|    Dec 18 Tue, 2018 1:19 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രി ബിജെപിയുടെ തലതൊട്ടപ്പന്‍: രമേശ് ചെന്നിത്തല

Published : 25th November 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമായിക്കിടന്നിരുന്ന ബിജെപിക്ക് സിപിഎമ്മും സര്‍ക്കാരും രാഷ്ട്രീയ മാന്യത നല്‍കാന്‍ ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുമ്മനം രാജശേഖരനെ നാടുകടത്തിയ ശേഷം ഒരു പ്രസിഡന്റിനെപ്പോലും കിട്ടാതെ മാസങ്ങളോളം നിര്‍ജീവമായി കിടക്കുകയാ—യിരുന്നു ബിജെപി. ശ്രീധരന്‍പിള്ള എത്തിയെങ്കിലും തമ്മിലടി കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇതിനിടയിലാണ് ബിജെപിക്ക് ജീവവായു നല്‍കാനുള്ള പരിശ്രമം മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയിലൂടെ നടത്തിയത്. അങ്ങനെ നാഥനില്ലാതെ കിടന്നിരുന്ന ബിജെപിക്ക് പിണറായി നാഥനായി. ബിജെപിയുടെ ഒറ്റച്ചങ്ങാതിയാണ് കോണ്‍ഗ്രസ് എന്ന് മുഖ്യമന്ത്രി പറയുന്നു. യഥാര്‍ഥത്തില്‍ ബിജെപിയുടെ തലതൊട്ടപ്പനാണ് പിണറായി. ഈ സാഹചര്യത്തില്‍ സിപിഎമ്മാണ് തങ്ങളുടെ വീടിന്റെ ഐശ്വര്യമെന്നു പി എസ് ശ്രീധരന്‍പിള്ള ഏറ്റുപറയണം. ഇതിന്റെ പിന്നില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പ്രത്യേക രാഷ്ട്രീയ ലക്ഷ്യമുണ്ട്. ശബരിമല പ്രശ്‌നം വഷളാക്കുന്നതു വഴി ബിജെപിയെ ശക്തിപ്പെടുത്തുക. അങ്ങനെ ചെയ്യുമ്പോള്‍ ജനാധിപത്യ ശക്തികള്‍ ദുര്‍ബലപ്പെടും. അടുത്ത തിരഞ്ഞെടുപ്പില്‍ കുറുക്കുവഴിയിലൂടെ ജയം ഉറപ്പാക്കാം. എന്നാല്‍, ബിജെപി അതില്‍ വിജയിക്കാന്‍ പോവുന്നില്ല. ഇതിനോടൊപ്പം ശബരിമല പ്രശ്‌നം വഷളാക്കി നിര്‍ത്തുക വഴി ഭരണപരാജയം മൂടിവയ്ക്കാനും സര്‍ക്കാരിനു കഴിയും. പ്രളയത്തിനു ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനവും പുനര്‍നിര്‍മാണവുമൊക്കെ പാടെ നിലച്ചിരിക്കുകയാണ്. പദ്ധതി നിര്‍വഹണവും നിലച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. ഇതെല്ലാം മൂടിവയ്ക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന നിലയ്ക്കാണ് മുഖ്യമന്ത്രി ശബരിമലയെ കാണുന്നത്. തന്റെ കഴിവുകേട് മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ കുറ്റം പറയുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ആര്‍എസ്എസും ബിജെപിയും സംഘപരിവാര ശക്തികളും കിട്ടിയ തക്കത്തിനു ശബരിമലയില്‍ വിഷം ചീറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss