|    Aug 23 Wed, 2017 9:48 am

മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറരുത്: രമേശ് ചെന്നിത്തല

Published : 10th January 2017 | Posted By: fsq

 

തൃശൂര്‍: ജനാധിപത്യസംവിധാനത്തില്‍ മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറരുതെ ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിസിസി ഓഫിസില്‍ ചേര്‍ന്ന യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ലഭിക്കുന്ന പരാതികള്‍ തലയിണയ്ക്കടിയില്‍ വച്ച് ഉറങ്ങുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഇന്നലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ പരാതി കേള്‍ക്കാനായി നടത്തിയ ചര്‍ച്ചയില്‍ അവരെ വിരട്ടുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയും തന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തുന്നുവെന്ന വിജിലന്‍സ് ഡയറക്ടറുടെ പരാതിയും അന്വേഷിക്കണം. യുഡിഎഫ് എവിടേയും കക്ഷിചേരുന്നില്ല. സംസ്ഥാനത്ത് ഭരണം സ്തംഭിച്ച അവസ്ഥയാണ്. ഐപിഎസ് ഉദ്യോഗസ്ഥര്‍ അമര്‍ഷത്തിലാണ്. കണ്‍ഫര്‍ ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥരെയാണ് 14 ജില്ലകളിലും റൂറല്‍ എസ്പിമാരായി നിയമിച്ചിരിക്കുന്നത്. കണ്‍ഫര്‍ ചെയ്തവരെ ജില്ലാ പോലിസ് മേധാവികളായി നിയമിക്കുക പതിവുണ്ടെങ്കിലും കൃത്യമായ അനുപാതം നിലനിര്‍ത്തണം. സ്ത്രീസുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ സംസ്ഥാനത്തെ സീനിയറായ മൂന്ന് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെ ഉന്നതസ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കുകയാണ് ചെയ്തത്. സംസ്ഥാനഭരണത്തിന് നാഥനില്ലാതായി. കാര്യക്ഷമതയില്ലാത്ത ഭരണത്തിന്റെ കെടുതികളാണ് കേരളം അനുഭവിക്കുന്നത്. കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയായി മാറി. നിരവധിപേരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അതേസമയം ആര്‍ എസ്എസ്‌കാര്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ നടപടിയുമില്ല. യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ പി പി തങ്കച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സിഎച്ച് റഷീദ്, ജനതാദള്‍ യു ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറേലി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.ആര്‍ ഗിരിജന്‍, സിഎംപി ജില്ലാ സെക്രട്ടറി പിആര്‍എന്‍ നമ്പീശരന്‍, ആ ര്‍എസ്പി ജില്ലാ സെക്രട്ടറി എഎം അനില്‍കുമാര്‍, മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് ടിഎന്‍ പ്രതാപന്‍, അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, വി ബാലറാം, ടി.യു രാധാകൃഷ്ണന്‍, ടിവി ചന്ദ്രമോഹന്‍, എംകെ പോള്‍സണ്‍ മാസ്റ്റര്‍, ഇപി കമറുദ്ദീന്‍, എംഎ പൗലോസ്, അജിത്, എംപി ഭാസ്‌കരന്‍ നായര്‍, ഒഅബ്ദുറഹിമാന്‍കുട്ടി, പിഎ മാധവന്‍,എംപി വിന്‍സെന്റ് പങ്കെടുത്തു. തൃശൂര്‍: വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയാണ് യുവതലമുറ ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മൈക്രോ ടെക് ഇവന്റ്‌സ് പുഴയ്ക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെ ന്ററില്‍ സംഘടിപ്പിച്ച എംബിഎ ജേര്‍ണി എഡ്യു എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ സമസ്തമേഖലകളിലും വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഠിനപ്രയത്‌നം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു. മൈക്രോടെക് ചെയര്‍മാന്‍ ഷിബു കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, മുന്‍ പ്രസിഡന്റ് ഒ അബ്ദുറഹിമാന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. മൈക്രോടെക്കിന്റെ എഡ്യുപ്രെനര്‍ അവാര്‍ഡ് ഡോ. രാജു ഡേവീസ് പെരേപ്പാടന് പ്രതിപക്ഷ നേതാവ് സമ്മാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക