ഒത്തിരിയുണ്ടായിട്ടും എല്‍ ഡി എഫിനെ ജനം തിരഞ്ഞെടുക്കാന്‍ കാരണം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നത്തെ പരിതസ്ഥിതിയില്‍ കേരളത്തിനാവശ്യം കേരളത്തിന്റെ തകര്‍ന്നു കിടക്കുന്ന സമ്പദവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിവുളള ഊര്‍ജ്ജസ്വലനായ ഒരു നേതാവിനെയാണ്. കേരളത്തെ തീറ്റിപ്പോറ്റികൊണ്ടിരിക്കുന്ന ഗള്‍ഫിന്റെ വാതിലുകള്‍ ഓരോ ദിവസം കഴിയും തോറും കൂടുതല്‍ കൂടുതല്‍ അടഞ്ഞു കൊണ്ടിരിക്കെ വിശേഷിച്ചും. നാട്ടിലെ കാര്‍ഷിക വിളകള്‍ക്കാവട്ടെ മുടക്കു മുതല്‍ പോലും ലഭിക്കാത്ത അവസ്ഥയിലും. ഈ സാഹചര്യത്തില്‍ കേരളത്തെ നയിക്കാന്‍ പുതിയ കാഴ്ചപ്പാടുകളുളള മാറുന്ന ലോകത്തിന്റെ സ്ഥിതി ഗതികള്‍ മുന്‍കൂട്ടി കാണാനാവുന്ന ഒരു നേതൃത്വമനിവാര്യമാണ്. ഇക്കാര്യം സി പി എമ്മിനുമറിയാഞ്ഞിട്ടല്ല. വി എസിനെ തളളാനോ കൊളളാനോ വയ്യാത്ത ധര്‍മ്മ സങ്കടത്തിലാണ് പാര്‍ട്ടി. അതു കൊണ്ട് അച്ചുതാനന്ദന്‍ തന്റെ പ്രായത്തിന്റെ പരിമിതികളെ സ്വയം തിരിച്ചറിഞ്ഞ് മാറി നില്‍ക്കാനുളള സന്നദ്ധത പ്രകടിപ്പിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
വി എസ്് പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച്്് സ്വയം ജനപക്ഷത്തു നിലയുറപ്പിക്കുകയും മുതലാളിത്ത നവ ലിബറല്‍ സമീപനങ്ങളിലേക്കോ കമ്മീഷന്‍ രാജിലേക്കോ  ഇടതു സര്‍ക്കാര്‍ വഴുതുന്ന പക്ഷം പിളളാരുടെ കുന്നിക്ക് പിടിക്കുന്ന കാരണവരുടെ റോളില്‍ പ്രത്യകഷപ്പെടുകയും ചെയ്താല്‍ മാത്രമേ എല്‍ഡിഎഫ് വരുമ്പോള്‍ ചിലതെങ്കിലും ശരിയാകൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss