|    Jan 20 Fri, 2017 11:33 am
FLASH NEWS

മുഖ്യമന്ത്രി തെരുവ് പ്രാസംഗികനാവരുത്: നാസറുദ്ദീന്‍ എളമരം

Published : 8th October 2016 | Posted By: Abbasali tf

കോഴിക്കോട്: മുഖ്യമന്ത്രി തെരുവ് പ്രാസംഗികനാവരുതെന്ന് എസ്ഡിപിഐ ദേശീയ സമിതിയംഗം നാസറുദ്ദീന്‍ എളമരം. മുഖ്യമന്ത്രിക്ക് നിരക്കാത്ത നിലപാടുകളാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. വേട്ടക്കാരന്റെ കൂടെ നിന്ന് വേട്ടയാടാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം ഇന്ത്യയുടെ ജീവനാണ് എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതേതര ഇന്ത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകളും ദലിതരും ആദിവാസികളുമെല്ലാം വിവേചനത്തിനും കൈയേറ്റത്തിനും ഇരയായിക്കൊണ്ടിരിക്കയാണ്. മര്‍ദ്ദിത, പീഡിത വിഭാഗങ്ങള്‍ അതിനെതിരേ ശബ്ദിക്കുമ്പോള്‍ അത് ഭീകരവാദമായി ചിത്രീകരിക്കുന്നു. എല്ലാ ഭീകരവാദങ്ങളെയും ഒരു പോലെ നേരിടാനുള്ള തന്റേടവും സത്യസന്ധതയും ഉണ്ടാവേണ്ടതുണ്ട്. ഒരു വെള്ളക്കടലാസില്‍ എഴുതിക്കൊടുത്താ ല്‍ യുഎപിഎ ചുമത്തുന്ന സാഹചര്യമാണ് പിണറായിയുടെ ഭരണത്തിലുള്ളത്. ബിജെപി ഭരിക്കുന്നിടത്തു പോലും ഇങ്ങിനെ നടക്കുന്നില്ല. ഭരണ സംവിധാനമുപയോഗിച്ചുള്ള വേട്ടയാണ് നടക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്തും സമാനമായിരുന്നു സ്ഥിതി. ഇതിനെതിരേ നിസ്സംഗമായിരുന്നാല്‍ നാളെ അവര്‍ ആരെ തേടിയെത്തുമെന്ന് പറയാനാവില്ല. അതിനാല്‍ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി ഇത്തരം നീക്കങ്ങളെ എതിര്‍ക്കണം. മതേതരത്വം തകര്‍ക്കാന്‍ ഒരു ശക്തിയെയും എസ്ഡിപിഐ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമര സേനാനി എ എസ് നാരായണ പിള്ളയെ ജില്ലാ വൈസ് പ്രസിഡന്റ് എം എ സലീം പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറി നജീബ് അത്തോളി രചനയും സംവിധാനവും നിര്‍വഹിച്ച അസഹിഷ്ണുതയുടെ കലികാലം ഡോക്യുമെന്ററി പ്രകാശനം വിമണ്‍സ് ഇന്ത്യ മൂവ്‌മെന്റ് ദേശീയ സെക്രട്ടറി യു കെ ഡെയ്‌സി ബാലസുബ്രഹ്മണ്യന് നല്‍കി എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു നിര്‍വഹിച്ചു. എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, ആര്‍എംപിഐ സംസ്ഥാന കമ്മിറ്റിയംഗം കെ എസ് ഹരിഹരന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ പാലാഴി, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം ഷര്‍മ്മദ് ഖാന്‍, കെഡിഎഫ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി പി ഭാസ്‌കരന്‍, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ്, എവിജെഎം ചെയര്‍പേഴ്‌സണ്‍ അഡ്വ ആനന്ദ കനകം, എഎപി പ്രതിനിധി ജാഫര്‍ അത്തോളി, നജീബ് അത്തോളി, എസ്ഡിപിഐ ജില്ലാ ട്രഷറര്‍ മുസ്തഫ പാലേരി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക