|    Nov 18 Sun, 2018 2:30 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുഖ്യമന്ത്രി കനത്ത വില നല്‍കേണ്ടി വരും: മുല്ലപ്പള്ളി

Published : 7th November 2018 | Posted By: kasim kzm

തിരുവനന്തപുരം/കൊച്ചി: ശബരിമലയുടെ നിയന്ത്രണം ആര്‍എസ്എസിനെ ഏല്‍പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത വില നല്‍കേണ്ടി വരുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്‍എസ്എസും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണ ഒരിക്കല്‍ക്കൂടി പുറത്തായി. ശബരിമലയെ അയോധ്യയാക്കിയേ അടങ്ങൂ എന്ന വാശിയിലാണ് ഇരു കൂട്ടരും.
പോലിസിന്റെ നിഴല്‍ പോലും അവിടെ ഇല്ലാതെ വന്നപ്പോള്‍ ഭക്തജനങ്ങളും സ്ത്രീകളും മാധ്യമപ്രവര്‍ത്തകരും വഴിയാധാരമായി. സന്നിധാനത്തിന്റെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസുകാര്‍ കൈയടക്കി. പോലിസിന്റെ മെഗാ ഫോണ്‍ വരെ ആര്‍എസ്എസ് നേതാവിന്റെ കൈയയ്യിലായിരുന്നു. അതിലൂടെയാണ് ആര്‍എസ്എസുകാര്‍ക്ക് നിര്‍ദേശം നല്‍കിയത്. 50 വയസ്സു കഴിഞ്ഞ സ്ത്രീകളെയും ആര്‍എസ്എസ് കടുത്ത പരിശോധനയ്ക്കു വിധേയമാക്കി. മാധ്യമപ്രവര്‍ത്തകരെ വീണ്ടും ആക്രമിച്ചു. ആര്‍എസ്എസ് സന്നിധാനം പിടിച്ചെടുത്തിട്ടും മുഖ്യമന്ത്രി നിസ്സംഗമായാണ് പ്രതികരിച്ചത്. ശബരിമലയില്‍ എല്ലാം ഭദ്രമാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഞെട്ടിപ്പിച്ചെന്നു മുല്ലപ്പള്ളി പറഞ്ഞു.
18ാംപടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറി നിന്നാണ് ആര്‍എസ്എസ് നേതാവ് അണികള്‍ക്കു നിര്‍ദേശം നല്‍കിയത്. ദേവസ്വം ബോര്‍ഡ് മെംബര്‍ ഇരുമുടിക്കെട്ടില്ലാതെ 18ാംപടി കയറുന്നതു കണ്ടു. ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുന്നതില്‍ ആര്‍എസ്എസും ഇടതുപക്ഷവും തമ്മില്‍ മല്‍സരിക്കുകയാണ്. ശബരിമല ഇരുകൂട്ടരുടെയും ശക്തിപ്രകടമായി മാറിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയെ ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് സഹിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല അവിടെ നടക്കുന്നത്. ഇരുകൂട്ടരും സംയമനത്തിന്റെ പാതയിലേക്കു തിരിച്ചുവരണമെന്നും വിവേകമതികള്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.അതേസമയം, ശബരിമല പോലിസിന്റെ സംരക്ഷണത്തിലാണെന്നു മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും പൂര്‍ണമായും ആര്‍എസ്എസ് നിയന്ത്രണത്തിലാണെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ കുറ്റപ്പെടുത്തി.
ഇതിന് തെളിവാണ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ ഇവിടേക്കുള്ള വരവെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ ക്രമസമാധാന നില തകര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss