|    Apr 23 Mon, 2018 7:35 am
FLASH NEWS
Home   >  Editpage  >  Lead Article  >  

മുഖ്യമന്ത്രി ഓര്‍ക്കണം സ്വന്തം വാക്കുകള്‍

Published : 25th July 2016 | Posted By: SMR

അഡ്വ. കെ എം അഷ്‌റഫ്‌

2016 ജനുവരി ആദ്യവാരം പുറത്തിറങ്ങിയ മലയാളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ തൊടുപുഴയിലെ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനുള്ള മറുപടിയായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ”അന്ന് എസ്ഡിപിഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയ്ക്ക് ഈ സംഭവത്തെ ഫലപ്രദമായി ഞങ്ങള്‍ ഉപയോഗിച്ചു. അവരെ ഒതുക്കാനും ആ വളര്‍ച്ചയെ തടയിടാനും ഞങ്ങള്‍ക്ക് കഴിഞ്ഞു.”
ഒരു പാര്‍ട്ടിയെ സ്റ്റേറ്റ് മെഷിനറി ഉപയോഗപ്പെടുത്തി എങ്ങനെ അടിച്ചമര്‍ത്താമെന്നും അതിന് അധികാരം എങ്ങനെ ദുരുപയോഗം ചെയ്യാമെന്നതിന്റെയും വെളിപ്പെടുത്തലായിരുന്നു ഈ അഭിമുഖം. കള്ളക്കഥകള്‍ മെനഞ്ഞ് എസ്ഡിപിഐ പ്രവര്‍ത്തകരെ സംസ്ഥാനത്തുടനീളം പോലിസിനെ ഉപയോഗിച്ചു വേട്ടയാടുകയായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി. എസ്ഡിപിഐ എന്ന നവ രാഷ്ട്രീയ പ്രസ്ഥാനത്തെ വേരോടെ പിഴുതെടുക്കാമെന്ന ധാരണയോടെയാവണം ഇടതുപക്ഷ ഗവണ്‍മെന്റ് പാര്‍ട്ടിക്കെതിരേ തിരിഞ്ഞത്. നീതിയും മനുഷ്യാവകാശങ്ങളും അപ്രത്യക്ഷമായ ദിനങ്ങളായിരുന്നു അത്. നിരപരാധിയാണെന്നു ബോധ്യപ്പെട്ടിട്ടും ജയിലിലടച്ച അധ്യാപകനായ അനസിനെ വാഴക്കാട് ബ്ലോക്ക് ഡിവിഷനിലേക്ക് വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചാണ് ജനങ്ങള്‍ ഈ നെറികേടിനെതിരേ പ്രതിഷേധിച്ചത്. പാര്‍ട്ടിയെ ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനുമുള്ള സര്‍ക്കാരിന്റെ നീക്കത്തിനു പിന്തുണ ലഭിച്ചില്ല എന്നു പരിതപിക്കുകയാണ് കോടിയേരി. ഈ ശ്രമങ്ങളുടെ തുടര്‍ച്ച തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പരാമര്‍ശങ്ങള്‍. കൊലപാതകം നടത്താന്‍ പരിശീലനം നല്‍കുന്ന ചില സംഘങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും അത്തരത്തിലൊന്നാണ് എസ്ഡിപിഐ എന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. വൈകാരിക തള്ളിച്ച മൂലം എടുത്തുചാടി പ്രതികരിച്ചതല്ല എന്നത് എല്ലാവര്‍ക്കുമറിയും. യാഥാര്‍ഥ്യങ്ങളുടെ പിന്‍ബലമില്ലാത്ത തികച്ചും ദുരുദ്ദേശപരമായ ഈ പരാമര്‍ശങ്ങള്‍ക്കു പിന്നിലെ ഉദ്ദേശ്യം എന്താണ്? എന്തുകൊണ്ടാണ് എസ്ഡിപിഐയുടെ വളര്‍ച്ചയില്‍ സാമ്പ്രദായിക രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അസ്വസ്ഥമാവുന്നത്?
വേളം പുത്തലത്തു നടന്ന കൊലപാതകം വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നും പാര്‍ട്ടിക്ക് അതില്‍ യാതൊരു പങ്കുമില്ലെന്നും നേരത്തേ വ്യക്തമാക്കിയതാണ്. ലീഗുമായി ഒരു സംഘര്‍ഷവും പ്രസ്തുത മേഖലയിലുണ്ടായിരുന്നില്ല. ഇക്കാര്യം തുടക്കത്തില്‍ മുസ്‌ലിംലീഗ് നേതൃത്വം സമ്മതിച്ചതാണ്. എന്നാല്‍ എസ്ഡിപിഐ യെ തെറ്റിദ്ധരിപ്പിക്കാനും ഒറ്റപ്പെടുത്താനും വീണുകിട്ടിയ അസുലഭാവസരം നഷ്ടപ്പെടുത്തരുത് എന്ന രീതിയിലാണ് പിന്നീട് ലീഗ് നേതൃത്വം ഇടപെട്ടത്. രാഷ്ട്രീയ മുതലെടുപ്പിന് പ്രവര്‍ത്തകരെ വൈകാരികമായി ഉത്തേജിപ്പിക്കാനും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുമാണ് ലീഗ് നേതൃത്വം ശ്രമിച്ചത് എന്നതിന് അതിനുശേഷം പ്രദേശത്ത് നടന്ന അക്രമസംഭവങ്ങള്‍ തെളിവാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും എതിരേ തുടര്‍ച്ചയായി അക്രമം അരങ്ങേറിയിട്ടും സംഘര്‍ഷം വ്യാപകമാവാതിരിക്കാന്‍ മാതൃകാപരമായ നിലപാടാണ് എസ്ഡിപിഐ സ്വീകരിച്ചത്. മാത്രമല്ല, ആരോപിക്കുന്ന ഗൂഢാലോചനയും ദുരൂഹതയും അകറ്റുന്നതിന് ഏതുതരത്തിലുള്ള അന്വേഷണവും നേരിടാന്‍ പാര്‍ട്ടി തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. കൊലപാതകം നടത്താന്‍ പരിശീലനം കൊടുക്കുന്ന ഒരു പാര്‍ട്ടിക്കുമേല്‍ ഏഴു വര്‍ഷത്തിനുള്ളില്‍ ഒരു കൊലപാതകം മാത്രമേ ആരോപിക്കാന്‍ കഴിയുന്നുള്ളൂ എന്നതില്‍ നിന്നു തന്നെ ഇത്തരം ആരോപണങ്ങളുടെ പിന്നിലുള്ള താല്‍പര്യം വ്യക്തമാണ്. സര്‍ക്കാരുകള്‍ക്ക് അറിയാമായിരുന്നിട്ടും ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ എവിടെയാണെന്നും അതിനെതിരേ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നും വിശദീകരിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.

രാഷ്ട്രീയ കൊലപാതകങ്ങളും പരിശീലനം നേടിയവരും
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 31 രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് ആഭ്യന്തരവകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 14 കൊലക്കേസുകളിലും പ്രതികള്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. 12 കൊലക്കേസുകളിലെ പ്രതികള്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ്. മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ മൂന്ന് കേസുകളിലും യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓരോ കേസിലും പ്രതികളാണ്. ഒരു കൊലപാതകക്കേസു പോലും എസ്ഡിപിഐക്കുമേല്‍ ആരോപിക്കപ്പെട്ടിട്ടില്ല.

എന്തുകൊണ്ട് എസ്ഡിപിഐക്കെതിരേ?
ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നു തെറ്റിപ്പിരിഞ്ഞോ ഏതെങ്കിലും നേതാവിന്റെ വ്യക്തി പ്രഭാവത്തിലോ തട്ടിക്കൂട്ടിയ പ്രസ്ഥാനമല്ല സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ-എസ്ഡിപിഐ. രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുഴുവന്‍ ജനതയുടെയും സമ്പൂര്‍ണ ശാക്തീകരണം ലക്ഷ്യം വച്ചു രൂപീകരിക്കപ്പെടുകയും ഏഴു വര്‍ഷം കൊണ്ട് 18 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. എട്ടു സംസ്ഥാനങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളില്‍ ജനപ്രതിനിധികളെ വിജയിപ്പിക്കാനും പാര്‍ട്ടിക്കു സാധിച്ചു. അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരേയുള്ള ശക്തമായ നിലപാടുകളും അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ മോചനത്തിനുവേണ്ടിയുള്ള സമരപോരാട്ടങ്ങളിലെ സത്യസന്ധതയുമാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ പാര്‍ട്ടിയെ ജനകീയമാക്കിയത്. കേരളത്തില്‍ ഇരുമുന്നണികളും സ്വീകരിച്ചുവരുന്ന സഹകരണ രാഷ്ട്രീയത്തെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാണിക്കുകയും മുന്നണികള്‍ വച്ചുനീട്ടുന്ന അപ്പക്കഷണങ്ങളെ അവഗണിച്ചു കൊണ്ട് ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്യുന്നു എന്നത് ഇവരില്‍ അലോസരം സൃഷ്ടിക്കുന്നുണ്ട്. യുഡിഎഫും എല്‍ഡിഎഫും യോജിപ്പിലെത്തിയെങ്കിലും ജനങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തുന്ന ആതിരപ്പിള്ളി പദ്ധതി, ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി, വിഴിഞ്ഞം പദ്ധതി, 30 മീറ്ററില്‍ ആറുവരിപ്പാത പണിയാമെന്നിരിക്കെ നാലുവരിപ്പാതയ്ക്കു വേണ്ടി 45 മീറ്റര്‍ ഏറ്റെടുക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ ജനങ്ങളുടെ പ്രതിഷേധത്തിന് കരുത്തുപകര്‍ന്ന് എസ്ഡിപിഐ സമരരംഗത്ത് സജീവമാണ്. യുഡിഎഫും എല്‍ഡിഎഫും ബിജെപിയും അനുകൂലമായിട്ടും ഈ പദ്ധതികള്‍ സാധാരണക്കാരുടെ പ്രതിഷേധങ്ങള്‍ മൂലം നടപ്പാക്കാന്‍ സാധിക്കുന്നില്ല. ഈ സമരങ്ങള്‍ക്ക് എസ്ഡിപിഐ നല്‍കുന്ന പിന്തുണയാണ് പാര്‍ട്ടിക്കെതിരേ രംഗത്തുവരാന്‍ ഇവരെ പ്രചോദിപ്പിക്കുന്ന ഘടകം. ഇത് കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും.
എസ്ഡിപിഐ അതിന്റെ പ്രവര്‍ത്തകര്‍ക്ക് മറ്റു പാര്‍ട്ടി പ്രവര്‍ത്തകരെ ശാരീരികമായി ഉന്മൂലനം ചെയ്യാനോ അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കാനോ പരിശീലനം നല്‍കുന്നില്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ അക്രമങ്ങളെ നേരിട്ട സന്ദര്‍ഭങ്ങളില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അദ്ഭുതകരമായ രീതിയില്‍ ആത്മരക്ഷാര്‍ഥം പ്രതികരിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ പരിശീലനമാവില്ല. നിശ്ചയദാര്‍ഢ്യവും പോരാട്ടവീര്യവുമാണ് എന്നു മനസ്സിലാക്കണം. ജനാധിപത്യത്തിന്റെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തി പട്ടിണിയില്‍ നിന്നും ഭയത്തില്‍ നിന്നും മോചനം ലഭ്യമാവുന്ന, അസമത്വങ്ങളും വിവേചനങ്ങളുമില്ലാത്ത, അഴിമതി മുക്തമായ ഒരിന്ത്യയുടെ സൃഷ്ടിപ്പാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
ഐഎസ്‌ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന പാര്‍ട്ടിയാണ് എസ്ഡിപിഐ എന്ന മുസ്‌ലിംലീഗ് എംഎല്‍എയുടെ പ്രസ്താവന, പേമെന്റ് സീറ്റ് വിവാദത്തില്‍ നിന്നു ശ്രദ്ധതിരിക്കാനും സ്വയം അറിയപ്പെടാനുള്ള വ്യഗ്രതയും മാത്രമാണ്. ചുവപ്പിനും കാവിക്കും പലപ്പോഴും ഒരേ രൂപവും ഭാവവുമുള്ള നാദാപുരം മേഖലയില്‍ യാദൃച്ഛികമായുണ്ടായ ദൗര്‍ഭാഗ്യകരമായ ഒരു സംഭവം നാട്ടുകാര്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചതും ഐഎസ് റിക്രൂട്ട്‌മെന്റ് കഥ കൊണ്ട് പൊലിപ്പിച്ചുനിര്‍ത്തിയതും ആരെ സന്തോഷിപ്പിക്കാനാണ് എന്നു തിരിച്ചറിയേണ്ടതുണ്ട്.
1977 മാര്‍ച്ച് 30ന് പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം അവസാനിപ്പിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രി കരുണാകരനെ ചില കാര്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടാണ്. ”ഇത് രാഷ്ട്രീയമാണ്. പറയുന്ന കാര്യങ്ങള്‍ വളരെ ശക്തിയായി പറയും. അത് പോലിസിനെ വിട്ടു തല്ലി ശരിപ്പെടുത്തിക്കളയാമെന്നാണെങ്കില്‍ അതു നടക്കുകയില്ല. അത് എല്ലാകാലത്തും ഈ രാജ്യത്തിലെ ബഹുജനപ്രസ്ഥാനം നേരിട്ടിട്ടുണ്ട്. ആ അനുഭവം കരുണാകരന്‍ ഓര്‍ക്കണം. ഇത്തരം പോലിസ് മന്ത്രിമാര്‍ക്ക്, പോലിസിനെ വിട്ട് ആക്രമണം നടത്തിയ ആളുകള്‍ക്ക് ഈ നാട്ടില്‍ എന്തു സംഭവിച്ചു. കേരളത്തില്‍ എന്തു സംഭവിച്ചു എന്നുള്ള കാര്യം കരുണാകരന്‍ ഓര്‍ക്കണം. അതനുസരിച്ചു ഭരണം നടത്തണമെന്നു മാത്രമേ എനിക്കു പറയാനുള്ളൂ.” കാര്യങ്ങള്‍ നേര്‍ക്കു നേരെ പറയുന്ന രാഷ്ട്രീയത്തിന്റെ പ്രസക്തി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ആടിനെ പട്ടിയാക്കാനുള്ള തീവ്രശ്രമത്തില്‍ മുഖ്യമന്ത്രിക്ക് സ്വന്തം വാക്കുകളെങ്കിലും ഓര്‍മയുണ്ടാവണമെന്ന് ഓര്‍മപ്പെടുത്തട്ടെ.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss